Cricket
കരുതിയിരിക്കണം മുംബൈയെ; ബെംഗളൂരുവിനെതിരെ ഏഴു വിക്കറ്റിന്റെ ആധികാരിക ജയം
Cricket

കരുതിയിരിക്കണം മുംബൈയെ; ബെംഗളൂരുവിനെതിരെ ഏഴു വിക്കറ്റിന്റെ ആധികാരിക ജയം

Sports Desk
|
11 April 2024 1:53 PM GMT

34 പന്തിൽ 64 റൺസുമായി ഇഷാൻ കിഷൻ ടോപ് സ്‌കോററായി. പരിക്ക്മാറി മടങ്ങിയെത്തിയ സൂര്യകുമാർ യാദവ് (19 പന്തിൽ 52), രോഹിത് ശർമ്മ (24 പന്തിൽ 38) മികച്ചുനിന്നു.

മുംബൈ: എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി ഐപിഎല്ലിൽ ശക്തമായ തിരിച്ചുവരവ് നടത്തി മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിന് തകർത്തു. ആർസിബി വിജയലക്ഷ്യമായ 197 റൺസ് 27 പന്തുകൾ ബാക്കിനിൽക്കെ മുൻ ചാമ്പ്യൻമാർ മറികടന്നു. 34 പന്തിൽ 64 റൺസുമായി ഇഷാൻ കിഷൻ ടോപ് സ്‌കോററായി. പരിക്ക്മാറി മടങ്ങിയെത്തി രണ്ടാം മത്സരം കളിച്ച സൂര്യകുമാർ യാദവ് (19 പന്തിൽ 52), രോഹിത് ശർമ്മ (24 പന്തിൽ 38) മികച്ചുനിന്നു. ബാറ്റിങിനിറങ്ങിയവരെല്ലാം അടിച്ചുതകർത്ത മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ഭീഷണിയാകാൻ ബെംഗളൂരുവിനായില്ല. സീസണിലെ രണ്ടാം ജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ പോയന്റ് ടേബിളിൽ ഏഴാംസ്ഥാനത്തേക്കുയർന്നു. സ്‌കോർ: ആർസിബി 20 ഓവറിൽ എട്ടിന് 196, മുംബൈ: 15.3 ഓവറിൽ 199-3.

സ്വന്തം തട്ടകമായ വാംഖഡെയിൽ 197 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ആതിഥേയർക്ക് ഓപ്പണിങിൽ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് സ്വപ്‌ന തുല്യമായ തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച ഇഷാൻ കിഷൻ സ്‌കോറിംഗ് അതിവേഗം ചലിപ്പിച്ചു. കരുതലോടെ തുടങ്ങിയ ഹിറ്റ്മാൻ കിഷന് മികച്ച പിന്തുണ നൽകി. 9ാം ഓവറിൽതന്നെ മുംബൈ നൂറുകടന്നു. ഒടുവിൽ ആകാഷ് ദീപ് സിങിന്റെ ഓവറിൽ 101 റൺസിൽ നിൽക്കെ ഇഷാൻ കിഷൻ(69) പുറത്തായി. എന്നാൽ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് കിഷാനേക്കാൾ അപകടകാരിയായി. മാസങ്ങൾക്ക് ശേഷം സ്‌കൈ 360 പ്രകടനത്തിനാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്. നാല് സിക്‌സറും അഞ്ച് ബൗണ്ടറിയുമായി 17 പന്തിൽ അർധ സെഞ്ച്വറി തികച്ച സ്‌കൈ സീസണിലെ രണ്ടാമത്തെ അതിവേഗ അർധശതകവും സ്വന്തമാക്കി. ഒടുവിൽ വൈശാഖ് വിജയകുമാറിന്റെ ഓവറിൽ ലോംറോർ പിടിച്ച് സ്‌കൈ പുറത്താകുമ്പോഴേക്ക് ആതിഥേയർ വിജയത്തോടടുത്തിരുന്നു. സ്‌കൈ നിർത്തിയിടത്തുനിന്ന് തുടങ്ങിയ ഹാർദിക് പാണ്ഡ്യ ആറു പന്തിൽ 21 റൺസും തിലക് വർമ്മ 10 പന്തിൽ 16 റൺസുമായി അനായാസം വിജയ തീരത്തെത്തിച്ചു.

നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസിന്റെ സ്‌കോറാണ് ബെംഗളൂരു പടുത്തുയർത്തിയത്. ഫാഫ് ഡുപ്ലെസിസ്( 40 പന്തിൽ 61), പടിദാർ(26 പന്തിൽ 50), ദിനേശ് കാർത്തിക് (23 പന്തിൽ 53) എന്നിവർ ബെംഗളൂരുവിനായി അർധ സെഞ്ച്വറി നേടി. മുംബൈ നിരയിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. 4 ഓവറിൽ 21 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ബെംഗളൂരുവിന്റെ തുടക്കം മോശമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെ സ്‌കോർ ബോർഡിൽ 14 റൺസ് തെളിയുമ്പോഴേക്ക് നഷ്ടമായി.

മൂന്ന് റൺസെടുത്ത താരത്തെ ജസ്പ്രീത് ബുംറ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. ഓസീസ് താരം കാമറൂൺ ഗ്രീനിന് പകരം ടീമിൽ ഇടംപിടിച്ച ഇംഗ്ലീഷ് താരം വിൽ ജാക്സ്(8)നെ ആകാശ് മധ്വാൾ മടക്കി. ഇതോടെ ടീം പ്രതിരോധത്തിലേക്ക് നീങ്ങി. എന്നാൽ ഒരറ്റത്ത് ആംഗൾ റോളിൽ കളിച്ച ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. മറുവശത്ത് രജത് പടിദാറും മികച്ച പിന്തുണ നൽകിയതോടെ മധ്യ ഓവറുകളിൽ സന്ദർശകരുടെ സ്‌കോറിംഗ് വേഗംകൂടി.

മുൻ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ പടിദാർ ഫോമിലേക്കുയർന്നത് പ്രതീക്ഷ നൽകുന്നതായി. എന്നാൽ സ്‌കോർ 105ൽ നിൽക്കെ പടിദാറിനെ ജെറാഡ് ക്വാർട്സി പുറത്താക്കി. തുടർന്ന് ഇറങ്ങിയ ഓസീസ് താരം ഗ്ലെൻ മാക്സ്വെൽ പൂജ്യത്തിന് മടങ്ങി. തുടർന്ന് ക്രീസിലെത്തിയ ദിനേശ് കാർത്തിക് മുൻ മത്സരങ്ങളിലെ ഫോം തുടർന്നു. ആകാശ് മധ്വാൾ എറിഞ്ഞ 20ാം ഓവറിൽ രണ്ട് സിക്സും ബൗണ്ടറിയും സഹിതം 19 റൺസാണ് ഡികെ നേടിയത്. മറുവശത്ത് ജസ്പ്രീത് ബുംറ വാലറ്റവിക്കറ്റുകൾ വീഴ്ത്തുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന കാർത്തിക് ബെംഗളൂരുവിനെ മികച്ച സ്‌കോറിലേക്കെത്തിച്ചു.

Related Tags :
Similar Posts