Cricket
IPL 2023: The Return Of Mohit Sharma, Ajinkya Rahane, Piyush Chawla
Cricket

എഴുതിത്തളളിയവർ സ്റ്റാറായ സീസൺ; അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയ താരങ്ങൾ

Web Desk
|
29 May 2023 2:05 PM GMT

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളായി ഒരുപിടി താരങ്ങൾ ഇത്തവണയുണ്ടായി. എന്നാൽ ഈ സീസണിലെ മറ്റൊരു പുതുമ ചില പഴയ താരങ്ങളുടെ മികച്ച പ്രകടനമാണ്

ഐപിഎൽ2023 സീസണിന് ഇന്നത്തെ ഫൈനലോടെ തിരശീല വീഴും. മഴ ഭീഷണി ഒഴിവായ അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും കിരീടത്തിനായി ഏറ്റുമുട്ടുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളായി ഒരുപിടി താരങ്ങൾ എല്ലാ സീസണുകളുമെന്ന പോലെ ഇത്തവണയും ഉണ്ടായി. എന്നാൽ ഈ സീസണിലെ മറ്റൊരു പുതുമ ചില പഴയ താരങ്ങളുടെ മികച്ച പ്രകടനമാണ്. ലേലത്തിൽ അങ്ങനെ ആവശ്യക്കാരുണ്ടാവാതിരുന്ന ഇവർ അപ്രതീക്ഷിത തിരിച്ചുവരവാണ് നടത്തിയത്.

1. മോഹിത് ശർമ


ഫൈനലിലെത്തിയ ഗുജറാത്തിന്റെ പേസർ നിരയിലെ മിന്നും താരമാണ് മോഹിത് ശർമ. അവസാന സീസണിൽ നെറ്റ് ബൗളറായ മോഹിതിന് ഇപ്രാവിശ്യം അവസരം നൽകുകയായിരുന്നു. 13 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റാണ് താരത്തിന്റെ സംഭാവന. മുംബൈയുടെ ഫൈനൽ മോഹം തല്ലിക്കെടുത്തിയതും മോഹിത് തന്നെയായിരുന്നു. ഈ സീസണിൽ അഞ്ച് വിക്കറ്റ് നേട്ടവും തന്റെ പേരിലാക്കി മോഹിത് അതിഗംഭീര തിരിച്ചുവരവ് നടത്തി.

2. പിയൂഷ് ചൗള


മുംബൈ സ്പിന്നർ പിയൂഷ് ചൗളയുടെ പ്രകടനമാണ് ക്രിക്കറ്റ് ആരാധകരെ പോലും ഞെട്ടിച്ചത്. ഇത് പിയൂഷിന്റെ സീസണാണ് എന്നായിരുന്നു പലരും വിലയിരുത്തിയത്. ഞാനന്റെ മകന് വേണ്ടിയാണ് ഇപ്പോൾ ബോളെറിയുന്നതെന്ന് ചൗള പറഞ്ഞത്. 16 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റാണ് താരത്തിന്റെ സംഭാവന.

3. ഇഷാന്ത് ശർമ


ടെസ്റ്റ് ബൗളറാണെന്ന വിളിപ്പേര് തുടരെ തുടരെ കേട്ട പ്ലയറാണ് ഇശാന്ത് ശർമ. എന്നാൽ 2023ലെ ഐപിഎൽ സീസൺ ഇഷാന്ത് മികച്ച ടി20 ബൗളറാണ് താനെന്ന് തെളിയിക്കുന്ന പ്രകടനം പുറത്തെടുത്തിരുന്നു. പോയന്റ് ടേബിളിൽ ഡൽഹി നിരാശ സമ്മാനിച്ചെങ്കിലും ബൗളർ എന്ന നിലയിൽ ഇശാന്ത് തിളങ്ങി. എട്ട് മത്സരങ്ങളിൽ നിന്നായി 10 വിക്കറ്റാണ് താരം നേടിയത്. ഗുജറാത്തിനെതിരെയുളള മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ ഇശാന്തിന്റെ ബൗളിങ് മികവിൽ 5 റൺസിന്റെ ജയം ഡൽഹി നേടിയിരുന്നു.

4. അജിൻക്യാ രഹാനെ


മുൻ രാജസ്ഥാൻ നായകനായ രഹാനെയുടെ ക്രിക്കറ്റ് ലൈഫ് അവസാനിച്ചെന്നാണ് ആരാധകരും കരുതിയത്. പക്ഷേ നിലവിലെ സീസൺ രഹാനെയുടേത് കൂടിയാണ്. ഫൈനലിലെത്തിയ ചെന്നൈയുടെ പ്രധാന ബാറ്റർമാരിൽ ഒരാളായി പ്രകടനം കൊണ്ട് രഹാനെ മാറിയിട്ടുണ്ട്. മെല്ലേപോക്കാണ് രഹാനയുടെ ബാറ്റിങ് എന്ന് വിമർശിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുക്കാനും രഹാനയ്ക്കായി. 13 മത്സരങ്ങളിൽ നിന്ന് 299 റൺസാണ് താരം അടിച്ചെടുത്തത് 166ന് മുകളിലാണ് സ്‌ട്രൈക്ക് റേറ്റ്.

5.സന്ദീപ് ശർമ


ഡിസംബറിൽ നടന്ന ലേലത്തിൽ ആർക്കും വേണ്ടാത്ത താരമായിരുന്നു സന്ദീപ്. എന്നാൽ ഫാസ്റ്റ് ബൗളർ പ്രസിദ് കൃഷ്ണ പരിക്ക് കാരണം പുറത്തായപ്പോൾ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് താരത്തെ സ്വന്തമാക്കിയത്. രാജസ്ഥാന്റെ ആ തീരുമാനം തെറ്റിയില്ല മികച്ച രീതിയിലാണ് സന്ദീപ് ഇപ്രാവശ്യം പന്തെറിഞ്ഞത്. ഈ സീസണിൽ 12 കളിയിൽ നിന്നായി 10 വിക്കറ്റാണ് താരം നേടിയത്. ചെന്നൈക്കെതിരായ മത്സരത്തിൽ താരത്തിന്റെ പ്രകടനവും കയ്യടി നേടി. എന്നാൽ രാജസ്ഥാൻ ജയിച്ച ഒരു മത്സരം സന്ദീപ് എറിഞ്ഞ നോബോളോടെ കൈവിട്ടുപോയതും ഈ സീസണിൽ സംഭവിച്ചു.

Related Tags :
Similar Posts