ഗവാസ്കറിന്റെ ഐ.പി.എൽ ടീമിൽ സഞ്ജു;പീറ്റേഴ്സനും ഹർഭജനും ഒഴിവാക്കി
|അംബട്ടി റായ്ഡു, ടോം മൂഡി, ഇർഫാൻ പഠാൻ എന്നിവർ പ്രഖ്യാപിച്ച ടീമിലും സഞ്ജു ഇടംപിടിച്ചു
ഡൽഹി: ഒരുപിടി അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഐ.പി.എൽ 17ാം സീസണ് ഞായറാഴ്ച കൊടിയിറങ്ങി. വ്യക്തിഗത മികവുമായി ഒട്ടേറെപേരാണ് ഇത്തവണയും വരവറിയിച്ചത്. താരങ്ങളുടെ പ്രകടനം വിലയിരുത്തി ഐ.പി.എൽ ടീം തെരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ.
കഴിഞ്ഞ ദിവസം സഞ്ജു സാംസണിനെതിരെ വിമർശനമുയർത്തിയ ഗവാസ്കർ തന്റെ 15 അംഗ ടീമിൽ മലയാളി താരത്തെ ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഹെൻറിച്ച് ക്ലാസനും നിക്കോളാസ് പുരാനുമൊപ്പമാണ് സഞ്ജുവിനും ഇടംനൽകിയത്. നേരത്തെ ഇ.എസ്.പി.എൻ ക്രിക് ഇൻഫോ പുറത്തുവിട്ട ഐ.പി.എൽ ഇലവനിൽ സഞ്ജുവിനെ ക്യാപ്റ്റനാക്കിയിരുന്നു.
മിക്കവാറും എല്ലാവരും തെരഞ്ഞെടുത്ത വിരാട് കോലി-സുനിൽ നരെയ്ൻ സഖ്യം തന്നെയാണ് ഗവാസ്കറുടെ ടീമിലെയും ഓപ്പണർമാർ. മൂന്നാം ഓപ്പണറായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവതാരം അഭിഷേക് ശർമയ്ക്കും ഗവാസ്കർ 15 അംഗ ടീമിൽ ഇടം നൽകിയിട്ടുണ്ട്. ഗുജറാത്ത് താരം സായ് സുദർശനും ടീമിൽ ഇടം ലഭിച്ചു. സ്പിൻ ഓൾ റൗണ്ടറായി രവീന്ദ്ര ജഡേജയും പേസ് ഓൾ റൗണ്ടർമാരായി ആന്ദ്രെ റസലും ശിവം ദുബെയുമാണ് ഗവാസ്കറുടെ ടീമിൽ ഇടം നേടിയത്. സ്പെഷലിസ്റ്റ് സ്പിന്നറുടെ റോളിൽ കുൽദീപ് യാദവ് എത്തുമ്പോൾ പേസർമാരായി ജസ്പ്രീത് ബുംറ, പാറ്റ് കമ്മിൻസ്, ടി നടരാജൻ, അർഷ്ദീപ് സിങ് എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ഏകപക്ഷീയ തോൽവി വഴങ്ങുമെന്ന് പ്രവചിച്ച ഗവാസ്കർ, ഹൈദരാബാദിനോട് തോറ്റ് പുറത്തായശേഷവും സഞ്ജുവിനെ വിടാതെ പിന്തുടർന്നിരുന്നു. വിരാട് കോഹ് ലിയുടെ സ്ട്രൈക്ക് റേറ്റിനെകുറിച്ചും മുൻ ഇന്ത്യൻ താരം വിമർശനമുന്നയിച്ചിരുന്നു. അതേസമയം, അംബടി റായ്ഡു, ടോം മൂഡി, ഇർഫാൻ പഠാൻ, മാത്യു ഹെയ്ഡൻ എന്നിവർ പ്രഖ്യാപിച്ച ടീമിലും സഞ്ജു സാംസൺ ഇടംപിടിച്ചപ്പോൾ ഹർഭജൻ സിങും കെവിൻ പീറ്റേഴ്സനും തങ്ങളുടെ ടീമിൽ മലയാളിതാരത്തെ ഉൾപ്പെടുത്തിയില്ല.