'ഒന്നിച്ചു നിന്നാൽ മറികടക്കാം'; വിഭാഗീയത രൂക്ഷമായ മുംബൈ ടീമിന് ഉപദേശവുമായി സച്ചിൻ ടെണ്ടുൽക്കർ
|സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ ടീം നില്‍കുമ്പോഴാണ് ഊര്‍ജ്ജം നല്‍കുന്ന വാക്കുകളുമായി ഇതിഹാസ താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
മുംബൈ: അഞ്ച് കിരീടവുമായി ഐപിഎലിൽ കരുത്തരുടെ സംഘമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ സമീപകാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ടീം കടന്നുപോകുന്നത്. രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻസ്ഥാനത്ത് അവരോധിച്ചതുമുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ പുതിയ സീസണിൽ കളിച്ച രണ്ടിലും വലിയ തോൽവിയും. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറാണ് മുംബൈക്കെതിരെ ഇന്നലെ ഹൈദരാബാദ് സ്‌കോർ ചെയ്തത്.
സമാനതകളില്ലാത്ത പ്രതിസന്ധിയിൽ ടീം കടന്നു പോകുന്നതിനിടെയാണ് ഊർജ്ജം നൽകുന്ന വാക്കുകളുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തിയിരിക്കുന്നത്. സൺറൈസേഴ്‌സിനെതിരായ റൺമലക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് പൊരുതിതോറ്റ ശേഷം ഡ്രസിങ് റൂമിലെത്തിയാണ് സച്ചിൻ ടെണ്ടുൽക്കർ ടീം അംഗങ്ങളോട് സംസാരിക്കുന്നത്. ഔദ്യോഗിക സോഷ്യൽമീഡിയ ഹാൻഡിലുകളിൽ മുംബൈ ഇന്ത്യൻസ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
' 277 റൺസ് ലക്ഷ്യം പിന്തുടരുമ്പോഴും ആര് വിജയംതൊടുമെന്ന കാര്യം ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. നമ്മുടെ ബാറ്റിങ് മികച്ചതായിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് ഒരുമിച്ച് നിൽക്കാം. കഠിനമായ സമയമാണിത്. നമുക്കൊരു ടീമായി നിന്ന് ഇതിനെ മറികടക്കേണ്ടതുണ്ട് ' - സച്ചിൻ ടീം അഗങ്ങളോട് പറഞ്ഞു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും താരങ്ങളോട് സംസാരിക്കുന്നുണ്ട്. ഏതൊരു അവസ്ഥയിലും ടീം ഒന്നിച്ച് നിൽക്കുമെന്ന് ഹാർദിക് പറയുന്നു.
അതേസമയം, മുംബൈ ടീമിൽ ഹാർദിക്-രോഹിത് ചേരിയായി തിരിഞ്ഞാണ് കളിക്കാർ നിൽക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. രോഹിതിനെ പിന്തുണച്ച് പേസർ ജസ്പ്രീത് ബുംറയും സൂര്യകുമാർ യാദവും തിലക് വർമ്മയും നിലകൊള്ളുമ്പോൾ ഹാർദികിനൊപ്പമാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ.