Cricket
Rishabh Pant in Lucknow for record sum; Shreyas in Punjab, Rahul on falling prices
Cricket

റെക്കോർഡ് തുകക്ക് ഋഷഭ് പന്ത് ലഖ്‌നൗവിൽ; ശ്രേയസ് പഞ്ചാബിൽ, വിലയിടിഞ്ഞ് രാഹുൽ

Sports Desk
|
24 Nov 2024 1:17 PM GMT

ആർടിഎം കാർഡ് ഉപയോഗിച്ച് അർഷ്ദീപ് സിങിനെ തിരികെയെത്തിക്കാൻ പഞ്ചാബ് കിങ്‌സിനായി

റിയാദ്: ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുകക്ക് ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ. 27 കോടിക്കാണ് ഫ്രാഞ്ചൈസി താരത്തെ കൂടാരത്തിലെത്തിച്ചത്. അയ്യരെ 26.75 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച് റെക്കോർഡ് തിരുത്തി മിനിറ്റുകൾക്കകമാണ് പന്തിനെ ഉയർന്ന തുകക്ക് എൽ.എസ്.ജി കൂടാരത്തിലെത്തിച്ചത്. റൈറ്റുമാച്ച് കാർഡിലൂടെ പന്തിനെ തിരികെയെത്തിക്കാൻ മുൻ ടീമായ ഡൽഹി ക്യാപിറ്റൽസ് ശ്രമം നടത്തിയെങ്കിലും കുത്തനെ തുക ഉയർത്തി ലഖ്‌നൗ മറുപടി നൽകുകയായിരുന്നു. കെ എൽ രാഹുൽ പോകുന്നതോടെ പകരം നായകനായാണ് ലഖ്‌നൗ ഋഷഭ് പന്തിനെ പരിഗണിച്ചത്.

അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ലഖ്‌നൗ തന്നെയാണ് ഋഷഭ് പന്തിന്റെ പേരു വിളിച്ചതും ആദ്യം രംഗത്തെത്തിയത്. പിന്നീട് 11.25 കോടി വരെ ലഖ്‌നൗവും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലായിരുന്നു ശക്തിയേറിയ ലേലം വിളി. എന്നാൽ 11.25 കോടി കടന്നതോടെ ആർസിബി പിൻമാറി. ഈ സമയത്താണ് നാടകീയമായി സൺറൈസേഴ്‌സ് ഹൈദരാബാദ് പന്തിനായി രംഗത്തെത്തിയത്. പിന്നീട് ഹൈദരാബാദും ലഖ്‌നൗവും 20 കോടി വരെ മാറി മാറി വിളിച്ചു. തുക 20.50 കോടി കടന്നതോടെ റൈറ്റ് ടു മാച്ച് കാർഡ്(ആർടിഎം) ഉപയോഗിച്ച് ഡൽഹി ക്യാപിറ്റൽസ് പന്തിനായി 20.75 വിളിച്ച് രംഗത്തെത്തി. എന്നാൽ ശ്രേയസിനെ പഞ്ചാബ് റാഞ്ചിയതോടെ പന്തിനെ തിരിച്ചുപിടിക്കാനുള്ള ഡൽഹിയുടെ ശ്രമം ലഖ്‌നൗ തകർത്തു.

നിർണായകമായ മറ്റൊരു നീക്കം കെ.എൽ രാഹുലിന്റെ കാര്യത്തിലായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഡൽഹിയാണ് 14 കോടിക്ക് ഇന്ത്യൻ താരത്തെ റാഞ്ചിയത്. ലേലതുക 10 കോടിയായി ഉയർന്നപ്പോഴും ആർസിബി പ്രതീക്ഷ കൈവിട്ടില്ല. അപ്പോഴേക്കും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 10.75 കോടിയുമായി മുന്നോട്ടുവന്നു. ഇതോടെ ആർസിബി പിടിവിട്ടു.

പിന്നീട് കൊൽക്കത്തയും ഡൽഹിയും തമ്മിലായി മത്സരം. ഡൽഹി 12 കോടിയായി ഉയർത്തിയപ്പോൾ കൊൽക്കത്തയും പിൻവാങ്ങി. ഇതിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് 12.25 കോടി വിളിച്ചു. ഇത് 14 കോടി വരെ നീണ്ടു. ഇതോടെ ചെന്നൈ പിൻവാങ്ങി. ലഖ്നൗ ആർടിഎം ഓപ്ഷൻ ഉപയോഗിച്ചതുമില്ല. ഡൽഹിക്ക് ഒരു ഇന്ത്യൻ ക്യാപ്റ്റനെയാണ് വേണ്ടിയിരുന്നത്. ആ പ്രശ്നം രാഹുലിലൂടെ പരിഹരിക്കാൻ സാധിച്ചേക്കും. ചുരുക്കം പറഞ്ഞാൽ ഡൽഹിക്ക് ഒരു ലോട്ടറിയടിച്ചെന്ന് പറയാം. അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരും ഡൽഹിക്കൊപ്പമുണ്ട്.

മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 12.25 കോടിക്കാണ് സിറാജ് ഗുജറാത്തിലെത്തിയത്. കഴിഞ്ഞ സീസണിൽ ആർസിബിക്ക് വേണ്ടി കളിച്ച താരമാണ് സിറാജ്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. നിരവധി ഫ്രാഞ്ചൈസികൾ താരത്തിനായി രംഗത്തെത്തിയെങ്കിലും 12.25 കോടിക്ക് ഗുജറാത്ത് താരത്തെ ഉറപ്പിച്ചു. താരത്തിനെ നിലനിർത്താനുള്ള ആർടിഎം കൈവശമുണ്ടായിരുന്നെങ്കിലും ആർസിബി അതുപയോഗിച്ചില്ല. ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണെ 8.75 കോടിക്ക് ആർസിബി സ്വന്തമാക്കി.

Similar Posts