'ക്യാപ്റ്റൻ മാറ്റം ആദ്യ സംഭവമൊന്നുമല്ല'; ഹാർദികിനെതിരായ പ്രതിഷേധം അതിരുവിട്ടതെന്ന് ആർ അശ്വിൻ
|സച്ചിൻ ടെണ്ടുൽക്കർ സൗരവ് ഗാംഗുലിക്ക് കീഴിൽ കളിച്ചു, ഇവർ രണ്ടുപേരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിലിയിൽ ഇറങ്ങി
മുംബൈ: മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ നടക്കുന്ന ചേരിതിരിവിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. ഹാർദികിനെതിരെ ആദ്യ മത്സരം മുതൽ ആരാധകരിൽ നിന്നുണ്ടാകുന്ന പ്രതിഷേധം അതിരുവിട്ടതാണെന്ന് വെറ്റററൻ സ്പിന്നർ പറഞ്ഞു. 'സിനിമാ സംസ്‌കാരത്തെ അനുസ്മരിപ്പിക്കും വിധമാണ് ഈയൊരു പെരുമാറ്റം.
ഇതിഹാസ താരങ്ങൾ മുൻപും ജൂനിയറായ ക്യാപ്റ്റൻമാർക്ക് കീഴിൽ കളിച്ചിട്ടുണ്ട്. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. സച്ചിൻ ടെണ്ടുൽക്കർ സൗരവ് ഗാംഗുലിക്ക് കീഴിൽ കളിച്ചു, ഇവർ രണ്ടുപേരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിലിയിൽ ഇറങ്ങി. ഈ മൂന്നുപേരും അനിൽകുംബ്ലെക്ക് കീഴിലും ഇറങ്ങി'. എം.എസ് ധോണി ഇന്ത്യൻ ക്യാപ്റ്റനായിരുന്നപ്പോൾ ഈ താരങ്ങളെല്ലാം കളിച്ചതും അശ്വൻ ഓർമിപ്പിച്ചു.
ഐപിഎലിലെ ആദ്യ മത്സരത്തിനിറങ്ങവെ ഹാർദിക് പാണ്ഡ്യ ആരാധകരുടെ കൂവൽ നേരിട്ടിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ താരത്തിന് നേരെ ഇത്തരമൊരു പ്രതിഷേധം കാണുന്നതെന്ന് കമന്റേറ്ററും മുൻ ഇംഗ്ലീഷ് താരവുമായ കെവിൻ പീറ്റേഴ്‌സൻ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.രണ്ടാം മത്സരത്തിനായി മുംബൈ ഇറങ്ങിയപ്പോൾ ഹൈദരാബാദിൽ വെച്ചും ആരാധകരിൽനിന്ന് കൂവൽ നേരിട്ടു. തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസുമായാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടിലും പ്രതിഷേധമുയരുമോയെന്ന ആശങ്കയിലാണ് ടീം മാനേജ്‌മെന്റ്.