പിടിച്ചാൽ കിട്ടാതെ ഐ.പി.എൽ ബ്രാൻഡ് വാല്യൂ, 14,688 കോടിയിൽ നിന്നും 26,438 കോടിയിലേക്ക്
|2022ൽ 1.8 ബില്യൺ ഡോളറായിരുന്നുവെങ്കിൽ(14,688) 2023ൽ അത് 3.2 ബില്യൺ ഡോളറായാണ്(26,438) ഉയർന്നത്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ(ഐ.പി.എൽ) ബ്രാൻഡ് മൂല്യത്തിൽ വൻ വർധന. കഴിഞ്ഞ വർഷ(2022)ത്തെ അപേക്ഷിച്ച് 80 ശതമാനമാണ് വർധനവ്. 2022ൽ 1.8 ബില്യൺ ഡോളറായിരുന്നുവെങ്കിൽ(14,688) 2023ൽ അത് 3.2 ബില്യൺ ഡോളറായാണ്(26,438) ഉയർന്നത്. ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഹൗലിഹാൻ ലോക്കിയുടെതാണ് റിപ്പോർട്ട്.
ഐ.പി.എലിന്റെ സംപ്രേക്ഷണാവകാശ തുകയിലും വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തന്നെ 2017-2023 കാലഘട്ടത്തിലാണ് ശ്രദ്ധേയമായ വളർച്ച കൈവരിച്ചത്. ഓരോ മത്സരത്തിന്റെയും അടിസ്ഥാനത്തിൽ താരതമ്യം ചെയ്താൽ ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ബ്രോഡ്കാസ്റ്റിംഗ് ഫീസ് ലോകത്തിലെ മറ്റ് പ്രൊഫഷണൽ ലീഗുകളേക്കാൾ വളരെ കൂടുതലാണ്.
അമേരിക്കയിലെ നാഷണൽ ഫുട്‌ബോൾ ലീഗിനാണ്(എൻ.എഫ്.എൽ) ഏറ്റവും കൂടുതൽ സംപ്രേക്ഷണാവകാശം. എൻ.എഫ്.എലിന്റെ ബ്രോഡ്കാസ്റ്റിങ് തുക 35.1 മില്യൺ യുഎസ് ഡോളറാണെങ്കിൽ ഐ.പി.എല്ലിൽ അത് 14.4 മില്യൺ യുഎസ് ഡോളറാണ്. ഐപിഎല്ലിലേക്ക് ഒഴുകുന്ന പണവും താരമൂല്യവുമാണ് ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കിയത്. ജീവിതകാലം മുഴുവൻ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ തുകയാണ് ഐപിഎല്‍ കളിക്കാർ സ്വന്തമാക്കുന്നത്. അതുകൊണ്ട് നിരവധി താരങ്ങൾ ഐപിഎല്ലിലേക്ക് ആകർഷിക്കപ്പെടുന്നു.
ബ്രാൻഡ് മൂല്യത്തിൽ ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സാണ് ഒന്നാം സ്ഥാനത്ത്. 21.2 കോടി ഡോളർ ആണ് മൂല്യം.195 മില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ രണ്ടാം സ്ഥാനത്താണ്. വർഷാവർഷം 103% എന്ന നിരക്കിൽ ഏറ്റവും ഉയർന്ന ബ്രാൻഡ് മൂല്യം വർധിച്ചത് രാജസ്ഥാൻ റോയൽസിനാണ്.