എന്തുകൊണ്ട് കെ.എൽ രാഹുലും റിങ്കു സിങ്കുമില്ല; വിശദീകരണവുമായി അഗാർക്കറും രോഹിത് ശർമയും
|ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിൽ വിശദീകരണവുമായി ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ഇന്ത്യൻ നായകൻ രോഹിത് ശർമയും. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇരുവരും ടീം പ്രഖ്യാപനത്തെ തുടർന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
വിരാട് കോഹ്‍ലിയുടെ സ്ട്രൈക്ക് റൈറ്റ് ?
ഞങ്ങളതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. അയാൾ ഐ.പി.എല്ലിൽ മികച്ച ഫോമിലാണ്. ഐ.പി.എല്ലും അന്താരാഷ്ട്ര ട്വന്റി 20യും തമ്മിൽ മാറ്റമുണ്ട്. ഇവിടെ എക്സ്പീരിയൻസ് പ്രധാനമാണ്.
(അജിത് അഗാർക്കർ)
എന്തുകൊണ്ട് കെ.എൽ രാഹുലില്ല?
കെ.എൽ രാഹുൽ മികച്ച കളിക്കാരനാണ്. നമുക്ക് വേണ്ടത് മധ്യനിരയിൽ ബാറ്റ് ചെയ്യുന്നവരെയാണ്. രാഹുൽ ഇപ്പോൾ ടോപ്പ് ഓർഡറിലാണ് ബാറ്റ് ചെയ്യുന്നത്. പന്തും സഞ്ജുവും അതിഗംഭീരമായി കാര്യങ്ങൾ ചെയ്യുന്നു. ഉള്ള സ്ളോട്ടുകൾക്കനുസരിച്ചാണ് സെലക്ഷൻ. അവർ രണ്ടുപേരും ഞങ്ങൾക്ക് പെർഫെക്ടാണ്. (അജിത് അഗാർക്കർ)
റിങ്കുസിങ്ക് എന്തുകൊണ്ട് ഉൾപ്പെട്ടില്ല?
ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനം അതായിരുന്നു. ഗില്ലിന്റെ കാര്യവും സമാനം തന്നെ. ഇത് നിർഭാഗ്യമാണ്. നമുക്ക് രണ്ട് മികച്ച കീപ്പർമാരുണ്ട്. പിന്നെ വേണ്ടത് അധിക ബൗളിങ് ഓപ്ഷനാണ്. എല്ലാത്തിനുപരിയായി നമുക്ക് വെറും 15 പേരെയല്ലേ തെരഞ്ഞെടുക്കാൻ പറ്റൂ. (അജിത് അഗാർക്കർ)
ശിവം ദുബെയുടെ സെലക്ഷൻ എന്തുകൊണ്ട്?
ശിവം ദുബെയുടെ ഐ.പി.എൽ പെർഫോമൻസും ദേശീയ ടീമിൽ നടത്തിയ പ്രകടനങ്ങളും കണ്ടാണ് തെരഞ്ഞെടുത്തത്. പക്ഷേ േപ്ലയിങ് ഇലവൻ എന്താകുമെന്നതിനെക്കുറിച്ച് ഒരുറപ്പുമില്ല. പരിശീലനത്തിന്റെയും എതിരാളികളുടെയും അടിസ്ഥാനത്തിലാകും ഫൈനൽ ടീം. ശിവം ദുബെ ഐ.പി.എല്ലിൽ ബൗൾ ചെയ്തില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ നന്നായി ബൗൾ ചെയ്തിരുന്നു. എങ്ങനെ ബൗൾ ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. (രോഹിത് ശർമ)
ഹാർദിക് പാണ്ഡ്യയുടെ മോശം ഫോം പ്രശ്നമാകില്ലേ?)
വൈസ് ക്യാപ്റ്റൻസിയെക്കുറിച്ച് ഒരു ചർച്ചയുമില്ല. ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഹാർദിക് ചെയ്യുന്നതിനെ റിേപ്ലസ് ചെയ്യാനാകില്ല. അയാൾ ഒരു ക്യാപ്റ്റന് ഒരുപാട് ഓപ്ഷനുകൾ നൽകുന്നുണ്ട്. അയാൾ ഒരു നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയതല്ലേയുള്ളൂ. (അജിത് അഗാർക്കർ
േപ്ലയിങ് ഇലവൻ എങ്ങനെയാകും?
മധ്യ ഓവറുകളിൽ റൺസുയർത്തിനെക്കുറിച്ചാണ് ആലോചിക്കുന്നത്. നമ്മുടെ ടോപ്പ് ഓർഡർ ശരിയാണ്. അവിടെ ഓപ്ഷൻസുണ്ട്. ഐ.പി.എല്ലിൽ ചെയ്തതും മുമ്പ് ചെയ്തതും കണ്ടാണ് ശിവം ദുബെയെ എടുത്തത്. അവസാനത്തെ 11 പേരെ തെരഞ്ഞെടുക്കുന്നതിന് ഒരുപാട് കൂടിയാലോചനകൾ വേണം. കുറച്ച് ഐ.പി.എൽ പ്രകടനങ്ങൾ മാത്രം കണ്ട് പ്ലാനുകൾ മാറ്റാനാകില്ല. (രോഹിത് ശർമ)