Cricket
Mumbai Indians will not have a Malayalee player on the bench; Vignesh is waiting for a golden opportunity
Cricket

'മുംബൈ ഇന്ത്യൻസിൽ മലയാളിതാരം ബെഞ്ചിലിരിക്കില്ല';വിഘ്നേഷിനെ കാത്തിരിക്കുന്നത് സുവർണാവസരം

Sports Desk
|
26 Nov 2024 12:40 PM GMT

മലയാളി താരത്തിന്റെ ചൈനാമാൻ ബൗളിങ് പ്രകടനമാണ് മുബൈ ഇന്ത്യൻസ് മാനേജ്‌മെന്റിനെ ആകർഷിച്ചത്.

കൊച്ചി: ഐപിഎൽ താര ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസ് സ്‌കൗട്ടിങ് ടീം വിഘ്നേഷ് പുത്തൂരിനെ ബന്ധപ്പെട്ടു. ഉടനെ മുംബൈ ട്രയൽസിലെത്തണമെന്നായിരുന്നു ആവശ്യം. ട്രയൽസിൽ 19 കാരൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുടെ ബൗളിങ് പ്രകടനം ഇഷ്ടപ്പെട്ട മുംബൈ അപ്രതീക്ഷിത നീക്കത്തിലൂടെ ലേലത്തിൽ ടീമിലെത്തിക്കുകയും ചെയ്തു.

കേരളത്തിന്റെ സീനിയർ ടീമിനായി ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലാത്ത യുവതാരം അടുത്തിടെ സമാപിച്ച പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായാണ് കളത്തിലിറങ്ങിയത്. ഇതിലൂടെയാണ് താരത്തിന്റെ ട്രൈഡ്മാർക്ക് ചൈനാമൻ ബൗളിങ് പ്രകടനം ശ്രദ്ധയാകർഷിച്ചത്. പതിവ്ശൈലി ആക്ഷൻ വിട്ടുകൊണ്ടുള്ള ഇടംകൈ സ്പിൻ ബൗളിങ്. പന്ത് കറക്കാൻ വിരലുകൾക്ക് പകരം കൈക്കുഴ ഉപയോഗിക്കുകയും ബാറ്റർമാരെ കൺഫ്യൂഷനടിക്കുന്നതുമാണിത്. നിലവിൽ മുംബൈ സ്‌ക്വാർഡിൽ പരിചയസമ്പന്നനായ ബൗളറുടെ അഭാവവമുണ്ട്. കഴിഞ്ഞ തവണ ടീം ആശ്രയിച്ച പീയുഷ് ചൗളയെ ഇത്തവണ ടീമിലെടുത്തിട്ടില്ല. കരൺ ശർമയാണ് സ്‌ക്വാർഡിലുള്ള പ്രധാന ഇന്ത്യൻ ബൗളർ. മറ്റൊരു ബൗളിങ് ഓപ്ഷൻ അഫ്ഗാൻ മിസ്ട്രി സ്പിന്നർ അള്ളാ ഗസൻഫറാണ്. ഇതിൽ ഏതെങ്കിലുമൊരു ബൗളറുടെ പകരക്കാരനായി ടീം പരിഗണിക്കുക വിഘ്‌നേഷായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ ഏകദിന ടീം നായകൻ രോഹിത് ശർമ, ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം കളിക്കാനുള്ള അവസരം യുവതാരത്തിന്റെ ഭാവിക്കും വലിയ സഹായകരമാകും. നെറ്റ്‌സിലടക്കം സീനിയർ താരങ്ങൾക്കെതിരെ പന്തെറിയാനും അവസരമുണ്ടാകും. അടിസ്ഥാനവിലയായ 30 ലക്ഷം രൂപക്കാണ് എം.ഐ ടീമിലെത്തിച്ചത്. ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും ബിന്ദുവിന്റേയും മകനാണ്. കേരളത്തിനായി അണ്ടർ 14,19,23 വിഭാഗങ്ങളിൽ താരം കളിച്ചിട്ടുണ്ട്.

അതേസമയം, ഐപിഎൽ താര ലേലത്തിൽ വിവിധ ഫ്രാഞ്ചൈസികൾ ടീമിലെടുത്തത് മൂന്ന് മലയാളി താരങ്ങളെ മാത്രമാണ്. കേരള പ്രീമിയർ ലീഗിലടക്കം തകർപ്പൻ പ്രകടനം നടത്തിയ മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, രോഹൻ എസ് കുന്നുമ്മൽ, അബ്ദുൽ ബാസിത് എന്നിവരെയൊന്നും ആരും വിളിച്ചെടുത്തില്ല. തമിഴ്‌നാടിന് വേണ്ടി കളിക്കുന്ന മലയാളി സന്ദീപ് വാര്യർ രണ്ടുതവണ ലേലത്തിൽ വന്നെങ്കിലും ആരുംടീമിലെടുത്തില്ല. ദേവ്ദത്ത് പടിക്കലിനെ രണ്ടാം അവസരത്തിൽ അടിസ്ഥാന വിലക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കൂടാരത്തിലെത്തിച്ചു

Similar Posts