Cricket
തകർത്തടിച്ച് ആന്ദ്രെ റസലും റിങ്കുസിങും; കൊൽക്കത്തക്ക് 208 റൺസിന്റെ കൂറ്റൻ സ്‌കോർ
Cricket

തകർത്തടിച്ച് ആന്ദ്രെ റസലും റിങ്കുസിങും; കൊൽക്കത്തക്ക് 208 റൺസിന്റെ കൂറ്റൻ സ്‌കോർ

Sports Desk
|
23 March 2024 4:04 PM GMT

അവസാന ഓവറുകളിൽ തുടരെ സിക്‌സർ പറത്തിയ വിൻഡീസ് ഓൾറൗണ്ടറുടെ ബാറ്റിങ് കരുത്തിൽ ഹൈദരാബാദ് ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റുകളായ ഭുവനേശ്വർ കുമാറും ടി നടരാജനും നിഷ്പ്രഭമായി.

കൊൽക്കത്ത: അവസാന ഓവറുകളിൽ ആഞ്ഞടിച്ച റസൽ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഹൈദരാബാദ്. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 209 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കെകെആർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. എട്ടാമനായി ക്രീസിലെത്തി തകർത്തടിച്ച വിൻഡീസ് താരം ആന്ദ്രെ റസലിന്റെ മികവിലാണ് 17ാം സീസണിലെ ആദ്യ 200 റൺസ് നേട്ടം സ്വന്തം തട്ടകമായ ഈഡൻ ഗാർഡനിൽ കെകെആർ സ്വന്തമാക്കിയത്. 25 പന്തിൽ ഏഴ് സിക്സറും മൂന്ന് ബൗണ്ടറിയും സഹിതം 64 റൺസെടുത്ത റസൽ പുറത്താകാതെ നിന്നു. 15 പന്തിൽ 23 റൺസുമായി റിങ്കുസിങ് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ തുടരെ സിക്‌സർ പറത്തിയ വിൻഡീസ് ഓൾറൗണ്ടറുടെ ബാറ്റിങ് കരുത്തിൽ ഹൈദരാബാദ് ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റുകളായ ഭുവനേശ്വർ കുമാറും ടി നടരാജനും നിഷ്പ്രഭമായി.

നേരത്തെ കെകെആറിന്റെ തുടക്കം മികച്ചതായിരുന്നില്ല. തുടരെ വിക്കറ്റുകൾ നഷ്ടമായ മുൻ ചാമ്പ്യൻമാരെ ജേസൻ റോയിക്ക് പകരം ടീമിലെത്തിയ ഫിൽ സാൾട്ടിന്റെ അർധ സെഞ്ച്വറിയാണ് രക്ഷക്കെത്തിയത്. 40 പന്തിൽ 54 റൺസ് നേടിയ സാൾട്ടിനെ മയങ്ക് മാർക്കണ്ഡെ മടക്കി. ഓപ്പണിങ് സ്ഥാനകയറ്റം ലഭിച്ച സുനിൽ നരേൻ (2) റൺസുമായി റണ്ണൗട്ടായി. വെങ്കിടേഷ് അയ്യർ(7), ക്യാപ്റ്റൻ ശ്രേയസ് അയ്യർ(0)നിതീഷ് റാണ(9) എന്നിവർ വേഗത്തിൽ പുറത്തായതോടെ ഒരുഘട്ടത്തിൽ കൊൽക്കത്ത വലിയ തിരിച്ചടി നേരിട്ടു. എന്നാൽ ആറാമതായി ക്രീസിലെത്തിയ യുവതാരം രമൺദീപ് സിംഗ് മികച്ച പിന്തുണ നൽകി.

17 പന്തിൽ 35 റൺസ് നേടിയ ഇന്ത്യൻ താരം ഫിൽസാൾട്ടിനൊപ്പം സ്‌കോറിങ് വേഗംകൂട്ടി. ഒടുവിൽ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രമൺദീപിനെ പുറത്താക്കി പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറുകളിൽ ഒന്നിച്ച ആന്ദ്രെ റസൽ-റിങ്കുസിങ് കൂട്ടുകെട്ട് ആഞ്ഞടിച്ചതോടെ മികച്ച ടോട്ടലിലേക്ക് ആതിഥേയർക്കെത്താനായി. സൺറൈസേഴ്‌സ് നിരയിൽ നടരാജൻ മൂന്ന് വിക്കറ്റും മയങ്ക് മാർക്കണ്ഡെ രണ്ടുവിക്കറ്റും നേടി. ഹൈദരാബാദ് നിരയിൽ കമ്മിൻസിന് പുറമെ ഓവർസീസ് താരങ്ങളായി മാർക്കോ ജാൻസൻ, ഹെന്റിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം എന്നിവരാണ് സ്ഥാനംപിടിച്ചത്.

Similar Posts