'എനിക്കൊരു അവസരം കൂടി തരൂ': സങ്കടത്തോടെ കരുൺ നായരുടെ ട്വീറ്റ്
|സർവിസസിനും പോണ്ടിച്ചേരിക്കുമെതിരായ രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസിഎ) ടീമിനെ പ്രഖ്യാപിച്ച ദിവസമായിരുന്നു കരുൺ നായരുടെ ട്വീറ്റ്.
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാം ട്രിപ്പിൾ സെഞ്ചുറി നേടിയ താരമാണ് മലയാളി കൂടിയായ കരുൺ നായർ. വിസ്മൃതിയിലേക്ക് പോയ കരുണ്‍ ഇപ്പോള്‍ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ ഒരു ട്വീറ്റാണ് ഇതിനു വഴിയൊരുക്കിയത്.
തനിക്ക് ഒരവസരം കൂടി നൽകണമെന്നായിരുന്നു കരുൺ നായരുടെ ട്വീറ്റ്. സർവിസസിനും പോണ്ടിച്ചേരിക്കുമെതിരായ രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസിഎ) ടീമിനെ പ്രഖ്യാപിച്ച ദിവസമായിരുന്നു കരുൺ നായരുടെ ട്വീറ്റ്.
ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ കരുണിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. ടീമിൽ ഇടംകിട്ടുമെന്ന് കരുൺ പ്രതീക്ഷിച്ചിരുന്നു. 6 ടെസ്റ്റ് കളിച്ചിട്ടുള്ള കരുണിന്റെ ബാറ്റിങ് ശരാശരി 62 ആണ്. 2016 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ചെന്നൈ ടെസ്റ്റിലാണു കരുൺ 303 റൺസ് സ്കോർ ചെയ്തത്. 2018 വരെ അദ്ദേഹം ടെസ്റ്റ് ടീമിന്റെ ഭാഗമായി തുടർന്നു. ആ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി, അതിനുശേഷം കരുൺ നായരെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടില്ല.
Dear cricket, give me one more chance.🤞🏽
— Karun Nair (@karun126) December 10, 2022
നേരത്തേ നടന്ന വിജയ് ഹസാരെ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയില്‍ കരുണ്‍ കര്‍ണാടക ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ രഞ്ജി ട്രോഫിയില്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ കരുണ്‍ തഴയപ്പെട്ടത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ ട്വീറ്റ്.