ഐ.പി.എൽ: സഞ്ജുപ്പടയും ധവാൻ സംഘവും ഇന്ന് നേർക്കുനേർ; ഏറ്റുമുട്ടൽ മുൻ വിജയത്തിന്റെ കരുത്തോടെ
|ആദ്യ കളിയിൽ ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വസത്തിലാണ് ഇന്ന് പഞ്ചാബ് കിങ്സിനെ അവർ നേരിടാനൊരുങ്ങുന്നത്.
ഗുവാഹത്തി: ഐ.പി.എല്ലിൽ ഇന്ന് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിങ്‌സും തമ്മിൽ ഏറ്റുമുട്ടും. ആദ്യമായി അസമിൽ നടക്കുന്ന ഐ.പി.എൽ മത്സരം എന്ന പ്രത്യേകത കൂടി ഇന്നത്തെ കളിക്കുണ്ട്. ഇരു ടീമുകളും മുൻ കളിയിൽ എതിരാളികളെ കെട്ടുകെട്ടിച്ചാണ് ഇന്ന് പരസ്പരം പോരിനിറങ്ങുന്നത്.
അസമിലെ ഗുവാഹത്തി ബർസാപര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആദ്യമായാണ് അസമിലേക്ക് ഐ.പി.എൽ എത്തുന്നത്. മികച്ച ഫോമിലാണ് സഞ്ജുപ്പട. ആദ്യ കളിയിൽ ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വസത്തിലാണ് ഇന്ന് പഞ്ചാബ് കിങ്സിനെ അവർ നേരിടാനൊരുങ്ങുന്നത്.
ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്ത് വച്ച് നടന്ന ആദ്യ മത്സരത്തിൽ ബാറ്റു കൊണ്ടും പന്തുകൊണ്ടും മികവ് പുറത്തെടുത്ത രാജസ്ഥാൻ കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു. അര്‍ധ സെഞ്ച്വറികളുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും ജോസ് ബട്‍ലറും യശസ്വി ജയസ്വാളും തകര്‍ത്തടിച്ച മത്സരത്തിൽ 72 റണ്‍സിനാണ് ഹൈദരാബാദിനെ തകര്‍ത്തത്. ഇന്നത്തെ മത്സരത്തിലും വിജയം തുടരാനാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്.
രാജസ്ഥാന്‍ ഉയര്‍ത്തിയ 203 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 131 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ആദ്യ മത്സരത്തിൽ പഞ്ചാബ് തോൽപിച്ചത്. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഏഴു റണ്‍സിനായിരുന്നു ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഭാനുക രജപക്സ, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ എന്നിവരുടെ ഇന്നിങ്സുകളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിരുന്നു. 32 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം രജപക്സ 50 റണ്‍സും 29 പന്തുകള്‍ നേരിട്ട ധവാന്‍ ആറ് ബൗണ്ടറിയടക്കം 40 റണ്‍സും എടുത്തിരുന്നു. ഇന്നും ഇരു താരങ്ങളിലുമാണ് പഞ്ചാബിന്റെ പ്രതീക്ഷ.
രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടാണ് ഗുവാഹത്തിയിലേത്. ജയ്പൂരിന് പുറമെ ഗുവാഹത്തിയെയാണ് രാജസ്ഥാൻ രണ്ടാമത്തെ ഹോംഗ്രൗണ്ടായി പ്രഖ്യാപിച്ചത്. സീസണിൽ രാജസ്ഥാന്റെ ആദ്യ ഹോം ഗ്രൗണ്ടും രണ്ടാമത്തെ മത്സരവുമാണ് ഇന്ന് നടക്കുക. ഗുവാഹത്തി ബാറ്റിങ് പിച്ചാണെന്നാണ് റിപ്പോർട്ട്. വൻ സ്‌കോറുകൾ നേടാനും ചേസ് ചെയ്യാനും കഴിയും. അതിനാൽ തന്നെ ടോസ് നേടുന്നവർ ആദ്യം ബൗൾ ചെയ്യാനാണ് സാധ്യത. ബൗളർമാർക്ക് വലിയ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.
രാജസ്ഥാന്‍ സാധ്യതാ ഇലവന്‍ ഇങ്ങനെ: ജോസ് ബട്ട്‌ലർ (വിക്കറ്റ്കീപ്പര്‍ ), യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (നായകന്‍), ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.
പഞ്ചാബ് കിങ്സ് ഇലവന്‍ ഇങ്ങനെ: പ്രഭ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പര്‍ ), ശിഖർ ധവാൻ (നായകന്‍ ), ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, സിക്കന്ദർ റാസ, സാം കുറാൻ, ഷാരൂഖ് ഖാൻ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.