Cricket
തകര്‍ന്നടിഞ്ഞ് ബാംഗ്ലൂര്‍; കൊല്‍ക്കത്തയ്ക്ക് 93 റണ്‍സ് വിജയലക്ഷ്യം
Cricket

തകര്‍ന്നടിഞ്ഞ് ബാംഗ്ലൂര്‍; കൊല്‍ക്കത്തയ്ക്ക് 93 റണ്‍സ് വിജയലക്ഷ്യം

Web Desk
|
20 Sep 2021 3:56 PM GMT

19 ഓവറില്‍ നിന്ന് 92 റണ്‍സ് എടുക്കുന്നതിനിടെ ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് അവസാനിച്ചു

കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് നിര. 19 ഓവറില്‍ നിന്ന് 92 റണ്‍സ് എടുക്കുന്നതിനിടെ ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് അവസാനിച്ചു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത കോലിയെ പ്രസിദ് കൃഷ്ണയാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പിന്നീടെത്തിയ ശ്രീകാര്‍ ഭരത്ത്- ദേവദത്ത് സഖ്യം ടീമിനെ പതുക്കെ താളത്തിലേക്ക് എത്തിക്കുമെന്ന് സൂചന നല്‍കിയെങ്കിലും ലോക്കി ഫെര്‍ഗൂസന്‍ ഇരുവരുടെയും കൂട്ടുക്കെട്ട് തകര്‍ത്തു. 22 റണ്‍സെടുത്ത ദേവദത്തിനെയാണ് ഫെര്‍ഗൂസന്‍ പവലിയനിലേക്ക് അയച്ചത്.

സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാംഗ്ലൂരിന് അടുത്ത വിക്കറ്റും നഷ്ടമായി. ശ്രികാര്‍ ഭരത്താണ് പുറത്തായത്. പിന്നീട് എത്തിയ ഡീവില്ലേഴ്‌സിനെ ആദ്യ ബോളില്‍ തന്നെ പുറത്താക്കി ആന്ദ്രേ റസല്‍ കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും സച്ചിന്‍ ബേബിയെയും ഹസരങ്കയെയും പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബാംഗ്ലൂരിന്റെ പതനത്തിന്റെ ആഴം വര്‍ധിപ്പിച്ചു.

പിന്നീടെത്തിയ ജെമിയ്‌സണ്‍ നാലും ഹര്‍ഷല്‍ പട്ടേല്‍ 12 റണ്‍സും കൂട്ടിച്ചേര്‍ത്ത് പവലിയനിലേക്ക് മടങ്ങി. പത്താമനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജ് എട്ട് റണ്‍സും കൂട്ടിച്ചേര്‍ത്ത് പുറത്തായതോടെ ബാഗ്ലൂരിന്റെ ഇന്നിങ്‌സ് 92 റണ്‍സിന് അവസാനിച്ചു. 22 റണ്‍സ് നേടിയ ദേവദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍.

കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്ര റസലും മൂന്നും ലോക്കി ഫെര്‍ഗൂസന്‍ രണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും നേടി.

Related Tags :
Similar Posts