Cricket
158 റണ്‍സിനപ്പുറം രാജസ്ഥാന് ഫൈനല്‍; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്...
Cricket

158 റണ്‍സിനപ്പുറം രാജസ്ഥാന് ഫൈനല്‍; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്...

Web Desk
|
27 May 2022 3:52 PM GMT

മൂന്ന് വീതം വിക്കറ്റെടുത്ത മക്കോയും പ്രസീദ് കൃഷണയുമാണ് ബാംഗ്ലൂര്‍ ഇന്നിങ്സിന് കടിഞ്ഞാണിട്ടത്.

അവസാന ഓവറുകളില്‍ ബൌളര്‍മാര്‍ കളം പിടിച്ചതോടെ രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോര്‍ മാത്രം. രണ്ടാം ക്വാളിഫയറിലും തകര്‍പ്പന്‍ പ്രകടനത്തോടെ പഠീദാര്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ കവാത്ത് മറക്കുകയായിരുന്നു. ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ പോയപ്പോള്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ ഇന്നിങ്സ് 158 റണ്‍സില്‍ അവസാനിച്ചു.

ടോസ് നേടി ബാംഗ്ലൂരിനെ ബാറ്റിങിനയച്ച സഞ്ജുവിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ആദ്യ ഓവറുകളില്‍ രാജസ്ഥാന്‍ ബൌളര്‍മാരുടെ പ്രകടനം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ രണ്ടാം ഓവറില്‍ പ്രസീദ് കൃഷ്ണ പുറത്താക്കി. ഏഴ് റണ്‍സുമായി സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് കോഹ്‍ലി മടങ്ങിയത്. എന്നാല്‍ ആദ്യ വിക്കറ്റ് വീണതിന്‍റെ ക്ഷീണമൊന്നും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബാംഗ്ലൂരിന്‍റെ കളിയില്‍ കണ്ടില്ല. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ രജിത് പഠീദാറും ക്യാപ്റ്റന്‍ ഡുപ്ലസിയും ചേര്‍ന്ന് ബാംഗ്ലൂര്‍ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു.

11 ആം ഓവറില്‍ ഡുപ്ലസിയെ മടക്കി മക്കോയി രാജസ്ഥാന് ബ്രേക് ത്രൂ നല്‍കി. പിന്നീടെത്തിയ മാക്സ്വെല്‍ തകര്‍പ്പനടി കാഴ്ചവെച്ചെങ്കിലും ടീം സ്കോര്‍ ലെത്തിയപ്പോഴേക്കും മാക്സ്വെല്‍ വീണു. 13 പന്തില്‍ 24 റണ്‍സെടുത്താണ് മാക്സ്വെല്‍ മടങ്ങിയത്. തൊട്ടുപിന്നാലെ അര്‍ധസെഞ്ച്വറി നേടിയ പഠീദാറും വീണു. പന്തില്‍ 42 പന്തില്‍ 58 റണ്‍സ് നേടിയ ശേഷമായിരുന്നു പഠീദാറുടെ മടക്കം. പിന്നീട് കളി ബാംഗ്ലൂരിന്‍റെ കൈവിട്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ദിനേഷ് കാര്‍ത്തിക്കും ഹസരങ്കയും ഹര്‍ഷല്‍ പട്ടേലുമെല്ലാം അതിവേഗം മടങ്ങി. മൂന്ന് വീതം വിക്കറ്റെടുത്ത മക്കോയും പ്രസീദ് കൃഷണയുമാണ് ബാംഗ്ലൂര്‍ ഇന്നിങ്സിന് കടിഞ്ഞാണിട്ടത്.

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ബാംഗ്ലൂരിനെതിരെ ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് ലഭിച്ചതോടെ കളിക്കുമുമ്പ് രാജസ്ഥാന്‍റെ ഭാഗ്യജാതകം തെളിഞ്ഞുവെന്നാണ് ആരാധകര്‍ കരുതുന്നത്. ഈ സീസണില്‍ വെറും മൂന്നാം തവണ മാത്രമാണ് രാജസ്ഥാന്‍ ടോസില്‍ വിജയിക്കുന്നത്. ആദ്യ പ്ലേ ഓഫ് ഉള്‍പ്പടെ ഈ സീസണില്‍ രാജസ്ഥാന്‍ തോറ്റ ആറ് മത്സരങ്ങളില്‍ അഞ്ചിലും രാജസ്ഥാന് ടോസ് നഷ്ടപ്പെട്ടിരുന്നു. 16 മത്സരങ്ങളില്‍ നിന്നായി 13 ടോസുകളിലാണ് സഞ്ജു ഇതുവരെ പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്നത്തെ ടോസ് വിജയം നിര്‍ണായകമായാണ് രാജസ്ഥാന്‍ ക്യാമ്പ് കാണുന്നത്.

Similar Posts