ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇന്ത്യ; ഏഴുവിക്കറ്റ് നഷ്ടം
|ഇന്ത്യക്കായി സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് മേൽക്കൈ. ഹൈദരാബാദ് ഉപ്പൽ രാജീവ് ഗാന്ധി ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ സന്ദർശകരുടെ ഏഴുവിക്കറ്റ് നഷ്ടമായി. ജോ റൂട്ട് 29 റൺസെടുത്തും ജോണി ബെയിസ്റ്റോ 37 റൺസെടുത്തും പുറത്തായി. ഓപ്പണർ ബെൻ ഡെക്കറ്റ് 35 റൺസ് നേടി. ഇന്ത്യക്കായി സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ജസ്പ്രീത് ബുമ്ര ഒരുവിക്കറ്റ് നേടി.
ഓപ്പണിങ് വിക്കറ്റിൽ സാക്ക് ക്രോളി-ബെൻ ഡക്കറ്റ് സഖ്യം 55 റൺസടിച്ച് ഇംഗ്ലണ്ടിന് ബാസ്‌ബോൾ ശൈലിയിൽ മികച്ച തുടക്കമാണ് നൽകിയത്. മുഹമ്മദ് സിറാജ് നാല് ഓവറിൽ 28 റൺസ് വഴങ്ങി. ഇതോടെ നായകൻ ഇന്ത്യൻ സ്പിൻ ത്രയങ്ങളെ ബൗളിങ് ഏൽപ്പിക്കുകയായിരുന്നു. ഓപ്പണർമാരെ പുറത്താക്കി അശ്വിൻ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 161-7 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സും ടോം ഹാർട് ലിയുമാണ് ക്രീസിൽ.
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് വിട്ടു നിൽക്കുന്ന വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യർ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. കെ.എസ് ഭരത് വിക്കറ്റ്കീപ്പറായി സ്ഥാനം പിടിച്ചു. ഇന്ത്യൻ ടീമിലേതിന് സമാനമായി മൂന്ന് സ്പിന്നർമാരെ ഇംഗ്ലണ്ടും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.