'ബുംറയേക്കാള്‍ മികച്ച ബൗളറെന്ന് സ്വയം പ്രഖ്യാപനം'; ആദ്യ കളിയില്‍ മപാക തിരിച്ചറിഞ്ഞു ഐപിഎല്‍ 'പവര്‍'
|ഐപിഎല്‍ സീസണിന് തൊട്ടു മുന്‍പ് പരിക്കേറ്റ ശ്രീലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുശങ്കയ്ക്ക് പകരക്കാരനായി കൗമാരതാരത്തെ മുംബൈ ടീമിലെടുത്തത്.
ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ ഇടം പിടിച്ചതായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയ ഹൈദരാബാദ് 31 റണ്‍സിന്റെ ജയവും സ്വന്തമാക്കി. മുംബൈയ്ക്കായി പന്തെറിഞ്ഞതില്‍ ജസ്പ്രീത് ബുംറയൊഴികെ എസ്ആര്‍എച്ച് ബാറ്റ്‌സ്മാന്‍മാരുടെ ചൂടറിഞ്ഞു. ഐപിഎല്‍ അരങ്ങേറ്റം കുറിച്ച 17കാരന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഖ്വേന മപാകയാണ് ഏറ്റവുംകൂടുതല്‍ റണ്‍സ് വഴങ്ങിയത്. നാല് ഓവറില്‍ 66 റണ്‍സാണ് താരം വിട്ടു കൊടുത്തത്. ഐപിഎല്ലില്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ കളിക്കാരനെന്ന നാണക്കേടും കൗമാര താരത്തെ തേടിയെത്തി
Maphaka realizing the difference between U19 and the PRO league.
— Dale Steyn (@DaleSteyn62) March 27, 2024
Baptism of fire.
മത്സര ശേഷം താരത്തെ ട്രോളിയും പിന്തുണച്ചും സമൂഹ മാധ്യമങ്ങളിൽ നിരവധി കമന്റുകളാണെത്തിയത്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ മപാക, താന്‍ ബുംറയേക്കാള്‍ കേമനാണെന്ന് അന്ന് പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ ആരാധകരും മുന്‍ ക്രിക്കറ്റ് വെറ്ററന്‍മാരും അണ്ടര്‍ 19 ക്രിക്കറ്റും ഫ്രാഞ്ചൈസി ലീഗും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് താരത്തെ ഓര്‍മിപ്പിക്കുകയാണ്.
ഐപിഎല്‍ സീസണിന് തൊട്ടുമുന്‍പ് പരിക്കേറ്റ ശ്രീലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുശങ്കയ്ക്ക് പകരക്കാരനായി കൗമാരതാരത്തെ മുംബൈ ടീമിലെടുത്തത്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ആറു കളികളില്‍ നിന്ന് 21 വിക്കറ്റുകളാണ് നേടിയത്. മപാകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ ഡെയ്ല്‍ സ്റ്റെയ്‌നും രംഗത്തെത്തി. 'മപാക തിരിച്ചറിയുന്നുണ്ടാകും അണ്ടര്‍ 19യും പ്രോ ലീഗുകള്‍ക്കും ഇടയിലുള്ള വ്യത്യാസമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മപാകക്ക് പിന്തുണയുമായി മുന്‍ വിന്‍ഡീസ് താരങ്ങളായ ഡ്വയിന്‍ ബ്രാവോവും കീറന്‍ പൊള്ളാര്‍ഡും രംഗത്തെത്തി. 'നിങ്ങളുടെ തല ഉയര്‍ത്തിപ്പിടിക്കുക. തീര്‍ച്ചയായും തിരിച്ചുവരാനാകുമെന്ന് ഇരുവരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.