Cricket
കോഹ്‌ലിക്ക് കൈകൊടുക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി ധോണി; പിന്നീട് സംഭവിച്ചത്- വീഡിയോ
Cricket

കോഹ്‌ലിക്ക് കൈകൊടുക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി ധോണി; പിന്നീട് സംഭവിച്ചത്- വീഡിയോ

Sports Desk
|
19 May 2024 11:20 AM GMT

മൈതാനത്ത് ധോണിയെ കാണാതായതോടെ ഡ്രസിങ് റൂമിലെത്തിയാണ് കോഹ്‌ലി ഹസ്തദാനം നൽകിയത്.

ബെംഗളൂരു: നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിന് തകർത്ത് പ്ലേഓഫ് പ്രവേശനമുറപ്പിച്ച നിമിഷം ചിന്നസ്വാമിയിൽ ആഘോഷ രാവായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് വിധിയെഴുതിയിടത്തുനിന്നുള്ള വീരോചിത തിരിച്ചുവരവായിരുന്നു ആർ.സി.ബിയുടേത്. വിരാട് കോഹ്‌ലി മുതൽ ഡഗൗട്ടിലെ കോച്ചിങ് സ്റ്റാഫ് വരെ മതിമറന്ന് ആഘോഷിച്ച നിമിഷം.

ഈ ആഘോഷത്തിനിടെയുണ്ടായ സംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. മത്സരശേഷം ബെംഗളൂരു താരങ്ങൾക്ക് ഹസ്തദാനം നടത്താതെ ചെന്നൈ മുൻ നായകൻ എം.എസ് ധോണി ഡ്രസിങ് റൂമിലേക്ക് മടങ്ങിയതാണ് വിവാദമായത്. താരത്തിന്റെ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നു.

മത്സരശേഷം ചെന്നൈ താരങ്ങൾക്കൊപ്പം ആർ.സി.ബി താരങ്ങളെ കാത്ത് ഗ്രൗണ്ടിൽ ഒന്നാമനായി ധോണി നിലയുറപ്പിച്ചിരുന്നു. എന്നാൽ ടീം വിജയാഘോഷം നീണ്ടതോടെ ധോണി ക്യൂവിൽ നിന്ന് മാറി ഡ്രസിങ് റൂമിലേക്ക് നടന്നു. ഇതിനിടെ ആർ.സി.ബി ഡഗൗട്ടിലെ ഏതാനും കോച്ചിങ് സ്റ്റാഫിന് കൊടുക്കുകയും ചെയ്തു.

അതേസമയം, ആഘോഷങ്ങൾക്ക് ശേഷം ചെന്നൈ താരങ്ങൾക്ക് കൈകൊടുത്ത വിരാട് കോഹ്‌ലി മൈതാനത്ത് എം.എസ് ധോണിയെ തിരയുന്നുണ്ടായിരുന്നു. തുടർന്ന് ഡ്രസിങ് റൂമിലേക്ക് പോയി ധോണിയ്ക്ക് ഹസ്തദാനം നടത്തുന്ന വിരാടിനെ വീഡിയോയിൽ കാണാമായിരുന്നു. താരത്തിന്റെ ഈ പെരുമാറ്റത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് പോസ്റ്റിട്ടത്.

ഐപിഎൽ ഈ സീസണിന് ശേഷം ധോണി വിരമിക്കുന്നുവെന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ സജീവമാണ്. എന്നാൽ ഐപിഎല്ലിലെ ഇതിഹാസ താരത്തിലൊരാളായ ധോണി നിൽക്കുമ്പോൾ കൈകൊടുക്കാനായി ആരുമെത്താതിരുന്നത് മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോനേയും കമന്റേറ്റർ ഹർഷാ ബോഗ്ലേയേയും ചൊടിപ്പിച്ചിരുന്നു.ആർ.സി.ബി ക്രിക്കറ്റിന്റെ മാന്യത കൈവിട്ടെന്നായിരുന്നു ഇരുവരുടേയും പ്രതികരണം.

Similar Posts