Cricket
എല്ലാം പെട്ടെന്നായിരുന്നു; ഗുജറാത്തിനെതിരെ ഡൽഹിക്ക് ആറു വിക്കറ്റ് ജയം
Cricket

എല്ലാം പെട്ടെന്നായിരുന്നു; ഗുജറാത്തിനെതിരെ ഡൽഹിക്ക് ആറു വിക്കറ്റ് ജയം

Sports Desk
|
17 April 2024 3:54 PM GMT

ഒരുക്യാച്ചും രണ്ട് സ്റ്റമ്പിങുമായി ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് വിക്കറ്റിന് പിറകിൽ മികച്ച പ്രകടനം നടത്തി.

അഹമ്മദാബാദ്: ആദ്യം ബൗളർമാരുടെ തകർപ്പൻ പ്രകടനം. അതിവേഗത്തിൽ കളിതീർത്ത് ബാറ്റർമാരും. ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ അതിവേഗ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഗുജറാത്ത് വിജയലക്ഷ്യമായ 90 റൺസ് വെറും 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ഫ്രേസർ മഗ്ഗർക്ക് 20 റൺസുമായി ഡൽഹി നിരയിലെ ടോപ് സ്‌കോററായി. ഷായ് ഹോപ്‌സ്(19) ,ഋഷഭ് പന്ത് (16) നോട്ടൗട്ട്, അഭിഷേക് പൊരെൽ(15) എന്നിവരും മികച്ചുനിന്നു. ഗുജറാത്ത് നിരയിൽ ആദ്യ മത്സരം കളിച്ച മലയാളി താരം സന്ദീപ് വാര്യർ രണ്ട് വിക്കറ്റുമായി തിളങ്ങി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് സ്വന്തം തട്ടകമായ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ തുടക്കം മുതൽ പിഴക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിലിനെയാണ് ആദ്യം നഷ്ടമായത്. എട്ട് റൺസെടുത്ത താരത്തെ ഇഷാന്ത് ശർമ്മ പൃഥ്വിഷായുടെ കൈകളിലെത്തിച്ചു. തൊട്ടു പിന്നാലെ വൃദ്ധിമാൻ സാഹയെ(2)മുകേഷ് കുമാർ ക്ലീൻ ബൗൾഡാക്കി. മികച്ചരീതിയിൽ കളിച്ചുവരികയായിരുന്ന സായ് സുദർശനെ(12)സുമിത് കുമാർ റണ്ണൗട്ടാക്കി. തൊട്ടുപിന്നാലെ ഇഷാന്ത് ശർമ്മയുടെ ഓവറിൽ മികച്ച ഡൈലവിങ് ക്യാച്ചിൽ ഡേവിഡ് മില്ലറിനെ(2) ഇഷാന്ത് ശർമ്മയും കൈപിടിയിലൊതുക്കിയതോടെ പവർപ്ലെയിൽ ഗുജറാത്തിന് നാല് വിക്കറ്റ് നഷ്ടമായി. പിന്നീട് ഒരുഘട്ടത്തിൽ പോലും ആതിഥേയർക്ക് തിരിച്ചുവരാനായില്ല. 17.3 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്തായി. 24 പന്തിൽ 31 റൺസെടുത്ത റാഷിദ് ഖാനാണ് ടോപ് സ്‌കോറർ.

ഡൽഹിക്കായി പേസർ മുകേഷ് കുമാർ മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മയും ട്രിസ്റ്റൻസ്റ്റബ്‌സും രണ്ട് വിക്കറ്റ് വീതവും നേടി. ബാറ്റിങിന് പുറമെ ഒരുക്യാച്ചും രണ്ട് സ്റ്റമ്പിങുമായി ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് വിക്കറ്റിന് പിറകിൽ മികച്ചപ്രകടനം നടത്തി. അഭിനവ് മനോഹർ(8), രാഹുൽ തെവാട്ടിയ(10), ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ഷാറൂഖ് ഖാൻ(0) എന്നിവരും വേഗത്തിൽ മടങ്ങി. ബൗളിങിന് പുറമെ ഫീൽഡിങിലും സന്ദർശകർ മിന്നും പ്രകടനമാണ് നടത്തിയത്. മികച്ച റൺറേറ്റിൽ വിജയം നേടിയതോടെ ഡൽഹി പോയന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്കുയർന്നു. ഗുജറാത്ത് ഏഴിലേക്ക് വീണു.

Related Tags :
Similar Posts