അടിമുടി മാറ്റവുമായി ഐ.പി.എൽ 2025; ആറു താരങ്ങളെ നിലനിർത്താം, ധോണിയെ അൺക്യാപ്ഡ് താരമായി ഉൾപ്പെടുത്താം
|ലേലത്തിൽ വിറ്റുപോയ താരങ്ങൾ കളിക്കാനെത്തിയില്ലെങ്കിൽ തുടർന്നുള്ള സീസണിൽ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ല
മുംബൈ: മെഗാ താരലേലത്തിന് മുൻപായി ഓരോ ടീമിനും ആറുപേരെ നിലനിർത്താമെന്ന പ്രഖ്യാപനവുമായി ഐ.പി.എൽ ഗവേണിങ് കൗൺസിൽ. പരമാവധി അഞ്ച് അന്താരാഷ്ട്ര താരങ്ങളെയും രണ്ട് ആഭ്യന്തര കളിക്കാരെയും നിലനിർത്താനാകും. വിദേശതാരങ്ങൾ ഉൾപ്പെടെയാണ് അഞ്ച് അന്താരാഷ്ട്ര താരങ്ങൾ. ഒരു താരത്തെ റൈറ്റ് ടു മാച്ച് വഴിയും ടീമിലെത്തിക്കാം. റൈറ്റ് ടു മാച്ചിൽ ഉൾപ്പെടുത്തിയ താരത്തെ ലേലത്തിൽ ഏതെങ്കിലും ടീം വിളിക്കുകയാണെങ്കിലും അതേ വിലനൽകി നിലനിർത്താൻ ടീമുകൾക്ക് അവസരമുണ്ടാകും.
നിലനിർത്തുന്ന അഞ്ച് താരങ്ങളിൽ ആദ്യത്തെ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയായിരിക്കും പ്രതിഫലം ലഭിക്കുക. നിലനിർത്തുന്ന നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലം നൽകണം. ആറ് താരങ്ങളെയും നിലനിർത്തുകയാണെങ്കിൽ ആ ടീമിന് ആർടിഎം ഉപയോഗിക്കാനാവില്ല. ആറ് താരങ്ങളെ നിലനിർത്തിയാൽ പരമാവധി അഞ്ച്‌പേർ മാത്രമെ ക്യാപ്ഡ് താരങ്ങൾ ആകാവു. അൺക്യാപ്ഡ് താരത്തിൻറെ പരമാവധി താരമൂല്യം നാലു കോടിയായിരിക്കും.
കഴിഞ്ഞ അഞ്ച് വർഷമായി ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാത്ത എല്ലാ ഇന്ത്യൻ താരങ്ങളെയും അൺക്യാപ്ഡ് പ്ലെയറായി കണക്കാക്കാനും ബി.സി.സി.ഐ തീരുമാനിച്ചു. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സിന് ആശ്വാസമായി. അൺക്യാപ്ഡ് പ്ലെയറായി എം.എസ് ധോണിയെ നിലനിർത്താനാകും. രാജസ്ഥാൻ റോയൽസിന് സന്ദീപ് ശർമയേയും അതേ നിയമത്തിൽ ടീമിൽ ഉറപ്പിച്ച് നിർത്താം. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. നിലനിർത്തുന്ന താരങ്ങൾക്ക് ചെലവഴിക്കുന്നതടക്കം പരമാവധി 120 കോടി രൂപയായിരിക്കും ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാവുന്ന ആകെ തുക
ലേലത്തിൽ വിറ്റുപോയ താരങ്ങൾ മതിയായ കാരണങ്ങളില്ലാതെ വിട്ടുനിന്നാൽ പണികിട്ടും. തുടർന്നുള്ള രണ്ട് സീസണുകളിൽ കളിക്കാനോ ലേലത്തിൽ പങ്കെടുക്കാനോ സാധിക്കില്ല. ഐ.പി.എൽ മാച്ച് ഫീ സംവിധാനവും അടുത്ത സീസൺ മുതൽ കൊണ്ടുവരാനും തീരുമാനിച്ചു. ഇതു പ്രകാരം ലേലത്തിൽ ലഭിക്കുന്ന തുകക്ക് പുറമെ ഓരോ കളിക്കാരനും 7.50 ലക്ഷം രൂപവെച്ച് ഓരോ കളിക്കും ലഭിക്കും. എല്ലാ മത്സരങ്ങളിലും കളിച്ചാൽ 1.5 കോടിയാണ് താരങ്ങൾക്ക് ഫീസ് ഇനത്തിൽ മാത്രം ലഭിക്കുക. 2025 ലേലത്തുക ഉൾപ്പെടെ ഒരു ടീമിന് ആകെ അനുവദിക്കാവുന്ന തുക 146 കോടിയായും നിശ്ചയിച്ചു.