വീണ്ടും കില്ലർ മില്ലർ; ഹൈദരാബാദിനെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം
|തുടർച്ചയായി രണ്ടാം ജയത്തോടെ ഗുജറാത്ത് നാലാം സ്ഥാനത്തേക്കുയർന്നു.
അഹമ്മദാബാദ്: ഐപിഎലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ച് സീസണിലെ മൂന്നാംജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. സ്വന്തം തട്ടകമായ ഹൈദരാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടന്നു. സ്‌കോർ: സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ എട്ടിന് 162, ഗുജറാത്ത് 19.1 ഓവറിൽ മൂന്നിന് 168. 36 പന്തിൽ 45 റൺസെടുത്ത സായ് സുദർശനും 27 പന്തിൽ 44 റൺസെടുത്ത ഡേവിഡ് മില്ലറും ഗുജറാത്തിന്റെ വിജയ ശിൽപികളായി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 28 പന്തിൽ 36 റൺസും വൃദ്ധിമാൻ സാഹ 13 പന്തിൽ 25 റൺസും നേടി മികച്ച പിന്തുണ നൽകി. തുടർച്ചയായി രണ്ടാം ജയത്തോടെ ഗുജറാത്ത് നാലാംസ്ഥാനത്തേക്കുയർന്നു. ഹൈദരാബാദ് ആറാമതാണ്.
നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 163 റൺസാണ് നേടിയത്. ഡെത്ത് ഓവറുകൾ മികച്ച രീതിയിൽ എറിഞ്ഞ ഗുജറാത്ത് ഹൈദരാബാദിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. 14 പന്തിൽ 29 റൺസ് നേടി അബ്ദുൽ സമദും 20 പന്തിൽ 29 റൺസെടുത്ത് അഭിഷേക് ശർമ്മയും ടോപ് സ്‌കോററായി. ഗുജറാത്തിനായി മോഹിത് ശർമ്മ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 20ാം ഓവർ എറിഞ്ഞ വെറ്ററൻ താരം മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് നേടിയത്.
മുംബൈ ഇന്ത്യൻസിനെതിരെ നേടിയ റെക്കോർഡ് സ്‌കോർ നൽകിയ ആത്മവിശ്വാസവുമായി അഹമ്മദാബാദിൽ ഇറങ്ങിയ സൺറൈസേഴ്സിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. പവർപ്ലേയിൽ പ്രതീക്ഷിച്ചതുപോലെ റണ്ണൊഴുക്കുണ്ടായില്ല. ഓപ്പണിങിൽ മയങ്ക് അഗർവാളും(17 പന്തിൽ 16), ഓസീസ് താരം ട്രാവിസ് ഹെഡും(14 പന്തിൽ 19) 58 റൺസിൽ നഷ്ടമായി. മുംബൈക്കെതിരെ തകർത്തടിച്ച ഹെൻറിച് ക്ലാസൻ 13 പന്തിൽ 24 റൺത്ത് മികച്ച രീതിയിൽ മുന്നേറിയെങ്കിലും റാഷിദ്ഖാന്റെ പരിചയസമ്പത്തിന് മുന്നിൽ ക്ലീൻബൗൾഡായി. തൊട്ടുപിന്നാലെ എയ്ഡൻ മാർക്രം (19 പന്തിൽ 17) ഉമേഷ് യാദവിന്റെ ഓവറിൽ റാഷിദ്ഖാന് ക്യാച്ച് നൽകി മടങ്ങി. എന്നാൽ അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദും(19 പന്തിൽ 22), അബ്ദുൽ സമദും ചേർന്ന് ആഞ്ഞടിച്ചതോടെയാണ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇരു ടീമുകളും സീസണിൽ രണ്ട് കളിയിൽ ഓരോ ജയമാണ് നേടിയതെങ്കിലും പോയൻറ് പട്ടികയിൽ ഹൈദരാബാദ് നാലാമതും ഗുജറാത്ത് എട്ടാമതുമാണ്.