അത്യുഗ്രൻ ക്ലൈമാക്സ്; ഐ. പി. എൽ പ്ലേ ഓഫിൽ ആരൊക്കെ ഉണ്ടാകും?
|സംഘാടകരും ആരാധകരും ആഗ്രഹിച്ച പോലെ ഐ.പി.എൽ ഗ്രൂപ്പ് മത്സരങ്ങൾ അത്യുഗ്രൻ ൈക്ലമാക്സിലേക്ക് കടക്കുകയാണ്. മുംബൈയും പഞ്ചാബും കളത്തിന് പുറത്തായി. ബാക്കിയുള്ള എട്ടുടീമുകളും കടുത്ത കസേരക്കളിയിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസുമാണ് േപ്ല ഓഫ് ഏതാണ്ട് ഉറപ്പിച്ച രണ്ടുടീമുകൾ. 11 മത്സരങ്ങളിൽ നിന്നും 16 പോയന്റാണ് ഇവർക്കുള്ളത്. ഒരു മത്സരം മാത്രം ജയിച്ചാൽ സ്പോട്ട് ഉറപ്പിച്ചു. ശേഷിക്കുന്ന മത്സരങ്ങളെല്ലാം അത്രയും വലിയ മാർജിനിൽ പരാജയപ്പെട്ടാൽ മാത്രമേ ഇരുടീമുകളുടെയും േപ്ല ഓഫ് സാധ്യത ചോദ്യം ചെയ്യപ്പെടൂ. അതിനുള്ള സാധ്യത വിദൂരം. ആദ്യ രണ്ട് സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്ത് േപ്ല ഓഫിലേക്ക് കടക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. ആദ്യ രണ്ടുസ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ േപ്ല ഓഫിൽ ഗുണം കിട്ടുമെന്നതിനാൽ ഇരുടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.
ബാക്കിയുള്ള രണ്ട് സ്പോട്ടുകൾക്ക് വേണ്ടി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഹൈദരാബാദ്, ചെന്നൈ, ഡൽഹി, ലഖ്നൗ, ബെംഗളൂരു, ഗുജറാത്ത് എന്നിവർ തമ്മിലാണ് കസേരക്കളി. ഇതിൽ സാധ്യതകളിൽ ഏറ്റവും മുന്നിലുള്ളത് ഹൈദരാബാദാണ്. 12 മത്സരങ്ങളിൽ 14 പോയന്റുള്ള അവർ േപ്ല ഓഫിലേക്ക് കാൽ നീട്ടിയിരിക്കുകയാണെന്ന് പറയാം. മാത്രമല്ല അവരുടെ പ്ലസ് റൺറേറ്റും സാധ്യതകളിൽ മുന്നിൽ നിർത്തുന്നു. ഒരു മത്സരം കൂടി വിജയിച്ചാൽ യാതൊരു ആശങ്കയുമില്ലാതെ േപ്ല ഓഫ് അവർക്കുറപ്പാണ്. രണ്ടും വിജയിച്ചാൽ ആദ്യത്തെ രണ്ടുസ്ഥാനക്കാരിലൊന്നാവാനുള്ള സാധ്യതയുമുണ്ട്. രണ്ടുമത്സരങ്ങളും വലിയ മാർജിനിൽ പരാജയപ്പെട്ടാൽ മാത്രമേ അവർ എലിമിനേറ്റ് ചെയ്യപ്പെടാൻ സാധ്യതയുള്ളൂ.
12 മത്സരങ്ങളിൽ നിന്നും 12 പോയന്റുകൾ വീതമുള്ള ചെന്നൈ, ഡൽഹി, ലഖ്നൗ ടീമുകളുടെ കാര്യം സങ്കീർണമാണ്. ഇതിൽ ചെന്നൈയുടെ റൺറേറ്റ് മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. അതുകൊണ്ടുതന്നെ
രാജസ്ഥാൻ, ബെംഗളൂരു എന്നിവരോടുള്ള മത്സരങ്ങൾ വിജയിച്ചാൽ ചെന്നൈക്ക് ആരെയും കൂസാതെ നേരിട്ട് േപ്ല ഓഫിലേക്ക് പോകാം. ഒരെണ്ണത്തിൽ വീണാൽ മറ്റുടീമുകളുടെ റൺറേറ്റും കൂടി അടിസ്ഥാനമാക്കിയാകും വിധി. രണ്ടും പരാജയപ്പെടുകയാണെങ്കിൽ തീർച്ചയായും പുറത്തേക്ക്.
ഫോമിലുള്ള ഡൽഹിക്ക് ആർ.സി.ബിയുമായും എൽ.എസ്.ജിയുമായുമാണ് മത്സരിക്കേണ്ടത്. ഈ രണ്ടു മത്സരങ്ങളും ഫലത്തിൽ എലിമിനേറ്റർ പോലെയായിരിക്കും. രണ്ടും വിജയിച്ചാൽ 16 പോയന്റാകും. എന്നാൽ പോലും പൂർണമായും ഉറപ്പിക്കാനാകില്ല. ചെന്നൈ രണ്ട് മത്സരങ്ങളും ഹൈദരാബാദ് ഒന്നും വിജയിച്ചാൽ കാര്യങ്ങൾ തുലാസിലാകും. ഒരു മത്സരത്തിൽ പരാജയപ്പെടുകയാണെങ്കിൽ കാൽക്കുലേറ്ററിനെ കളികൾക്ക് അനുസരിച്ചാകും സാധ്യതകൾ. എൽ.എസ്.ജിയുടെ കാര്യവും ഡൽഹിക്ക് സമാനം തന്നെ. ഡൽഹിയുമായും മുംബൈയുമായാണ് അവർക്ക് മത്സരങ്ങൾ. ഹൈദരാബാദുമായുള്ള മത്സരം പത്താം ഓവറിൽ തന്നെ തോറ്റത് എൽ.എസ്.ജിയുടെ റൺറേറ്റ് കുത്തനെ ഇടിച്ചു. ഇതവർക്ക് മുന്നോട്ടുള്ള പാതയിൽ വലിയ പരിക്കേൽപ്പിക്കും.
ആർ.സി.ബിയുടെ കാര്യങ്ങൾ സ്വപ്നങ്ങളുടെ നൂൽപ്പാലത്തിലാണ്. അവരുടെ ആരാധകർക്ക് ഇതൊരു പതിയ സംഭവമല്ല താനും. എട്ടുമത്സരങ്ങളിൽ നിന്നും വെറും ഒരു ജയവുമായി ആദ്യം പുറത്താകുന്ന ടീമാണെന്ന് ഉറപ്പിച്ചിരിക്കവേയാണ് തുടർച്ചയായ നാലുജയങ്ങളുമായി ആർ.സി.ബി എല്ലാവരെയും ഞെട്ടിച്ചത്. 12 മത്സരങ്ങളിൽ നിന്നും 10 പോയന്റാണ് ആർ.സി.ബിയുടെ സമ്പാദ്യം.
േപ്ല ഓഫ് സാധ്യതകളിൽ തങ്ങളുടെ മുമ്പിലുള്ള ഡൽഹി, ചെന്നൈ എന്നിവരുമായുള്ള മത്സരങ്ങളിൽ വിജയിച്ചാൽ ആർ.സി.ബി പാതികടമ്പ പിന്നിട്ടു.ആർ.സി.ബിയോട് ഈ രണ്ടുടീമുകളും പരാജയപ്പെട്ടാൽ സ്വാഭാവികമായും ഇവർക്ക് പരമാവധി 14 പോയന്റിലേ എത്താനാകൂ. ലഖ്നൗ ഒരു മത്സരം തോൽക്കലാണ് അടുത്ത കടമ്പ. എന്നാലും കടന്നെന്ന് പറയാനാകില്ല. ബാക്കിയുള്ള കളികളെല്ലാം കാൽക്കുലേറ്റിലാണ്.
ഇതിൽ ആർ.സി.ബിക്ക് ചെറിയ പ്രതീക്ഷയുണ്ട്. കാരണം പോയന്റ് പട്ടികയിൽ ഏഴാമതാണെങ്കിലും ആർ.സി.ബിയുടെ റൺറേറ്റ് പോസിറ്റീവാണ്. രണ്ടുമത്സരങ്ങളിൽ വിജയിച്ചാൽ അത് പിന്നെയും ഉയരും. പക്ഷേ ഒരു മത്സരം പരാജയപ്പെട്ടാൽ ആർ.സി.ബിക്ക് ഇത്രക്ക് കോംപ്ലിക്കേഷനൊന്നുമില്ല. ഈസിയായി വീട്ടിലേക്ക് പോരാം.
12 മത്സരങ്ങളിൽ നിന്നും 10 പോയന്റുള്ള ഗുജറാത്തിന് ഇനിയുള്ള സാധ്യതകൾ മറ്റുള്ളവരേക്കാൾ കടുപ്പമാണ്. രണ്ടുമത്സരങ്ങളും വിജയിച്ചാൽ മാത്രം പോര. അത് നല്ല മാർജിനിൽ തന്നെയാകണം. എന്നാലും മറ്റു ടീമുകളുടെയെല്ലാം സാധ്യതകൾ പരിഗണിച്ച ശേഷം മാത്രമേ ഗില്ലിനും സംഘത്തിനും സാധ്യതയുള്ളൂ. കാലാവസ്ഥ വില്ലനാകുകയും പോയന്റുകൾ പങ്കുവെക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്താൽ കാര്യങ്ങൾ ഇതിലും കോംപ്ലിക്കേറ്റഡാകും.