ക്ലൈമാക്സിൽ റാഷിദ്ഖാൻ വീണു; ഗുജറാത്തിനെതിരെ ഡൽഹിക്ക് നാല് റൺസ് ജയം
|ഡൽഹി ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 220ൽ അവസാനിച്ചു.
ഡൽഹി: അവസാന പന്തുവരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നാല് റൺസിന് തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ്. സ്വന്തം തട്ടകമായ അരുൺ ജെയിറ്റ്ലി സ്റ്റേഡിയത്തിൽ ഡൽഹി ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 220ൽ അവസാനിച്ചു. മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ വിജയത്തിന് 19 റൺസ് വേണ്ടിയിരുന്ന ഗുജറാത്തിന് 14 റൺസ് മാത്രമാണ് നേടാനായത്. ക്രീസിലുണ്ടായിരുന്ന റാഷിദ് ഖാൻ ആദ്യ രണ്ട് പന്തിൽ ബൗണ്ടറിയുമായി പ്രതീക്ഷ നൽകിയെങ്കിലും മൂന്നും നാലും പന്തിൽ മുകേഷ് തിരിച്ചുവന്നു. അഞ്ചാം പന്ത് സിക്സർ പറത്തിയതോടെ അവസാനബോളിൽ ലക്ഷ്യം അഞ്ചു റൺസായി. എന്നാൽ മുകേഷിന്റെ യോർക്കർ അതിർത്തികടത്തുന്നതിൽ റാഷിദിന് പിഴച്ചു. ഇതോടെ നാല് റൺസ് ജയം ആഘോഷിച്ച് ഡൽഹി.
ഡൽഹിയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സന്ദർശകർക്കായി സായ് സുദർശനും ഡേവിഡ് മില്ലറും അർധ സെഞ്ച്വറിയുമായി മികച്ച പ്രകടനം നടത്തി. സ്കോർ ബോർഡിൽ 13 റൺസ് തെളിയുമ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിലിനെ നഷ്ടമായ ഗുജറാത്തിനെ സായ്-സാഹ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. കുൽദീപ് യാദവിന്റെ ഓവറിൽ 39 റൺസെടുത്ത് വൃദ്ധിമാൻ സാഹ മടങ്ങിയെങ്കിലും ഡേവിഡ് മില്ലർ തകർത്തടിച്ച് പ്രതീക്ഷ നൽകി. 23 പന്തിൽ 55 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരത്തെ പുറത്താക്കി മുകേഷ്കുമാർ ഡൽഹിക്ക് മികച്ച ബ്രേക്ക്ത്രൂ നൽകി. ഷാറൂഖ് ഖാൻ(8), അസ്മത്തുള്ള ഒമർസായ്(1), രാഹുൽ തെവാത്തിയ(4) എന്നിവരും വേഗത്തിൽ പുറത്തായതോടെ ജിടിക്ക് തിരിച്ചടിയായി. ഒടുവിൽ സായ് കിഷോറുമായി ചേർന്ന്(ആറുപന്തിൽ 13) റാഷിദ്ഖാൻ(11 പന്തിൽ 21) അവസാന പന്തുവരെ മത്സരംകൊണ്ടുപോയി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ മാസ്മരിക് ഇന്നിങ്സാണ് വലിയ ടോട്ടലിലെത്തിച്ചത്. 43 പന്തിൽ അഞ്ച് ഫോറും നാല് സിക്സറും സഹിതം ഋഷഭ് പന്ത് 88 റൺസുമായി പുറത്താകാതെ നിന്നു. സ്ഥാന കയറ്റം ലഭിച്ച് മൂന്നാം നമ്പറിൽ ഇറങ്ങിയ അക്സർ പട്ടേൽ 43 പന്തിൽ 66 റൺസുമായി മികച്ച പിന്തുണ നൽകി. ഗുജറാത്ത് ഡെത്ത് ഓവർ സ്പെഷ്യലിറ്റ് മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സും ബൗണ്ടറിയും സഹിതം 31 റൺസാണ് ഡൽഹി നായകൻ അടിച്ചെടുത്തത്. സ്പിന്നർ സായ് കിഷോർ എറിഞ്ഞ 19ാം ഓവറിൽ 19 റൺസും നേടി. അവസാന ഓവറിൽ പന്തിനൊപ്പം ട്രിസ്റ്റൻ സ്റ്റബ്സും(7 പന്തിൽ 26) തകർത്തടിച്ചതോടെ സ്കോർ 200 കടന്നു. പൃഥ്വി ഷാ(11), ഓസീസ് താരം ഫ്രേസർ മക്ഗർക്(23), ഷായ് ഹോപ്സ്(5) എന്നിവരെ പുറത്താക്കി മലയാളി പേസർ സന്ദീപ് ശർമ ഗുജറാത്ത് നിരയിൽ തിളങ്ങി.
നാല് ഓവറിൽ 73 റൺസാണ് മോഹിത് ശർമ വഴങ്ങിയത്. ഐപിഎലിലെ ഏറ്റവും മോശം എകണോമിയായി മാറിയിത്. മലയാളി പേസർ ബേസിൽ തമ്പിയുടെ പേരിലുള്ള 70 റൺസാണ് വെറ്ററൻ താരം മറികടന്നത്.