Cricket
ടോക് ക്ലാസ് ഹൈദരാബാദ്; ഐപിഎലിലെ ഉയര്‍ന്ന സ്‌കോര്‍,മുംബൈക്ക് ജയിക്കാന്‍ 278 റണ്‍സ്
Cricket

ടോക് 'ക്ലാസ്' ഹൈദരാബാദ്; ഐപിഎലിലെ ഉയര്‍ന്ന സ്‌കോര്‍,മുംബൈക്ക് ജയിക്കാന്‍ 278 റണ്‍സ്

Sports Desk
|
27 March 2024 4:07 PM GMT

ഒരുഘട്ടത്തില്‍ പോലും മുംബൈ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ തുടരെ സിക്‌സറും ഫോറും അടിച്ചെടുത്ത ഹൈദരാബാദ് കാണികള്‍ക്ക് ബാറ്റിങ് വെടിക്കെട്ടാണ് സമ്മാനിച്ചത്.

ഹൈദരാബാദ്:സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഐപിഎല്‍ ചരിത്രത്തിലേക്ക് ബാറ്റുവീശി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 2013ൽ പൂനെ വാരിയേഴ്സ് ഇന്ത്യക്കെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയ 263 റൺസാണ് പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം ഹെന്‍ട്രിച് ക്ലാസന്റെ(പുറത്താകാതെ 34 പന്തില്‍ 80 റണ്‍സ്)ആണ് ഓറഞ്ച് ആര്‍മിയെ വലിയ സ്‌കോറിലേക്ക് നയിച്ചത്. അഭിഷേക് ശര്‍മ്മ(23 പന്തില്‍ 63), ആസ്‌ത്രേലിയന്‍ താരം ട്രാവിസ് ഹെഡ്(24 പന്തില്‍ 62), എയ്ഡന്‍ മാര്‍ക്രം(28 പന്തില്‍ 42) എന്നിവരും മികച്ച പിന്തുണ നല്‍കി.

ഒരുഘട്ടത്തില്‍ പോലും മുംബൈ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ തുടരെ സിക്‌സറും ഫോറും അടിച്ചെടുത്ത ഹൈദരാബാദ് കാണികള്‍ക്ക് ബാറ്റിങ് വെടിക്കെട്ടാണ് ഒരുക്കിയത്. തുടക്കം മുതല്‍ അവസാനം വരെ തകര്‍ത്തടിച്ച ആതിഥേയരുടെ റണ്ണൊഴുക്ക് തടഞ്ഞു നിര്‍ത്താന്‍ ഒരുഘട്ടത്തില്‍പോലും ഹര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായില്ല. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 താരം ക്വെന മഫാകയും ജെറാഡ് ക്വാര്‍ട്‌സെയും പീയുഷ് ചൗളയും ഹാര്‍ദിക് പാണ്ഡ്യയും ഷംസ് മുലാനിയുമെല്ലാം എസ്ആര്‍എച്ച് താരങ്ങളുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ജസ്പ്രീത് ബുംറ മാത്രമാണ് അല്‍പമെങ്കിലും മികച്ചുനിന്നത്.

ഹൈദരാബാദിനായി ആദ്യമത്സരം കളിക്കുന്ന ആസ്‌ത്രേലിയന്‍താരം ട്രാവിസ് ഹെഡ്ഡാണ് വെടികെട്ടിന് തിരികൊളുത്തിയത്. സ്‌കോര്‍ 45ല്‍ നില്‍ക്കെ മയങ്ക് അഗര്‍വാളിനെ നഷ്ടമായെങ്കിലും പിന്നീട് കൂട്ടുചേര്‍ന്ന അഭിഷേക് ശര്‍മ്മ-ട്രാവിസ് ഹെഡ്ഡ് കൂട്ടുകെട്ട് റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തി. 24 പന്തില്‍ 62 റണ്‍സില്‍ നില്‍ക്കെ ട്രാവിസ് ഹെഡിനെ കോട്‌സെ പുറത്താക്കി. എന്നാല്‍ റണ്‍റേറ്റ് കുറയാതെ ആക്രമിച്ചു കളിച്ച അഭിഷേക് ശര്‍മ്മ സിക്‌സും ഫോറുമായി മുന്നോട്ട് നയിച്ചു. ഒടുവില്‍ പീയുഷ് ചൗളയുടെ പന്തില്‍ 63ല്‍ നില്‍ക്കെ താരം മടങ്ങിയെങ്കിലും ക്ലാസനും മാര്‍ക്രവും ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവസാനിപ്പിച്ചിടത്തുനിന്ന് തുടര്‍ന്ന ക്ലാസന്‍ ഏഴ് സിക്‌സറും നാല് ബൗണ്ടറിയും സഹിതമാണ് പുറത്താകാതെ 80 റണ്‍സ് നേടിയത്. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഒരു മാറ്റം വരുത്തിയാണ് മത്സരത്തിനിറങ്ങുന്നത്. മുംബൈ ടീമില്‍ ലൂക്ക് വുഡിന് പകരം ക്വെന മഫാകയും ഹൈദരാബാദ് നിരയില്‍ ടി നടരാജന് പകരം ജയ്ദേവ് ഉനദ്ഖടും ഇലവനില്‍ ഇടംനേടി

Related Tags :
Similar Posts