'ആഘോഷം ഇങ്ങനെയായാൽ കുഴപ്പമുണ്ടോ'; വിലക്കിന് പിന്നാലെ ഹർഷിത് റാണയുടെ കിടിലൻ മറുപടി
|തനിക്കെതിരെ നിരന്തരം നടപടിയെടുക്കുന്ന ഐപിഎൽ അധികൃതരോടുള്ള പ്രതിഷേധംകൂടിയായി വിക്കറ്റ് ആഘോഷം
ലഖ്നൗ: ഐപിഎൽ അച്ചടക്ക സമിതിയുടെ നടപടിക്ക് വിധേയനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണയുടെ കിടിലൻ കംബാക്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വിക്കറ്റ് ആഘോഷം അതിരുവിട്ടതിന് ഒരു മത്സരം വിലക്കും മത്സരഫീയുടെ മുഴുവൻ തുകയും പിഴശിക്ഷ ലഭിക്കുകയും ചെയ്ത യുവ താരം വിക്കറ്റുമായാണ് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മടങ്ങിയെത്തിയത്. കളിയിൽ ലഖ്നൗ നായകൻ കെഎൽ രാഹുലിനെ പുറത്താക്കിയ താരത്തിന്റെ വിജയാഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
നിശബ്ദനായി നിന്നുകൊണ്ടാണ് താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്. തനിക്കെതിരെ നിരന്തരം വാളോങ്ങുന്ന അധികൃതർക്ക് നേരെയുള്ള താരത്തിന്റെ കൃത്യമായ മറുപടിയായാണ് ആരാധകർ ഈ സെലിബ്രേഷനെ കാണുന്നത്. നേരത്തെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മയങ്ക് അഗർവാളിനെതിരെ ഫ്ളയിങ് കിസ് നൽകി വിക്കറ്റ് നേട്ടം ആഘോഷിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പിഴയിലൊതുങ്ങിയിരുന്നു. എന്നാൽ ഡൽഹിക്കെതിരെ അഭിഷേക് പൊരേലിനെ ബൗൾഡാക്കിയതിന് പിന്നാലെ വീണ്ടും ഫ്ളയിങ് കിസ് ആവർത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഉടൻ കൈ പിന്നിലേക്ക് വലിച്ചെങ്കിലും ആഘോഷം അതിരുവിട്ടതായാണ് അച്ചടക്ക സമിതി കണ്ടെത്തിയത്. ഇതോടെയാണ് മത്സരവിലക്ക് അടക്കമുള്ള കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
അതേസമയം, ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വിരാട് കോഹ്ലി ഇത്തരത്തിൽ ഫ്ളൈയിങ് കിസ് നൽകി ആഘോഷിച്ചിരുന്നു. എന്നാൽ ഇതെന്തുകൊണ്ട് അച്ചടക്കസമിതി കാണുന്നില്ലെന്ന് ഒരുവിഭാഗം ആരാധകർ ചോദിക്കുന്നു. ലഖ്നൗനെതിരായ മത്സരത്തിനായി ടീം പുറപ്പെടുമ്പോൾ ഫ്ളൈറ്റിൽവെച്ചിൽ നിതീഷ് റാണ താരത്തോട് വിവാദ സംഭവങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ തമാശയായി ചിരിച്ചുതള്ളുകയാണ് റാണ ചെയ്തത്.