അവസാന ഓവറില്‍ തകര്‍ത്തടിച്ച് ശശാങ്ക് സിങ്; ആര്‍സിബിക്ക് വിജയ ലക്ഷ്യം 177 റണ്‍സ്
|ബെംഗളൂരുവിനായി മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ് വെലും രണ്ട് വിക്കറ്റുമായി തിളങ്ങി.
ബാംഗ്ലൂര്‍: ഐപിലില്‍ രണ്ടാം അങ്കത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരവിന്റെ വിജയലക്ഷ്യം 177 റണ്‍സ്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് സ്‌കോര്‍ ചെയ്തു. അവസനാ ഓവറില്‍ ആഞ്ഞടിച്ച ശശാങ്ക് സിങിന്റെ പ്രകടനമാണ്(എട്ട് പന്തില്‍ 21) പഞ്ചാബിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (45) പഞ്ചാബ് നിരയിലെ ടോപ് സ്‌കോറായി. ബെംഗളൂരുവിനായി മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ് വെലും രണ്ട് വിക്കറ്റുമായി തിളങ്ങി. അല്‍സാരി ജോസഫ് എറഞ്ഞ 20ാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 20 റണ്‍സാണ് നേടിയത്.
മൂന്നാം ഓവറില്‍ ഓപ്പണര്‍ ജോണി ബെയിസ്‌റ്റോയെ(8) നഷ്ടമായ ആതിഥേയര്‍ക്കായി ധവാന്‍-പ്രഭ്‌സിമ്രാന്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 17 പന്തില്‍ 25 റണ്‍സുമായി മുന്നേറുന്നതിനിടെ ഗ്ലെന്‍ മാക്‌സ്‌വെലിനെ കൂറ്റനടിക്ക് ശ്രമിച്ച പ്രഭ് സിമ്രാന്‍ പുറത്തായി. പിന്നാലെയെത്തിയ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണ്‍(17) വേഗത്തില്‍ മടങ്ങി. ആദ്യമത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ സാം കറണും(23) മടങ്ങിയതോടെ പഞ്ചാബ് സ്‌കോര്‍ 150 കടക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അവസാന ഓവറില്‍ ജിതേഷ് ശര്‍മ്മയും(27),ശശാങ്ക് സിങും(21) നടത്തിയ രക്ഷാപ്രവര്‍ത്തനം പൊരുതാവുന്ന സ്‌കോറിലേക്ക് പഞ്ചാബിനെ നയിച്ചു.
ആദ്യ മത്സരത്തില്‍ ഡെല്‍ഹിയെ തോല്‍പിച്ചാണ് പഞ്ചാബ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. മറുവശത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഉദ്ഘാടന മത്സരത്തില്‍ തോറ്റ ആര്‍സിബി ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.