ഐപിഎൽ ഇന്ത്യയിൽ തന്നെ; മാർച്ച് 22 ന് ആരംഭിച്ചേക്കും
|നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മത്സരങ്ങൾ ഇന്ത്യക്ക് പുറത്താണ് സംഘടിപ്പിച്ചിരുന്നത്.
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്താൻ ആലോചന. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ മതിയായ സുരക്ഷയൊരുക്കാനാവാത്ത സാഹചര്യത്തിൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജ്യത്ത് തന്നെ നടത്താനാകുമോയെന്ന് ബി.സി.സി.ഐ അധികൃതർ പരിശോധിക്കുന്നത്.
ഐപിഎൽ 17ാം പതിപ്പ് മാർച്ച് 22 മുതൽ തുടങ്ങാനാണ് തീരുമാനം. മാർച്ച്-ഏപ്രിലിലാകും ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഏതെങ്കിലും സംസ്ഥാനത്തിന് ഐപിഎൽ വേദിയാകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രം മറ്റൊരു വേദിയെ കുറിച്ച് ചിന്തിക്കാമെന്നാണ് ബി.സി.സി.ഐ അധികൃതർ വ്യക്തമാക്കുന്നത്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മത്സരങ്ങൾ ഇന്ത്യക്ക് പുറത്താണ് സംഘടിപ്പിച്ചിരുന്നത്. യു.എ.ഇ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾ ഐ.പി.എൽ വേദിയായിരുന്നു. പുതിയ സീസണിലേക്കുള്ള താരലേലം കഴിഞ്ഞ മാസം ദുബൈയിലാണ് നടന്നത്. ജൂൺ ഒന്ന് മുതൽ ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഇതിന് മുമ്പായി ഐപിഎൽ മത്സരങ്ങൾ തീർക്കേണ്ടതുണ്ട്.
ഇത്തവണ താരലേലത്തിൽ ആസ്‌ത്രേലിയൻ പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെ റെക്കോർഡ് തുകക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. 24.75 കോടിക്കാണ് ഓസീസ് താരം എ.ടി.കെയിലെത്തിയത്. കഴിഞ്ഞ വർഷം ലേല നടപടികൾ കണ്ടതിനേക്കാൾ 57 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്. നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സാണ് ഐ.പി.എൽ ചാമ്പ്യൻമാർ. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് കീഴടക്കിയത്. ഇത്തവണ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി തീരുമാനിച്ചത് ഐപിഎൽ തുടങ്ങുന്നതിന് മാസങ്ങൾക്ക് തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.