20.50 കോടി; ഐ.പി.എൽ ചരിത്രത്തിലെ വിലയേറിയ താരമായി പാറ്റ് കമ്മിൻസ്
|ഇന്ത്യൻ താരങ്ങളിൽ നേട്ടം കൊയ്തത് പേസർ ഹർഷൽ പട്ടേൽ ആണ്. 11.75 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.
ദുബൈ: ഐ.പി.എൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. 20.50 കോടി രൂപക്കാണ് താരത്തെ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈയും മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കമ്മിൻസിനെ സ്വന്തമാക്കാൻ വാശിയേറിയ പോരാട്ടമാണ് നടത്തിയത്. സൺറൈസേഴ്‌സ് ഹൈദരാബാദ് കൂടി ഇതിൽ ചേർന്നതോടെയാണ് താരത്തെ റെക്കോർഡ് തുകക്ക് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇംഗ്ലീഷ് താരം സാം കറൻ 18.50 കോടിക്ക് പഞ്ചാബിൽ ചേർന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
വെസ്റ്റ് ഇൻഡീസ് ബാറ്റർ റോവ്മൻ പവലിനെ 7.40 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഒരുകോടി രൂപയായിരുന്നു പവലിന്റെ അടിസ്ഥാന വില. ഏകദിന ലോകകപ്പിൽ ആസ്‌ത്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിന് 6.8 കോടി ലഭിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ് താരത്തെ സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കിനെ നാല് കോടി രൂപക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
ഇന്ത്യൻ താരങ്ങളിൽ നേട്ടം കൊയ്തത് പേസർ ഹർഷൽ പട്ടേൽ ആണ്. 11.75 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദൂൽ ഠാക്കൂറിന് നാല് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. ന്യൂസിലൻഡിന്റെ ഇന്ത്യൻ വംശജനായ യുവ ഓൾ റൗണ്ടർ രചിൻ രവീന്ദ്രയും ചെന്നൈ സൂപ്പർ കിങ്‌സിൽ കളിക്കും. 1.8 കോടി രൂപയാണ് രചിന് ലഭിച്ചത്.