Cricket
അന്ന് ഓസീസിനായി വാംഖഡെയിൽ മാക്‌സ്‌വെലിന്റെ  ഇരട്ട സെഞ്ച്വറി; ഇന്ന് അതേ ഗ്രൗണ്ടിൽ പൂജ്യത്തിന് പുറത്ത്
Cricket

അന്ന് ഓസീസിനായി വാംഖഡെയിൽ മാക്‌സ്‌വെലിന്റെ ഇരട്ട സെഞ്ച്വറി; ഇന്ന് അതേ ഗ്രൗണ്ടിൽ പൂജ്യത്തിന് പുറത്ത്

Sports Desk
|
11 April 2024 5:11 PM GMT

ഈ സീസണിൽ ഇതുവരെ ആറു ഇന്നിങ്‌സുകളിൽ നിന്നായി 32 റൺസാണ് ഓസീസ് താരത്തിന്റെ സമ്പാദ്യം

മുംബൈ: മാസങ്ങൾക്ക് മുൻപ് ഏകദിന ലോകകപ്പിൽ പരിക്കിനെ വകവെക്കാതെ തകർപ്പൻ പ്രകടനവുമായി ആസ്‌ത്രേലിയയെ വിജയത്തിലെത്തിച്ച ഇന്നിങ്‌സ്. ഇന്ന് അതേ മൈതാനത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി വീണ്ടും കളത്തിലിറങ്ങിയപ്പോൾ പൂജ്യത്തിന് പുറത്ത്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെലിന്റെ രണ്ട് ഇന്നിങ്‌സുകൾ ചർച്ചയാക്കി ആരാധകർ.

രാജ്യത്തിനായി അത്യുജ്ജ്വല ഫോമിൽ കളിക്കുമ്പോഴും ഐപിഎല്ലിൽ മോശം പ്രകടനം നടത്തുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് 35 കാരനും ഇതോടെ ഇടം പിടിക്കുന്നത്. ഈ സീസണിൽ ഇതുവരെ ആറു ഇന്നിങ്‌സുകളിൽ നിന്നായി 32 റൺസാണ് ഓസീസ് താരത്തിന്റെ സമ്പാദ്യം. 28 റൺസാണ് ടോപ് സ്‌കോർ. മൂന്ന് തവണയാണ് ഈ സീസണിൽ മാത്രം പൂജ്യത്തിന് പുറത്തായത്. മാക്‌സ്‌വെൽ ഫോമിലേക്കുയരാത്തത് മധ്യ ഓവറുകളിൽ ആർസിബിയുടെ പ്രകടനത്തെയും ബാധിച്ചു. അഞ്ച് മത്സരങ്ങളിൽ ഒരു ജയംമാത്രമാണ് ടീമിന് നേടാനായത്. മുംബൈക്കെതിരായ മത്സരത്തിൽ സ്പിന്നർ ശ്രേയസ് ഗോപാലാണ് ഓസീസ് താരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്. നാല് പന്ത് നേരിട്ടാണ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്. കഴിഞ്ഞവർഷം നവംബറിലാണ് അഫ്ഗാനിസ്താനെതിരായ മത്സരത്തിലാണ് മാക്‌സ്‌വെൽ അവസാനമായി വാംഖഡെയിൽ ബാറ്റിങിനിറങ്ങിയത്.

അന്ന് ഡബിൾ സെഞ്ച്വറി തികച്ചാണ് ടീമിന്റെ വിജയ ശിൽപിയായത്. അവിശ്വസിനീയമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലായിരുന്നു ടീമിന്റെ രക്ഷക്കെത്തിയത്. കളിക്കിടെ നേരിട്ട പേശിവലിവ് വകവെക്കാതെ 128 പന്തിൽ നിന്നായിരുന്നു ആദ്യ ഇരട്ടശതകം സ്വന്തമാക്കിയത്. പാറ്റ് കമ്മിൻസുമായി എട്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന പാർട്ണർഷിപ്പും സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്റെ 292 റൺസ് വിജയലക്ഷ്യം നേരിട്ട ഓസീസ് ഒരുഘട്ടത്തിൽ തോൽവി അഭിമുഖീകരിച്ചിരുന്നു. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച മാക്‌സ്‌വെൽ അവസാന ഓവറുകളിൽ തുടരെ ബൗണ്ടറിയും സിക്‌സറും നേടി ടീമിനെ വിജയതീരത്തെത്തിച്ചു. എന്നാൽ അതേ വാംഖഡെയിൽ വീണ്ടുമെത്തിയ താരത്തിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.ഇതോടെ താരത്തിനെതിരെ ട്രോളുകളുമായി സമൂഹ മാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തി. കിങ്‌സ് ഇലവൻ പഞ്ചാബിൽ കളിച്ചിരുന്ന മാക്‌സ്‌വെൽ തിരിച്ചെത്തിയിരുക്കുന്നുവെന്നാണ് ഒരു കമന്റ്.

Similar Posts