Cricket
റാഞ്ചിയിലൂടെ ബൈക്കിൽ ധോണിയുടെ മാസ് എൻട്രി;അടുത്ത ഐ.പി.എല്ലിലുണ്ടാകുമോ- വീഡിയോ
Cricket

റാഞ്ചിയിലൂടെ ബൈക്കിൽ ധോണിയുടെ മാസ് എൻട്രി;അടുത്ത ഐ.പി.എല്ലിലുണ്ടാകുമോ- വീഡിയോ

Sports Desk
|
20 May 2024 2:32 PM GMT

ബെംഗളൂരുവിനെതിരായ തോൽവിക്ക് ശേഷം സി.എസ്‌.കെ ക്യാംപ് വിട്ട ആദ്യ താരം ധോണിയായിരുന്നു

റാഞ്ചി: നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. മത്സരത്തിന് ശേഷം ഇത് എം.എസ് ധോണിയുടെ അവസാന സീസൺ എന്ന നിലയിലും പ്രചരണമുണ്ടായി. എന്നാൽ ഇക്കാര്യത്തിൽ മുൻ സി.എസ്.കെ നായകനോ മാനേജ്‌മെന്റോ ഇതുവരെ പരസ്യനിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതോടെ വരും സീസണിലും മഹി മാജിക് കാണാനാകുമെന്ന വിശ്വാസത്തിലാണ് ആരാധകരും.

സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചകൾ നടക്കുന്നതിനിടെ താരത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. റാഞ്ചിയിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ധോണിയുടെ വീഡിയോയാണ് എക്‌സിൽ പ്രചരിക്കുന്നത്. ആരാധകരിലൊരാൾ മൊബൈലിൽ പകർത്തിയ വീഡിയോയിൽ താരം ഹെൽമെറ്റ് ധരിച്ച് തന്റെ ശേഖരത്തിലുള്ള പഴയ യമഹ ബൈക്കുമായാണ് നഗരത്തിലിറങ്ങിയത്. വീഡിയോയെടുക്കുന്ന താരത്തെ അഭിവാദ്യം ചെയ്താണ് ധോണി ഗെയിറ്റ് കടന്ന് വീട്ടിലേക്ക് പോയത്. ഐപിഎല്ലിൽ തുടരുമോയെന്ന കാര്യത്തിൽ ധോണി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ചെന്നൈ പ്ലേ ഓഫിൽ നിന്ന് പുറത്തായി രണ്ടു ദിവസം കഴിഞ്ഞിട്ടും ടീം സി.ഇ.ഒ കാശി വിശ്വനാഥും യാതൊരു അഭിപ്രായവും ഇതേ കുറിച്ച് പറഞ്ഞിട്ടില്ല. എല്ലാം ധോണി തീരുമാനിക്കും പോലെ എന്ന് മാത്രമാണ് ടീം മാനേജ്മെന്റിന്റെ ഔദ്യോഗിക മറുപടി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ തോൽവിക്ക് ശേഷം സിഎസ്‌കെ ക്യാംപ് വിട്ട ആദ്യതാരം ധോണിയാണ്. ബംഗളൂരുവിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് ധോണി റാഞ്ചിയിലേക്ക് പറന്നത്.

ആർക്കും പ്രവചിക്കാൻ കഴിയാത്തതാണ് കളത്തിനകത്തും പുറത്തും ധോണിയുടെ തീരുമാനങ്ങൾ. ഇന്ത്യൻ ടീമിൽ നിന്നുള്ള ധോണിയുടെ വിരമിക്കൽ പ്രഖ്യാപനവും അപ്രതീക്ഷിതമായായിരുന്നു. ഹോംഗ്രൗണ്ടായ ചെപ്പോക്കിലെ അവസാന മത്സരത്തിന് ശേഷം ധോണിയടക്കമുള്ള താരങ്ങളെ മാനേജ്‌മെന്റ് ആദരിച്ചിരുന്നു. ആരാധകർക്ക് നന്ദി പറഞ്ഞാണ് താരം അന്ന് സ്‌റ്റേഡിയം വിട്ടത്. അടുത്ത സീസണിൽ മെഗാ താരലേലമായതിനാൽ ധോണിയുടെ കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടായേക്കും. ടീമിൽ ആരെയൊക്കെ നിലനിർത്തണമെന്ന് നവംബറിന് മുൻപ് അറിയിക്കണം. ഇത്തവണയും ഫിനിഷറുടെ റോളിൽ ചെന്നൈക്കായി ധോണി മികച്ച പ്രകടനം നടത്തിയിരുന്നു

Similar Posts