ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി; പാകിസ്താന്റെ ജയം 13 റൺസിന്
|പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 124 റൺസിന് എല്ലാവരും പുറത്തായി
ധാക്ക: ഏഷ്യാകപ്പിൽ തുടരെ നാലാം ജയം തേടി ഇറങ്ങിയ ഇന്ത്യക്ക് നിരാശ. പാകിസ്താൻ വനിതകൾ ഇന്ത്യയെ 13 റൺസിനാണ് തോൽപ്പിച്ചത്. പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 124 റൺസിന് എല്ലാവരും പുറത്തായി.
13 പന്തിൽ നിന്ന് 26 റൺസ് എടുത്ത റിച്ചാ ഘോഷ് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യൻ സ്കോർ 23ൽ എത്തിയപ്പോൾ തന്നെ ഓപ്പണർ മേഘ്നയെ പാകിസ്താൻ മടക്കി. സ്കോർ ബോർഡിൽ 6 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 2 റൺസെടുത്ത ജെമിമയാണ് മടങ്ങിയത്.
പിന്നീട് കരുതലോടെ സ്മൃതി മന്ദാനയും ഹേമലതയും ബാറ്റുവീശിയെങ്കിലും സ്കോർ 50 ൽ എത്തിനിൽക്കെ മന്ദാന പുറത്തായി. 17 റൺസ് എടുത്താണ് മന്ദാന പുറത്തായത്. പിന്നീടെത്തിയ ബാറ്റർമാരെല്ലാം സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഇടക്കിടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താനായി നഷ്ര സന്ദു മൂന്നും നിദ ദാർ,സാദിയ ഇക്ബാൽ എന്നിവർ രണ്ട് വിക്കറ്റുനേടിയപ്പോൾ ഐമാൻ അൻവർ,തൂബാ ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താൻ നിദാ ദാറിന്റെ അർധ ശതകത്തിന്റെ ബലത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് എടുത്തത്. 37 പന്തിൽ നിന്ന് 5 ഫോറും ഒരു സിക്സും നേടിയാണ് നിദ 56 റൺസ് എടുത്തത്.
35 പന്തിൽ നിന്ന് 32 റൺസ് നേടിയ ക്യാപ്റ്റൻ ബിസ്മ മാറൂഫ് ആണ് പാകിസ്താന്റെ രണ്ടാമത്തെ ടോപ് സ്കോറർ. ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റും പൂജാ വസ്ത്രാക്കർ രണ്ട് വിക്കറ്റും രേണുക സിങ് ഒരു വിക്കറ്റും വീഴ്ത്തി. തോൽവി വഴങ്ങിയെങ്കിലും നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി 6 പോയിന്റോടെ പട്ടികയിൽ ഇന്ത്യ ഒന്നാമതാണ്. പാകിസ്താനാണ് രണ്ടാമത്.