'ഐപിഎൽ മാത്രം മതി എന്ന ചിന്തയാണ് ഇന്ത്യക്ക്': വസീം അക്രം
|ഇന്ത്യ-ന്യൂസിലാൻഡ് കളി ഏകപക്ഷീയമായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് നിരവധി പിഴവുകൾ വന്നു
ഐപിഎൽ മാത്രം മതി എന്ന ചിന്തയാണ് ഇന്ത്യക്കെന്ന് പാകിസ്താൻ മുൻ പേസർ വസീം അക്രം. എല്ലാ പ്രധാന താരങ്ങളേയും ഉൾപ്പെടുത്തി ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് കളിച്ചത് മാർച്ചിലാണെന്ന് അക്രം ചൂണ്ടിക്കാണിക്കുന്നു. രാജ്യാന്തര പരമ്പരകളെ ഇന്ത്യ ഗൗരവമായി എടുക്കുന്നില്ല. ഐപിഎൽ കളിക്കുന്നത് മാത്രം മതി എന്നാണ് അവരുടെ വിശ്വാസം. ട്വന്റി20 ലീഗുകളിൽ കളിക്കുമ്പോൾ ഒന്നോ രണ്ടോ മികച്ച ബൗളർമാരെയാണ് നേരിടേണ്ടി വരിക. എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുമ്പോൾ മികച്ച അഞ്ച് ബൗളർമാരെ നേരിടേണ്ടി വരുന്നു. വസീം അക്രം ചൂണ്ടിക്കാണിച്ചു.
ഇന്ത്യ-ന്യൂസിലാൻഡ് കളി ഏകപക്ഷീയമായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് നിരവധി പിഴവുകൾ വന്നു. ടോസ് നഷ്ടപ്പെട്ടതോടെ തന്നെ മാനസികമായി അവർ പിന്നിലായി. നിർണായക മത്സരത്തിൽ ഇവിടെ രോഹിത് ശർമയെ മൂന്നാമനാക്കി ഇറക്കിയതും നിരാശയായി. ടി20യിൽ ഇന്ത്യക്കായി നാല് സെഞ്ചുറികൾ നേടിയ താരമാണ് രോഹിത്. ഇഷാൻ കിഷനെ മൂന്നാം സ്ഥാനത്ത് ഇറക്കാമായിരുന്നു, വസീം അക്രം പറഞ്ഞു.
ഈ വർഷം ആദ്യം ഇംഗ്ലണ്ടിന് എതിരെയാണ് ഇന്ത്യ ട്വന്റി20 കളിച്ചത്. ശ്രീലങ്കയിൽ ട്വന്റി20 പരമ്പര കളിച്ചത് ബി ടീമായിരുന്നു. എന്നാൽ ഐപിഎൽ കളിച്ച് എത്തുന്ന ധൈര്യത്തിലായിരുന്നു ഇന്ത്യ. പക്ഷേ ടീം സെറ്റാവാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ലോകകപ്പ് സെമി സാധ്യതകൾ ഇന്ത്യക്ക് മുൻപിൽ നിന്ന് അകന്നു കഴിഞ്ഞു.