രോഹിതിനായി ഫ്രാഞ്ചൈസികൾ; താരലേലത്തിന് മുൻപ് ചരടുവലിച്ച് ടീമുകൾ
|ഒരു ടീമിന് മെഗാലേലത്തിൽ അഞ്ച് താരങ്ങളെ നിലനിർത്താമെന്നാണ് റിപ്പോർട്ട്.
കളം മാറാൻ ആരൊക്കെ... ആരാകും വിലകൂടിയ താരം. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം എം.എസ് ധോണിയുടെ ആട്ടം ഇക്കുറിയും കാണാനാകുമോ... രോഹിത് ശർമയുടെ ഭാവിയെന്ത് . ഐ.പി.എൽ 2025 മെഗാ താരലേലം അടുത്തിരിക്കെ ആകാംക്ഷ പാരമ്യത്തിലാണ്. ഒരുപക്ഷെ 2008ലെ പ്രഥമ ഐ.പി.എൽ സീസണിലേതിന് സമാനമായി ഉരുണ്ടുകൂടുന്ന സാഹചര്യം. അടിമുടി മാറ്റത്തിന് ഫ്രാഞ്ചൈസികൾ തീരുമാനമെടുത്താൽ നിലവിലുള്ള വിജയസമവാക്യങ്ങൾ പലതും മാറിമറിയും.
ഈ വർഷം നവംബർ അവസാനമോ ഡിസംബറിലോ ആയി മെഗാതാരലേലം നടക്കുമെന്നാണ് റിപ്പോർട്ട്. ഓരോ ഫ്രാഞ്ചൈസികൾക്കും നിലനിർത്താവുന്ന താരങ്ങളുടെ എണ്ണത്തിൽ ബി.സി.സി.ഐ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിന് ശേഷമാകും നിലനിർത്തേണ്ടവരേയും ലേലത്തിൽ വിടേണ്ടവരേയും സംബന്ധിച്ച് ഫ്രാഞ്ചൈസികൾ അന്തിമ തീരുമാനമെടുക്കുക. നിലവിൽ പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് അഞ്ച് താരങ്ങളെ ഓരോ ഫ്രാഞ്ചൈസികൾക്കും നിലനിർത്താമെന്നാണ് വിവരം. ഇതിൽ വിദേശ, ഇന്ത്യൻ താരങ്ങളിലുള്ള കൃത്യത വരാൻ ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കണം. അടുത്തിടെ നിലനിർത്തുന്നത് സംബന്ധിച്ച് 10 ടീം ഉടമകളുമായി ബിസിസിഐ ചർച്ച നടത്തിയിരുന്നു. ഭൂരിഭാഗം ഫ്രാഞ്ചൈസികളും 5-6 കളിക്കാരെ നിലനിർത്താനുള്ള താൽപര്യമാണ് പ്രകടിപ്പിച്ചിച്ചത്.
ഫ്രാഞ്ചൈസികളുടെ ബ്രാൻഡ് മൂല്യവും വിജയഫോർമുലയും നിലനിർത്താൻ പ്രധാന താരങ്ങളെ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് കഴിഞ്ഞ സീസണിലെ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാറൂഖ് ഖാനും റണ്ണേഴ്സപ്പായ സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും യോഗത്തിൽ വാദമുയർത്തിയിരുന്നു. എന്നാൽ പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസികൾ ഇതിനെ എതിർത്ത് രംഗത്തെത്തിയതും വലിയ വാർത്തയായി. എന്നാൽ ഭൂരിപക്ഷത്തിനൊപ്പം നിൽക്കാനാണ് ഐ.പി.എൽ ഗവേണിങ് കൗൺസിലിനും ബി.സി.സി.ഐക്കും താൽപര്യമെന്നാണ് വിവരം. റൈടു മാച്ച് കാർഡ് ഉപയോഗിച്ച് ലേലത്തിൽ വിടുന്ന താരത്തെ തിരിച്ച് ഫ്രാഞ്ചൈസിയിലേക്ക് എത്തിക്കാനുള്ള അവസരം ഇത്തവണയുണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. മറ്റു ടീമുകൾ ബിഡ് ചെയ്യുന്ന ഉയർന്ന തുക നൽകാൻ തയാറാണെങ്കിൽ ആ താരത്തെ തിരിച്ച് വീണ്ടും പഴയ ഫ്രാഞ്ചൈസിക്ക് സ്വന്തമാക്കാനുള്ള ഈ നിയമത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
2025 താരലേലത്തിലെ ശ്രദ്ധേയമാകാൻ പോകുന്ന ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണ്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് വമ്പൻതുകക്ക് ഹാർദിക് പാണ്ഡ്യയെ എത്തിച്ച് ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിച്ചതു മുതൽ ടീമിലെ അന്തരീക്ഷം മോശമായിരുന്നു. അഞ്ച് കിരീടങ്ങൾ നേടിതന്ന രോഹിത് ശർമയെ നായകസ്ഥാനത്തുനിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന വികാരം ശക്തമായി. ഡ്രസിങ് റൂം മുതൽ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ വരെ ഇതിന്റെ അലയൊലികളുണ്ടായി. ഹാർദികിന് തുടക്കം മുതൽ നേരിടേണ്ടിവന്നത് നിലക്കാത്ത കൂവലുകൾ. ടീം പ്രകടനവും മോശമായി. ഇതിനിടെ അഭിഷേക് നായരും രോഹിത് ശർമയും തമ്മിലുള്ള സ്വകാര്യ സംഭാഷണം പരസ്യമാകുകയും ചെയ്തു. 2024 സീസൺ അവസാനത്തേതാകുമെന്ന് പറയുന്ന വീഡിയോയാണ് ചോർന്നത്.
ഹാർദിക് പാണ്ഡ്യക്ക് പുറമെ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരെയാകും ഇത്തവണ മുംബൈ നിലനിർത്തുകയെന്നാണ് റിപ്പോർട്ടുകൾ. 2022ൽ മുംബൈ നാല് കളിക്കാരെ നിലനിർത്തിയപ്പോൾ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിച്ചത് രോഹിതിനായിരുന്നു. 16 കോടി. ജസ്പ്രീത് ബുംറക്ക് 12 കോടി ലഭിച്ചപ്പോൾ സൂര്യകുമാർ യാദവിന് ലഭിച്ചത് എട്ട് കോടിയായിരുന്നു. ഇത്തവണ പക്ഷെ ബുംറയുടേയും സൂര്യയുടേയും വിപണി മൂല്യം വലിയതോതിൽ ഉയർന്നതിനാൽ മുംബൈക്ക് ഇരുവരേയും നിലനിർത്താൻ വൻതുകമുടക്കേണ്ടിവരും. മുംബൈ വിടുകയാണെങ്കിൽ ഐപിഎല്ലിലെ എക്കാലത്തേയും മികച്ച നായകൻമാരിൽ ഒരാളായ രോഹിത്തിനെ സ്വന്തമാക്കാൻ ടീമുകൾ ശക്തമായി രംഗത്തുണ്ടാകുമെന്നുറപ്പാണ്. പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളെല്ലാം താരത്തെ ലക്ഷ്യമിടുന്നതായാണ് വിവരം. ഇതുവരെ ഐ.പി.എൽ കിരീടം സ്വന്തമാക്കാനാവാത്ത പഞ്ചാബ് മെഗാതാരലേലത്തിൽ അടിമുടി മാറ്റമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ ശിഖർ ധവാനും സാം കറണുമാണ് ടീമിനെ നയിച്ചത്. ഇതിനകം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശിഖർ ധവാനെ വീണ്ടും പരിഗണിക്കാനിടയില്ല.
സാം കറണന്റെ പ്രകടനവും തൃപ്തികരമായിരുന്നില്ല. ഹിറ്റ്മാനെ കൊണ്ടുവന്നാൽ ക്യാപ്റ്റൻസി പ്രശ്നം പരിഹരിക്കാമെന്നാണ് പ്രീതി സിന്റയും സംഘവും ലക്ഷ്യമിടുന്നത്. ആദ്യ കിരിടം സ്വപ്നം കാണാൻ എക്സ്പീരിയൻസ് ക്യാപ്റ്റന്റെ സാന്നിധ്യം ഗുണംചെയ്യുമെന്നും ഫ്രാഞ്ചൈസി വിശ്വസിക്കുന്നു. താരങ്ങളെ വാങ്ങുന്നതിനായി പണമിറക്കാൻ പിശുക്ക് കാണിക്കാത്ത ടീം കൂടിയാണ് പഞ്ചാബ്. പ്രഥമ ഐ.പി.എൽ മുതൽ കളത്തിലുള്ള ഹിറ്റ്മാൻ ഇതുവരെ 257 മത്സരങ്ങളിലാണ് കളിച്ചത്. രണ്ട് സെഞ്ച്വറിയും 43 അർധ സെഞ്ച്വറിയും സഹിതം 6628 റൺസാണ് സമ്പാദ്യം.
സൺറൈസേഴ്സുമായുള്ള തോൽവിക്ക് പിന്നാലെ കെ.എൽ രാഹുലിനെ പരസ്യമായി വിമർശിച്ച് ലഖ്നൗ ടീം ഉടമ സഞ്്ജീവ് ഗോയങ്ക കഴിഞ്ഞ സീസണിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. അടുത്തിടെ നടന്ന അഭിമുഖത്തിലും രാഹുലിനെ നിലനിർത്തുമോയെന്ന കാര്യത്തിൽ വ്യക്തതവരുത്താൻ ഗോയങ്ക തയാറായില്ല. ഇതോടെ മറ്റൊരു ഓപ്ഷനിലേക്ക് ലഖ്നൗ പോകുമെന്ന് ഉറപ്പായി. നായകസ്ഥാനത്തേക്ക് രോഹിതായിരിക്കും മുഖ്യപരിഗണന. പാറ്റ് കമ്മിൻസിന് കീഴിൽ കഴിഞ്ഞ സീസണിൽ ഫൈനൽവരെയെത്തിയെങ്കിലും ഹൈദരാബാദ് മാനേജ്മെന്റും മുംബൈ താരത്തിനായി നീക്കം ശക്തമാക്കും. എസ്.ആർ.എച്ചിന്റെ പഴയരൂപമായ ഡെക്കാൻ ചാർജേഴ്സിനായി നേരത്തെ രോഹിത് കളത്തിലിറങ്ങിയതും അനുകൂല ഘടകമാണ്.
എക്കാലവും സസ്പെൻസ് നിലനിർത്തുന്ന ടീമാണ് ചെന്നൈ സൂപ്പർ കിങ്സും എം.എസ് ധോണിയും. ഈ താരലേലത്തിൽ എന്തായിരിക്കും സി.എസ്.കെ കാത്തുവെക്കുന്ന മാജിക് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ സ്ഥാനം ഋതുരാജ് ഗെയിക് വാദിന് നൽകിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്ററായി ചെന്നൈയുടെ സ്വന്തം തല ടീമിലുണ്ടായിരുന്നു. നിലവിൽ 43 വയസിലെത്തിയെങ്കിലും മറ്റൊരു അങ്കത്തിന് താരത്തിന് ബാല്യമുണ്ടെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്നു. കഴിഞ്ഞ സീസണിൽ ഫിനിഷറുടെ റോളിൽ ധോണി അടിച്ചുകൂട്ടിയ സിക്സറുകൾ കണക്കുകൾ ഇതിനായി മഞ്ഞപ്പട നിരത്തുന്നു. ഇതുവരെ 264 ഐപിഎൽ മത്സരങ്ങളിൽ ഇറങ്ങിയ എം.എസ്.ഡി 5243 റൺസാണ് നേടിയത്.
ലഖ്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് മാറുകയാണെങ്കിൽ കെ.എൽ രാഹുൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകസ്ഥാനത്തേക്കെത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. മുൻ ടീമിലേക്ക് മടങ്ങുന്നതിനോട് താരത്തിനും താൽപര്യമുണ്ട്. 40 പിന്നിട്ട ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസിന് ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്നാണ് ആർസിബി വിലയിരുത്തൽ. കഴിഞ്ഞ സീസണിൽ സ്ഥിരത നിലനിർത്താൻ കഴിയാതിരുന്ന ഓസീസ് താരം ഗ്ലെൻ മാക്സ്വെല്ലിനെ ആർ.സി.ബി കൈവിട്ടേക്കും. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തന്നെയാണ് കാണുന്നത്. സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, റിങ്കു സിങ്, മിച്ചൽ സ്റ്റാർക്ക്, ഫിൽ സോൾട്ട് എന്നിവരെ നിലനിർത്താനാനും പ്ലാനുണ്ട്.