Cricket
ക്ലൈമാക്‌സിൽ ആളിക്കത്തി ആർസിബി; ഡൽഹിക്കെതിരെ 47 റൺസ് തകർപ്പൻ ജയം
Cricket

ക്ലൈമാക്‌സിൽ ആളിക്കത്തി ആർസിബി; ഡൽഹിക്കെതിരെ 47 റൺസ് തകർപ്പൻ ജയം

Sports Desk
|
12 May 2024 3:52 PM GMT

ജയത്തോടെ ബെംഗളൂരു പോയന്റ് ടേബിളിൽ അഞ്ചിലേക്കുയർന്നു. ശനിയാഴ്ച ചെന്നൈക്കെതിരെയാണ് അവസാന മത്സരം.

ബെംഗളൂരു: നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആർസിബി വിജയലക്ഷ്യമായ 188 റൺസ് പിന്തുടർന്നിറങ്ങിയ ഡൽഹി പോരാട്ടം 140ൽ അവസാനിച്ചു. ക്യാച്ചുകൾ കൈവിട്ട് ഫീൽഡിങിൽ ഡൽഹി ക്യാപിറ്റൽസ് ദുരന്തമായപ്പോൾ അത്യുഗ്രൻ ടീംവർക്കിലൂടെ ആർസിബി തുടരെ മറ്റൊരു വിജയം കൂടി ആഘോഷിച്ചു. ടീം പ്ലേഓഫ് സാധ്യതയും വർധിച്ചു. വൻമാർജിനിലുള്ള ജയത്തോടെ പ്ലേഓഫ് സാധ്യതയും സജീവമാക്കി. ജയത്തോടെ ബെംഗളൂരു പോയന്റ് ടേബിളിൽ അഞ്ചിലേക്കുയർന്നു. ശനിയാഴ്ച ചെന്നൈക്കെതിരെയാണ് അവസാന മത്സരം.

ബെംഗളൂരുവിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർ ഡേവിഡ് വാർണറിനെ സ്‌കോർബോർഡിൽ എട്ട് റൺസ് തെളിയുമ്പോഴേക്ക് നഷ്ടമായി. വാർണറിനെ(1) സ്വപ്‌നിൽ സിങ് വിൽജാക്‌സിന്റെ കൈകളിലെത്തിച്ചു. ഓസീസ് വെടിക്കെട്ട് ബാറ്റർ ഫ്രേസർ മക്ഗർകിനെ (എട്ട് പന്തിൽല 21) യാഷ് ദയാൽ റണ്ണൗട്ടാക്കിയത് മത്സരത്തിൽ വഴിത്തിരിവായി. മൂന്നാംനമ്പറിലെത്തിയ അഭിഷേക് പൊരേലിനെ(2)യും കൂമാർ കുശാഗ്രയേയും(2) പുറത്താക്കി ആതിഥേയർ പവർപ്ലെയിൽ ഡൽഹിക്ക് കനത്ത പ്രഹരമേൽപ്പിച്ചു. 30-4 എന്ന നിലയിൽ തകർന്നടിഞ്ഞ ടീമിനെ മുന്നോട്ട് കൊണ്ടുപോയത് അക്‌സർ പട്ടേൽ-ഷായ് ഹോപ് കൂട്ടുകെട്ടാണ്.

ലോക്കി ഫെർഗൂസനെ കൂറ്റനടിക്ക് ശ്രമിച്ച ഹോപ്(29) മടങ്ങിയതോടെ ഡൽഹിയുടെ പ്രതീക്ഷകൾ മങ്ങിതുടങ്ങി. ഡെത്ത് ഓവറുകളിൽ ഡൽഹി പ്രതീക്ഷവെച്ചിരുന്ന ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്‌സിനെ(3) കൂടി പുറത്താക്കി ആർസിബി മത്സരം വരുതിയിലാക്കി. കാമറൂൺ ഗ്രീനാണ് അത്യുഗ്രൻ റണ്ണൗട്ടിലൂടെ താരത്തെ പുറത്താക്കിയത്. 16ാം ഓവറിൽ അക്‌സർ പട്ടേൽകൂടി പുറത്തായതോടെ പിന്നീടെല്ലാം ചടങ്ങായിമാറി. തോൽവിയോടെ ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. അവസാന മാച്ചിൽ മികച്ച റൺറേറ്റിൽ വിജയിച്ചാൽ മാത്രമാകും ഇനി സാധ്യതയുണ്ടാകുക.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആർസിബി രജത് പടിദാറിന്റെ അർധ സെഞ്ച്വറി കരുത്തിലാണ് 188 റൺസ് വിജയലക്ഷ്യം പടുത്തുയർത്തിയത്. 29 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം പടിദാർ 52 റൺസ് നേടി. ഇംഗ്ലീഷ് താരം വിൽ ജാക്സ് 29 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 41 റൺസെടുത്തു. ഡൽഹിക്കായി റാസിക് സലിം, ഖലീൽ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ വീതം വീഴ്ത്തി. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരുടീമുകൾക്കും വിജയം നിർണായകമാണ്.

ഡൽഹിക്കെതിരെ ബാറ്റിങിനിറങ്ങിയ ബെംഗളൂരുവിന്റെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോർബോർഡിൽ 23 റൺസ് തെളിയുമ്പോഴേക്ക് നായകൻ ഫാഫ് ഡുപ്ലെസിസിനെ(6) നഷ്ടമായി. മുകേഷ് കുമാറിന്റെ ഓവറിൽ ഫ്രേസർ മക്ഗർക് പിടിച്ചാണ് പുറത്തായത്. തുടർന്ന് 36ൽ നിൽക്കെ മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയുടെ വിക്കറ്റും വീണു. 27 റൺസെടുത്ത കോഹ്ലിയെ ഇഷാന്ത് ശർമ അഭിഷേക് പരോളിന്റെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കാമറൂൺ ഗ്രീൻ-പടിദാർ കൂട്ടുകെട്ട് ടീമിന് പ്രതീക്ഷ നൽകി. അവസാന ഓവറുകളിൽ തകർത്തടിച്ച ഗ്രീൻ 24 പന്തിൽ 32 റൺസുമായി പുറത്താകാതെനിന്നു. കുൽദീപ് യാദവ് എറിഞ്ഞ 17ാം ഓവറിൽ മൂന്ന് സിക്സർ സഹിതം 22 റൺസാണ് ആർസിബി നേടിയത്. എന്നാൽ ഫിനിഷർമാരായ ദിനേശ് കാർത്തിക്(0), മഹിപാൽ ലോംറോർ(13) എന്നിവർ വേഗത്തിൽ പുറത്തായതോടെ 200 കടത്താനുള്ള ബെംഗളൂരുവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടു.

Related Tags :
Similar Posts