Cricket
ധോണിയെന്തിന് വെള്ളകുപ്പിയെറിയാൻ ശ്രമിച്ചു; ചർച്ചയാക്കി ആരാധകർ-വീഡിയോ
Cricket

ധോണിയെന്തിന് വെള്ളകുപ്പിയെറിയാൻ ശ്രമിച്ചു; ചർച്ചയാക്കി ആരാധകർ-വീഡിയോ

Sports Desk
|
24 April 2024 1:53 PM GMT

ക്യാമറക്ക് നേരെ ബോട്ടിൽ എറിയാനാണ് ധോണി ശ്രമിച്ചത്.

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ്-ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മത്സരം. മൊഹ്‌സിൻ ഖാൻ എറിഞ്ഞ 17ാം ഓവർ. ക്രീസിലുള്ളത് ശിവം ദുബെയും റിതുരാജ് ഗെയിക്‌വാദും. അടുത്തതായി ഇറങ്ങാൻ തയാറെടുപ്പ് നടത്തുന്ന മഹേന്ദ്ര സിങ് ധോണിയിലേക്ക് ക്യാമറ തിരിഞ്ഞു. ഗ്യാലറിയിലെ ബിഗ്‌ സ്‌ക്രീനിൽ ഗഡൗട്ടിൽ തയാറെടുപ്പ് നടത്തുന്ന 'തല' ധോണിയുടെ ദൃശ്യം തെളിഞ്ഞതോടെ ആരവങ്ങൾ മുഴങ്ങി. ഇതിനിടെ എംഎസ്ഡിയുടെ ആംഗ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായത്.

ക്യാമറക്ക് നേരെ ബോട്ടിൽ എറിയാനാണ് ധോണി ശ്രമിച്ചത്. അൽപം ഗൗരവത്തോടെയാണ് താരം കുപ്പിയോങ്ങിയതെന്ന് വീഡിയോയിൽ വ്യക്തമായി. എന്നാൽ ഇത് തമാശയായി ചെയ്തതാണെന്ന് ആരാധകർ പറയുമ്പോൾ ടീം പ്രകടനത്തിലെ നിരാശകൊണ്ടുള്ള പ്രതികരമാണെന്ന് മറുഭാഗവും ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പത്തുസെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം വൈറലായി. മുൻ ഇന്ത്യൻ നായകൻ അത്തരത്തിൽ പ്രതികരിക്കുന്നയാളല്ലെന്നും ഇത് തമാശയായി ചെയ്തതാണെന്നും ആരാധകർ പറയുന്നു. കളിയിൽ അവസാന ഓവറിൽ ക്രീസിലെത്തിയ ധോണി നേരിട്ട ആദ്യപന്തിൽതന്നെ ബൗണ്ടറി നേടി ടീം സ്‌കോർ 210ലെത്തിച്ചിരുന്നു.

ചെപ്പോക്കിൽ അത്യന്തം ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ആറു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ചെന്നൈ വിജയ ലക്ഷ്യമായ 211 റൺസ് മൂന്ന് പന്തുകൾ ബാക്കിനിൽക്കെയാണ് മറികടന്നത്. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓസീസ് ഓൾറൗണ്ടർ സ്റ്റോയിനിസാണ് വിജയ തീരത്തെത്തിച്ചത്. 63 പന്തിൽ ആറു സിക്സറും 13 ഫോറും സഹിതം 124 റൺസാണ് സ്റ്റോയിനിസ് ചെപ്പോക്കിൽ അടിച്ചെടുത്തത്. നിക്കോളാസ് പുരാൻ 15 പന്തിൽ 34, ദീപക് ഹൂഡ 6 പന്തിൽ 17 മികച്ച പിന്തുണ നൽകി. ചെന്നൈക്കായി ശ്രീലങ്കൻ പേസർ മതീഷ പതിരണ രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആതിഥേയർ ക്യാപ്റ്റൻ ഗെയിക്വാദിന്റെ സെഞ്ച്വറി കരുത്തിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസിന്റെ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്.

Similar Posts