സഞ്ജുവോ തിലക് വർമയോ പുറത്തേക്ക് ; നിർണായക മാച്ചിൽ മാറ്റത്തിന് ടീം ഇന്ത്യ
|കുൽദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലും പേസർ മുകേഷ് കുമാറിന് പകരം ആകാഷ്ദീപും ഇടംപിടിച്ചേക്കും
ജോഹനസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ കിരീടനിർണയ മത്സരം ഇന്ന് നടക്കാനിരിക്കെ കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. മലയാളിതാരം സഞ്ജു സാംസണെയോ തിലക് വർമയെയോ പുറത്തിരുത്തിയാകും ഇന്ത്യ ഇറങ്ങുക. ആദ്യ മത്സരത്തിലെ വമ്പൻ ജയത്തിന്റെ ആത്മവിശ്വാസവുമായി രണ്ടാം മാച്ചിനിറങ്ങിയ കെ.എൽ രാഹുൽ ടീം വൻ മാർജിനിൽ തോറ്റിരുന്നു. മധ്യനിരയിലെ പ്രശ്നങ്ങളാണ് ടീമിന് തിരിച്ചടിയായത്.
ആദ്യമത്സരത്തിൽ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ഒരവസരം കൂടി നൽകാൻ മാനേജ്മെന്റ് തയാറായാൽ തിലക് വർമ്മ അവസരം നഷ്ടമാകും. രജത് പടീദാർ പകരമെത്തും. അങ്ങനെയെങ്കിൽ സഞ്ജുവിന് ബാറ്റിംഗിൽ സ്ഥാനകയറ്റം ലഭിക്കാനുമിടയുണ്ട്. സഞ്ജു നേരത്തെ മികവ് പുലർത്തിയ മൂന്നാം സ്ഥനത്താകും ഇറങ്ങുക.
ഏകദിനത്തിൽ സമീപകാലത്ത് മികച്ച ശരാശരിയിൽ ബാറ്റ് വീശിയ സഞ്ജുവിനെ മാറ്റിനിർത്തുന്നത് വിമർശനത്തിന് ഇടയാക്കുമെന്നതിനാൽ മൂന്നാം ഏകദിനത്തിലും ഇടം നൽകിയേക്കും. അടുത്തവർഷം ടി20 ലോകകപ്പ് വരുന്നതിനാൽ ഇനി ഏകദിന മത്സരങ്ങൾ അധികം കളിക്കാനിടയില്ല. അതിനാൽ ഇന്നത്തെ മത്സരം സഞ്ജുവിന് നിർണായകമാകും. ബാറ്റിംഗിന് പുറമെ ബൗളിംങിലും അഴിച്ചുപണിക്കാണ് ടീം ശ്രമിക്കുന്നത്.
സ്പിന്നർ കുൽദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലും പേസർ മുകേഷ് കുമാറിന് പകരം ആകാശ്ദീപും ഇടംപിടിച്ചേക്കും. കെ.എൽ രാഹുലിന് കീഴിൽ ഇതുവരെ പരമ്പര നഷ്ടമായില്ലെന്ന നേട്ടം നിലനിർത്താനാകും ഇന്ത്യ ഇന്നിറങ്ങുക.