Cricket
ചെപ്പോക്കിൽ തകർത്തടിച്ച് സ്‌റ്റോയിനിസ്;ചെന്നൈക്കെതിരെ ലഖ്‌നൗവിന് ആറുവിക്കറ്റ് ജയം
Cricket

ചെപ്പോക്കിൽ തകർത്തടിച്ച് സ്‌റ്റോയിനിസ്;ചെന്നൈക്കെതിരെ ലഖ്‌നൗവിന് ആറുവിക്കറ്റ് ജയം

Sports Desk
|
23 April 2024 4:03 PM GMT

63 പന്തിൽ ആറു സിക്‌സറും 13 ഫോറും സഹിതം 124 റൺസാണ് സ്റ്റോയിനിസ് അടിച്ചെടുത്തത്.

ചെന്നൈ: റിതുരാജ് ഗെയിക്വാദിന്റെ സെഞ്ച്വറിക്ക് മാർക്കസ് സ്‌റ്റോയിനിസിലൂടെ മറുപടി. ചെപ്പോക്കിൽ അത്യന്തം ആവേശകരമായ മത്സരത്തിൽ ആറുവിക്കറ്റ് വിജയം പിടിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ചെന്നൈ സൂപ്പർ കിങ്‌സ് വിജയലക്ഷ്യമായ 211 റൺസ് മൂന്ന് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓസീസ് ഓൾറൗണ്ടർ സ്‌റ്റോയിനിസാണ് വിജയ തീരത്തെത്തിച്ചത്. മുസ്തഫിസുർ എറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു എൽഎസ്ജിക്ക് വേണ്ടിയിരുന്നത്. ഒരുസിക്‌സും മൂന്ന് ബൗണ്ടറിയുമായി ആദ്യ മൂന്ന് പന്തിൽതന്നെ കളി അവസാനിപ്പിച്ചു. മുസ്തഫിസുർ എറിഞ്ഞ മൂന്നാം പന്ത് നോബൗൾ ആയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. 63 പന്തിൽ ആറു സിക്‌സറും 13 ഫോറും സഹിതം 124 റൺസാണ് സ്റ്റോയിനിസ് ചെപ്പോക്കിൽ അടിച്ചെടുത്തത്. നിക്കോളാസ് പുരാൻ 15 പന്തിൽ 34, ദീപക് ഹൂഡ 6 പന്തിൽ 17 മികച്ച പിന്തുണ നൽകി. ചെന്നൈക്കായി ശ്രീലങ്കൻ പേസർ മതീഷ പതിരണ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആതിഥേയർ ക്യാപ്റ്റൻ ഗെയിക്‌വാദിന്റെ സെഞ്ച്വറി കരുത്തിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസിന്റെ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. 60 പന്തിൽ 12 ഫോറും മൂന്ന് സിക്സറും സഹിതം 108 റൺസുമായി ഗെയിക്വാദ് പുറത്താകാതെ നിന്നു. 27 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സറും സഹിതം 66 റൺസുമായി ശിവം ദുബെ ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ചു.

മറുപടി ബാറ്റിങിനിറങ്ങിയ ലഖ്‌നൗവിന് തുടക്കം മികച്ചതായിരുന്നില്ല. സ്‌കോർബോർഡിൽ റൺസ് തെളിയും മുൻപ് ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ (0) നഷ്ടമായി. ദീപക് ചഹാറാണ് താരത്തെ ക്ലീൻബൗൾഡാക്കിയത്. ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരത്തിലെ ലഖ്‌നൗ വിജയശിൽപിയായ നായകൻ കെഎൽ രാഹുൽ(16) മുസ്തഫിസുറിന്റെ ഓവറിൽ ഗെയിക്വാദിന് ക്യാച്ച് നൽകി മടങ്ങിയതോടെ സന്ദർശകർ തിരിച്ചടി നേരിട്ടു. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ സ്‌റ്റോയിനിസ് പതിയെ തുടങ്ങി കത്തികയറുകയായിരുന്നു. ദേവ്ദത്ത് പടിക്കൽ(13) ഒരിക്കൽകൂടി ലഖ്‌നൗ നിരയിൽ പരാജയപ്പെട്ടു. മുസ്തഫിസുർ എറിഞ്ഞ 18ാം ഓവറിൽ 15 റൺസും മതീഷ് പതിരണയുടെ 19ാം ഓവറിൽ 15 റൺസുമാണ് ഹൂഡയും സ്റ്റോയിനിസും ചേർന്ന് നേടിയത്.

ചെന്നൈ നിരയിൽ അജിൻക്യ രഹാനെയെ (1)നിരാശപ്പെടുത്തി. ഡാരൻ മിച്ചൽ (11) കൂടി പുറത്തായതോടെ ആതിഥേയർക്ക് പവർപ്ലെയിൽ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറുളിൽ മൂന്ന് ക്യാച്ചുകളാണ് ലഖ്നൗ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത്. നാലാമതായി ക്രീസിലെത്തിയ ജഡേജക്കും മികച്ച ഇന്നിങ്സ് പടുത്തുയർത്താനായില്ല.16 റൺസെടുത്ത ഓൾറൗണ്ടറെ മൊഹസിൻ ഖാൻ മടക്കി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഗെയിക് വാദ് -ദുബെ കൂട്ടുകെട്ട് ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. ലഖ്നൗ നിരയിൽ മാറ്റ് ഹെൻട്രി, യാഷ് താക്കൂർ, മുഹസിൻ ഖാൻ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related Tags :
Similar Posts