'പ്രചോദനമായത് രണ്ട് ഇന്ത്യൻ താരങ്ങൾ'; മാച്ച് വിന്നിങ് ഇന്നിങ്‌സിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ബട്‌ലർ
|മത്സരശേഷം പ്രതികരിക്കവെ കൊൽക്കത്തക്കെതിരായ മത്സരം തന്റെ ഏറ്റവും മികച്ച ഐപിഎൽ ഇന്നിങ്‌സുകളിലൊന്നാണെന്ന് ബട്‌ലർ വ്യക്തമാക്കി.
കൊൽക്കത്ത: ഐപിഎൽ 17ാം സീസണിന്റെ തുടക്കം ഇംഗ്ലീഷ് താരം ജോഷ് ബട്‌ലറിന് തിരിച്ചടിയുടേതായിരുന്നു. ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ താരത്തിനെതിരെ കടുത്ത വിമർശനങ്ങളുമുണ്ടായി. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലുണ്ടായത്. കൊൽക്കത്ത ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ആർ ആർ മറികടന്നത്. 60 പന്തിൽ 107 റൺസുമായി ബട്‌ലർ ടീമിനെ ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺചേസിലും ഈ മത്സരം ഇടം പിടിച്ചു.
മത്സരശേഷം പ്രതികരിക്കവെ കൊൽക്കത്തക്കെതിരായ മത്സരം തന്റെ ഏറ്റവും മികച്ച ഐപിഎൽ ഇന്നിങ്‌സുകളിലൊന്നാണെന്ന് ബട്‌ലർ വ്യക്തമാക്കി. 12ാം ഓവറിൽ ആറു വിക്കറ്റ് നഷ്ടമായി തോൽവിയെ അഭിമുഖീകരിച്ച ഘട്ടത്തിൽ നിന്നാണ് രാജസ്ഥാൻ വീരോചിത തിരിച്ചുവരവ് നടത്തിയത്. ഈ സമയം വിൻപ്രൊബബിലിറ്റിയിൽ 99ശതമാനം പേരും കെകെആറിനൊപ്പമായിരുന്നു. എന്നാൽ ഒരിക്കലും കീഴടങ്ങില്ലെന്ന് എക്‌സിൽ കുറിച്ച രാജസ്ഥാന്റെ അവശ്വസിനീയ തിരിച്ചുവരവാണ് പിന്നീട് കളിക്കളത്തിൽ കണ്ടത്.
രണ്ട് ഇന്ത്യൻ താരങ്ങളെയാണ് ഇന്നിങ്‌സിൽ മാതൃകയാക്കിയതെന്ന് മത്സരശേഷം ബട്‌ലർ പറഞ്ഞു. താളം കണ്ടെത്താൻ തുടക്കത്തിൽ പ്രയാസപ്പെട്ടിരുന്നു. ഇതോടെ നിരാശനായി. എന്നാൽ ശരിയാകുമെന്ന ചിന്തയായിരുന്നു മനസിൽ. ഈ വിശ്വാസമാണ് വിക്കറ്റുകൾ തുടരെ വീഴുമ്പോഴും മുന്നോട്ട് പോകാൻ പ്രേരണയായത്.ഐപിഎല്ലിൽ പലപ്പോഴായി ഇത്തരം ഇന്നിംഗ്സുകൾ ഉണ്ടായിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണിയും വിരാട് കോലിയെയും അവസാനം വരെ നിൽക്കുകയും മത്സരം ജയിപ്പിക്കുകയും ചെയ്യുന്നത് പലപ്പോഴായി കണ്ടിട്ടുണ്ട്. ഞാനും അത് ചെയ്യാനാണ് ശ്രമിച്ചതെന്നും ബട്‌ലർ പറഞ്ഞു