'മുഖം കൊടുക്കാതെ രോഹിതും ഹാർദികും' ; മുംബൈ ഇന്ത്യൻസ് പരസ്യ വീഡിയോയിലും മറനീക്കി ഭിന്നത
|2013 മുതൽ 2023 വരെയായി ടീമിനെ നയിച്ച ഹിറ്റ്മാൻ അഞ്ചുതവണ മുംബൈയെ ഐപിഎൽ ചാമ്പ്യൻമാരുമാക്കിയിരുന്നു
മുംബൈ: ഐപിഎൽ മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് പുറത്തിറക്കിയ വീഡിയോയിലും രണ്ടു ദ്രുവങ്ങളിലായി ഹാർദിക് പാണ്ഡ്യയും രോഹിത് ശർമ്മയും. ക്യാപ്റ്റൻ ഹാർദികിനൊപ്പം ഇന്ത്യൻ ടീം നായകൻ രോഹിതിനും തുല്യ പ്രാധാന്യമാണ് നൽകിയതെങ്കിലും ഇരുവരുമൊന്നിച്ച് പ്രത്യക്ഷപ്പെടുന്നത് ഒരേയൊരു തവണ മാത്രമാണ്. വീഡിയോയുടെ അവസാന ഭാഗത്ത് അവസാനത്തിൽ ടീം അംഗങ്ങൾ ഒരുമിച്ചുള്ള ഫോട്ടോയിൽ ഇരുവരും ഒന്നിച്ചിരിക്കുന്നുണ്ടെങ്കിലും തമ്മിലുള്ള അകലം തെളിഞ്ഞു കാണാമായിരുന്നു. കഴിഞ്ഞ ദിവസമാണ് മുംബൈ സോഷ്യൽ മീഡിയ പേജുകളിലൂടെ വീഡിയോ പുറത്തുവിട്ടത്.
Har dhadkan, har dil ye bole 𝙈𝙪𝙢𝙗𝙖𝙞 𝙈𝙚𝙧𝙞 𝙅𝙖𝙖𝙣 🎶💙#OneFamily #MumbaiIndians #MumbaiMeriJaan pic.twitter.com/Z911mvKOI1
— Mumbai Indians (@mipaltan) March 18, 2024
മുംബൈ നഗരത്തിന്റെ മനോഹര കാഴ്ചകൾ ഉൾപ്പെടുത്തിയ വീഡിയോയുടെ ദൈർഘ്യം ഒരുമിനിറ്റ് 32 സെക്കന്റാണ്. ടീമിലെ പ്രധാന താരങ്ങളായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർക്കൊപ്പമാണ് ഹിറ്റ്മാൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ടീമിന്റെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും ടീം ഉടമ നിതാ അംബാനിയും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് നായക സ്ഥാനത്തുനിന്ന് രോഹിതിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ അവരോധിച്ചത്. ഗുജറാത്ത് ടൈറ്റൻസ് നായകനായ ഇന്ത്യൻ ഔൾറൗണ്ടറെ വലിയ തുക മുടക്കിയാണ് സർപ്രൈസ് നീക്കത്തിലൂടെ മുൻ ചാമ്പ്യൻമാർ കൂടാരത്തിലെത്തിച്ചത്.
ഭാവിയെ മുന്നിൽ കണ്ടുള്ള തീരുമാനമെന്നായിരുന്നു ടീം മാനേജ്‌മെന്റ് വിശദീകരണം. 2013 മുതൽ 2023 സീസണുകളിലായി ടീമിനെ നയിച്ച ഹിറ്റ്മാൻ എംഐയെ അഞ്ചുതവണ ഐപിഎൽ ചാമ്പ്യൻമാരുമാക്കിയിരുന്നു. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ രോഹിതിനെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് എന്തിന് മാറ്റിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പരിശീലകൻ മാർക്ക് ബൗച്ചർ മൗനം പാലിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഹാർദികും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.