Cricket
അന്ന് അവന് അവസരം നൽകാനാവാത്തതിൽ ദു:ഖമുണ്ട്; ഇന്ത്യൻ സൂപ്പർ താരത്തെ കുറിച്ച് ഗൗതം ഗംഭീർ
Cricket

അന്ന് അവന് അവസരം നൽകാനാവാത്തതിൽ ദു:ഖമുണ്ട്; ഇന്ത്യൻ സൂപ്പർ താരത്തെ കുറിച്ച് ഗൗതം ഗംഭീർ

Sports Desk
|
13 May 2024 12:35 PM GMT

നാല് വർഷത്തിന് ശേഷം കൊൽക്കത്തയിൽ നിന്ന് മുംബൈ ഇന്ത്യൻസിലെത്തിയതോടെയാണ് താരത്തിന്റെ ഭാഗ്യം തെളിഞ്ഞത്.

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന സമയത്ത് ഇന്ത്യൻ താരത്തിന് അവസരം നൽകാനാവാത്തതിലെ നിരാശ പങ്കുവെച്ച് ഗൗതം ഗംഭീർ. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി 20 ബാറ്ററായ സൂര്യകുമാർ യാദവിനെ കുറിച്ചാണ് സ്‌പോർട്‌സ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഗംഭീർ നിലപാട് വ്യക്തമാക്കിയത്. 2014ലാണ് മുംബൈയിൽ നിന്ന് സൂര്യ കൊൽക്കത്തയിലെത്തിയത്.

മൂന്നാം നമ്പറിൽ മറ്റു പ്രധാന താരങ്ങളുണ്ടായതിനാൽ അന്ന് കെകെആർ നിരയിൽ സ്‌കൈ ഭൂരിഭാഗം മത്സരങ്ങളിലും പുറത്തായിരുന്നു. അന്ന് നായകൻ ഗംഭീറായിരുന്നു. ഇതോടെയാണ് താരത്തിന്റെ പ്രതിഭ തിരിച്ചറിയാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്ന് ഗംഭീർ അഭിപ്രായപ്പെട്ടത്. ടീം കോമ്പിനേഷനായിരുന്നു തടസമായത്. താരാധിത്യം കാരണം സൂര്യകുമാറിനെ 6-7 പൊസിഷനിൽ ഇറക്കാനുമായില്ല. ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, സുനിൽ നരേൻ എന്നിവരെല്ലാമാണ് ഈ പൊസിഷനിൽ സൂര്യയോട് മത്സരിക്കാനുണ്ടായിരുന്നത്.

നാല് വർഷത്തിന് ശേഷം കൊൽക്കത്തയിൽ നിന്ന് മുംബൈ ഇന്ത്യൻസിലെത്തിയതോടെയാണ് താരത്തിന്റെ ഭാഗ്യം തെളിഞ്ഞത്. വൺഡൗൺ പൊസിഷനിൽ സ്‌കൈയെ പരീക്ഷിച്ചതിൽ മുംബൈ വിജയിച്ചു. ഐപിഎല്ലിലെ അത്യുഗ്രൻ പ്രകടനത്തിലൂടെ 30 വയസിന് ശേഷം ദേശീയ ടീമിലേക്കും സ്‌കൈയെ തേടി വിളിയെത്തി. 'സൂര്യകുമാർ യാദവ് ഒരു ഫോർമാറ്റ് കളിക്കാരനല്ല. എല്ലാ ഫോർമാറ്റുകളിലും മികവ് പുലർത്താൻ അദ്ദേഹത്തിന് കഴിവുണ്ട്. സ്വയം ഒരു ഫോർമാറ്റ് കളിക്കാരനാക്കിയാൽ കരിയറിൽ നേട്ടങ്ങൾ കൈവരിക്കില്ല. ഏകദിന ഫോർമാറ്റിൽ അയാൾ മികവിലേക്കുയരുമെന്നും ഗംഭീർ പറഞ്ഞു

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായി 2011 മുതൽ 17 സീസണുകളിലാണ് ഗംഭീറുണ്ടായിരുന്നത്. രണ്ട് ഐപിഎൽ കിരീടവും ഫ്രാഞ്ചൈസി സ്വന്തമാക്കി. 2012,14 വർഷങ്ങളിലായിരുന്നു നേട്ടം. നിലവിൽ മെന്ററുടെ റോളിൽ വീണ്ടും കൊൽക്കത്തയിലെത്തിയ ഗംഭീർ ടീമിനെ പ്ലേഓഫിലെത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. മുൻ സീസണുകളിൽ മോശം ഫോമിലായിരുന്ന സുനിൽ നരെയ്‌നെ ഓപ്പണിങ് റോളിൽ ഇറക്കിയത് ഗംഭീറിന്റെ മികച്ച നീക്കമായിരുന്നു.

Similar Posts