'ഐ.പി.എൽ എൽ-ക്ലാസിക്കോ'; ചെന്നൈയും മുംബൈയും നേർക്കുനേർ
|ഐ.പി.എല്ലിന്റെ 15ാം പതിപ്പിൽ മോശം പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്
മുംബൈ: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. പോയിന്റ് പട്ടികയിൽ അവസാനക്കാരാണെങ്കിലും ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ തീപാറുമെന്ന് ഉറപ്പാണ്. 14 ഐ.പി.എൽ സീസണുകളിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമാണ് ഇരുവരും. 5 തവണ മുംബൈയും 4 തവണ ചെന്നൈയും ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്.
അതേസമയം, ഐ.പി.എല്ലിന്റെ 15ാം പതിപ്പിൽ മോശം പ്രകടനമാണ് ഇരുടീമുകളും പുറത്തെടുക്കുന്നത്. 6 കളിയിൽ നിന്ന് 2 പോയിന്റുമായി ചെന്നൈ പട്ടികയിൽ 9ാം സ്ഥാനത്തും അത്രയും കളിയിൽ നിന്ന് ഒരു പോയിന്റും നേടാതെ മുംബൈ പട്ടികയിൽ അവസാനക്കാരാണ്.
ഇതുവരെ ഇരുടീമുകളും 32 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 19 മത്സരങ്ങളിൽ മുംബൈയും 13 മത്സരങ്ങളിൽ ചെന്നൈയും ജയിച്ചു. ഈ സീസണിൽ നേരിയ മുൻതൂക്കം ചെന്നൈയ്ക്ക് ഉണ്ടെങ്കിലും ഏത് സമയത്തും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന ടീമാണ് മുംബൈ.ആദ്യം ജയം നേടാൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സംഘവും ശ്രമിക്കുമ്പോൾ ഇവരെ തളയ്ക്കാൻ ചെന്നൈ നന്നായി വിയർക്കുമെന്ന് ഉറപ്പാണ്. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് മത്സരം.