Cricket
ഇനി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു; പേരുമാറ്റി കിരീടം പിടിക്കാൻ ആർ.സി.ബി
Cricket

ഇനി റോയൽ ചലഞ്ചേഴ്‌സ് 'ബെംഗളൂരു'; പേരുമാറ്റി കിരീടം പിടിക്കാൻ ആർ.സി.ബി

Sports Desk
|
19 March 2024 5:02 PM GMT

ഇത്തവണ നീലയും ചുവപ്പും ചേർന്ന ജേഴ്‌സിയിലായിരിക്കും ടീം ഇറങ്ങുക

ബെംഗളൂരു: ഐപിഎലിന് തൊട്ടു മുൻപായി പേരിൽ മാറ്റം വരുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇനി അറിയപ്പെടുക റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നായിരിക്കും. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2014ൽ നഗരത്തിന്റെ പേര് ബെംഗളൂരുവെന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെ തന്നെ ആരാധകരിൽ ഇത്തരമൊരു ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് ഔദ്യോഗികമായി ഇത്തരമൊരു മാറ്റം മാനേജ്‌മെന്റ് സ്വീകരിച്ചത്. കഴിഞ്ഞദിവസം വനിതാ പ്രീമിയർലീഗിൽ ആർ.സി.ബി കിരീടം ചൂടിയിരുന്നു. ചാമ്പ്യൻമാരായ വനിതാ ടീമിന് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിരുന്നു.

പേര് മാറ്റത്തിനോടൊപ്പം 17ാം പതിപ്പിലേക്കുള്ള ജേഴ്സിയും ആർസിബി ചടങ്ങിൽ പുറത്തിറക്കി. ഇത്തവണ നീലയും ചുവപ്പും ചേർന്ന ജേഴ്‌സിയിലായിരിക്കും ടീം ഇറങ്ങുക. 'ആർസിബി ചുവപ്പാണ്. ഇപ്പോൾ നീലയോട് ചേർന്നിരിക്കുന്നു. നിങ്ങൾക്കായി മികവ് പുലർത്താൻ പുതിയ കവചവുമായി ഞങ്ങൾ തയാറായിരിക്കുന്നു,' ജേഴ്സി പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ അധികൃതർ പങ്കുവെച്ചു.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം സൂപ്പർതാരം വിരാട് കോഹ്ലി ടീമിനൊപ്പം ചേർന്നിരുന്നു. ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ടീമിൽ രജത് പടിദാർ, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക്, മുഹമ്മദ് സിറാജ് ഉൾപ്പെടെ പ്രമുഖ താരങ്ങളുണ്ട്. ബാറ്റിങ് ശക്തമാണെങ്കിലും ബൗളിങ് ശക്തമല്ലെന്നതാണ് ടീമിന് തലവേദനയാകുന്നത്. വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സുമായാണ് ആർസിബിയുടെ ആദ്യ മത്സരം

Similar Posts