Cricket
വിൽജാക്‌സിനായി ആർടിഎം ഉപയോഗിക്കാതെ ആർസിബി; നന്ദിയറിയിച്ച് ഓടിയെത്തി ആകാശ് അംബാനി-വീഡിയോ
Cricket

വിൽജാക്‌സിനായി ആർടിഎം ഉപയോഗിക്കാതെ ആർസിബി; നന്ദിയറിയിച്ച് ഓടിയെത്തി ആകാശ് അംബാനി-വീഡിയോ

Sports Desk
|
25 Nov 2024 4:05 PM GMT

13 കാരൻ വൈഭവ് സൂര്യവൻഷിയെ 1.10 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു

ജിദ്ദ: ഐപിഎൽ താരലേലം രണ്ടാംദിനത്തിലെ കൗതുക കാഴ്ചയായി മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉടമകളുടെ ഒത്തുചേരൽ. ഇംഗ്ലീഷ് താരം വിൽ ജാക്‌സനെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് മുംബൈ ടീം ഉടമ ആകാശ് അംബാനി സീറ്റിൽ നിന്ന് ഇറങ്ങി ബെംഗളൂരു ടീം ഉടമകൾക്ക് അരികിലെത്തി കൈകൊടുത്തത്. കഴിഞ്ഞ സീസണിൽ ആർസിബിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തെ ആർടിഎം (റൈറ്റ് ടും മാച്ച്) കാർഡ് ഉപയോഗിച്ച് നിലനിർത്താൻ ടീം ശ്രമിച്ചില്ല. ഇതോടെ 5.25 കോടിക്ക് ഇംഗ്ലീഷ് ബാറ്ററെ കൂടാരത്തിലെത്തിക്കാൻ മുൻ ചാമ്പ്യൻമാർക്കായി.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജാക്‌സിനായി ഒരിക്കൽ പോലും ആർസിബി രംഗത്തെത്തിയില്ല. പഞ്ചാബാണ് ജാക്‌സിനെ സ്വന്തമാക്കാൻ മുംബൈയുമായി മത്സരിച്ചത്. നേരത്തെ സ്പിന്നർ സ്വപ്നിൽ സിങിനെ നിലനിർത്താൻ ആർസിബി ആർടിഎം ഉപയോഗിച്ചിരുന്നു. ടിം ഡേവിഡിനെ ലേലത്തിൽ നഷ്ടമായ മുംബൈക്ക് വിൽജാക്‌സിനെ എത്തിച്ചതിലൂടെ ആ വിടവ് നികത്താനായി. ടിം ഡേവിഡിനെ ആർസിബി മൂന്ന് കോടി രൂപക്ക് സ്വന്തമാക്കിയിരുന്നു. ജാക്‌സിന് പുറമെ ഇന്ത്യൻ പേസർ ദീപക് ചഹാർ, ഇംഗ്ലീഷ് പേസർ റീസ് ടോപ്ലി, ന്യൂസിലൻഡ് സ്പിന്നർ മിച്ചൽ സാന്റ്‌നർ, അഫ്ഗാൻറെ മിസ്റ്ററി യുവ സ്പിന്നർ അള്ളാ ഗാസാൻഫർ, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ റിയാൻ റിക്കിൾടൺ എന്നിവരെയും മുംബൈ കൂടാരത്തിലെത്തിച്ചിരുന്നു.

13 കാരൻ ബീഹാർ ബാറ്റ്‌സ്മാൻ വൈഭവ് സൂര്യവൻഷിയെത്തിച്ച് രാജസ്ഥാൻ റോയൽസ് ശ്രദ്ധേയ നീക്കം നടത്തി. ഐപിഎൽ ചരിത്രത്തിൽ ഒരു ടീം ലേലത്തിലെടുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി വൈഭവ്. 1.10 കോടിക്കാണ് സഞ്ജു സാംസണിന്റെ ടീം താരത്തെയെത്തിച്ചത്. സമീപകാലത്തെ മുഷ്താഖ് അലി ട്രോഫിയിലടക്കം കൗമാരക്കാരൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. വൈഭവിന് പുറമെ ബാറ്റിങ് കരുത്തായി നിധീഷ് റാണയേയും ആർആർ ടീമിലെത്തിച്ചു. തുഷാർ ദേഷ്പാണ്ഡ്യെ, ഫസൽഹഖ് ഫാറൂഖി എന്നിവരേയും ടീം ലേലത്തിലെടുത്തു

Similar Posts