ഐപിഎൽ ടീമുകൾ ആരെയൊക്കെ നിലനിർത്തും? ഇന്ന് രാത്രിയറിയാം
|പരമാവധി ഒരു ടീമിന് ലേലത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തുക 90 കോടിയാണ്. നാല് താരങ്ങളെ നിലനിർത്തിയാൽ പേഴ്‌സിൽ നിന്ന് 42 കോടി കുറഞ്ഞ് അത് 48 കോടിയാകും.
ഐപിഎൽ 2022 മെഗാലേലത്തിന് മുമ്പ് വിവിധ ടീമുകൾ ഏതൊക്കെ ആൾക്കാരെ നിലനിർത്തുമെന്ന് ഇന്ന് രാത്രിയറിയാം. നിലനിർത്താനുള്ള താരങ്ങളുടെ പേര് നൽകാനുള്ള അവസാന സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുമെങ്കിലും രാത്രി മാത്രമേ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവരികയുള്ളൂ. ലിസ്റ്റ് പ്രഖ്യാപനം രാത്രി 9.30 മുതൽ സ്റ്റാർ സ്‌പോർട്‌സിൽ തത്സമയം കാണാൻ സാധിക്കും.
വിവിധ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടികയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ടെങ്കിലും അതൊന്നും ഔദ്യോഗികമല്ല. പരമാവധി നാലു താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താൻ സാധിക്കുക. നിലനിർത്തുന്ന താരങ്ങളുടെ എണ്ണത്തിനുസരിച്ച് ലേലത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തുകയും വ്യത്യാസം വരും.
പരമാവധി ഒരു ടീമിന് ലേലത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തുക 90 കോടിയാണ്. നാല് താരങ്ങളെ നിലനിർത്തിയാൽ പേഴ്‌സിൽ നിന്ന് 42 കോടി കുറഞ്ഞ് അത് 48 കോടിയാകും. മൂന്ന് താരങ്ങളെയാണ് നിലനിർത്തുന്നതെങ്കിൽ 33 കോടി കുറഞ്ഞ് അത് 57 കോടിയായിരിക്കും. രണ്ട് താരങ്ങളെ മാത്രമാണ് നിലനിർത്തുന്നതെങ്കിൽ 24 കോടി രൂപയാണ് പേഴ്‌സിൽ നിന്ന് കുറയുക-പേഴ്‌സിൽ 66 കോടി ബാക്കിയുണ്ടാകും. ഇനി ഒരു താരത്തെ മാത്രമേ നിലനിർത്തുന്നുവെങ്കിൽ അയാൾക്ക് 14 കോടി നൽകേണ്ടി വരും, അങ്ങനെ വന്നാൽ പേഴ്‌സിൽ 76 കോടി രൂപ ബാക്കിയുണ്ടാകും. ആരെയും നിലനിർത്താതെയിരുന്നാൽ മാത്രമേ പരമാവധി തുകയായ 90 കോടി രൂപയും ഉപയോഗിക്കാൻ സാധിക്കൂ.
പുതുതായി വന്ന ലഖ്‌നൗവും അഹമ്മദാബാദുമടക്കം 10 ടീമുകളാണ് 2022 ഐപിഎല്ലിൽ മത്സരിക്കുക.
Summary: IPL Retention List Will be Out today