എന്തൊരേറ്; ഐപിഎലിലെ അതിവേഗ പന്തെറിഞ്ഞ് യുവ പേസർ
|ഓപ്പണിങ് വിക്കറ്റിൽ നൂറു റൺസ് കടന്ന് പഞ്ചാബ് അനായാസ വിജയത്തിലേക്ക് നീങ്ങവെയാണ് ലക്നൗവിന് പ്രതീക്ഷയേകി ആദ്യ വിക്കറ്റ് വീഴുന്നത്.
ലക്നൗ: ലക്നൗ സൂപ്പർജയന്റ്സിനെതിരെ പഞ്ചാബ് കിങ്സ് താരങ്ങൾ തകർത്തടിക്കുന്ന സമയം. നിർണായകമായ 12ാം ഓവർ എറിയാനെത്തിയത് യുവതാരം മായങ്ക് യാദവ്. ആദ്യ പന്ത് തന്നെ 156 കിലോ മീറ്റർ വേഗതിയിൽ. ക്രീസിലുള്ളത് ഫോമിലുള്ള പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ. താരത്തിന്റെ പന്തിന്റെ ദിശ മനസിലാകാതെ പന്തിൽ റൺസ് നേടാനായില്ല. രണ്ടാം പന്തിൽ 150 കിലോമീറ്ററിലുള്ള ഫുള്ളർ. ഒരുറൺമാത്രം. പിന്നീട് തുടരെ അതിവേഗ ഏറുകൾ. ഇതിനിടെ വീണത് പഞ്ചാബിന്റെ മുൻനിര ബാറ്റർമാർ. ഈ ബൗളിങിലൂടെ ഐപിഎൽ ഈ സീസണിലെ അതിവേഗ പന്ത് എന്ന നേട്ടത്തിലേക്കും താരമെത്തി
ഓപ്പണിങ് വിക്കറ്റിൽ നൂറു റൺസ് കടന്ന് പഞ്ചാബ് അനായാസ വിജയത്തിലേക്ക് നീങ്ങവെയാണ് ലക്നൗവിന് പ്രതീക്ഷയേകി ആദ്യ വിക്കറ്റ് വീഴുന്നത്. മയങ്ക് യാദവിന്റെ തീയുണ്ടയിൽ വലിയഷോട്ടിന് ശ്രമിച്ച ഇംഗ്ലീഷ് താരത്തിന് പിഴച്ചു. പന്ത് മാർക്കസ് സ്റ്റോയിണിസിന്റെ കൈയിൽ. തുടർന്നങ്ങോട്ട് പഞ്ചാബിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ഇംപാക്ട് താരമായെത്തി മികച്ചരീതിയിൽ ബാറ്റ വീശിയ പ്രഭ്സിമ്രാനും ഡൽഹി താരത്തിന്റെ ബൗളിൽ കീഴടങ്ങി. ഇതോടെ വിക്കറ്റ് നഷ്ടമാകാതെ നൂറുകടന്ന പഞ്ചാബ് 141-4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന ഓവറിൽ മുഹ്സിൻഖാനും മികച്ച പിന്തുണ നൽകിയതോടെ സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യജയം സ്വന്തമാക്കി.
ഡെത്ത് ഓവറിലെ ബൗളിങ് മികവിൽ ലക്നൗ സൂപ്പർ ജയന്റിന് 21 റൺസ് ജയമാണ് പിടിച്ചത്. ലക്നൗ വിജയലക്ഷ്യമായ 200 റൺസിന് മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് പോരാട്ടം 178-5 എന്ന നിലയിൽ അവസാനിച്ചു. ക്യാപ്റ്റൻ ശിഖർ ധവാൻ(50 പന്തിൽ 70) അർധ സെഞ്ച്വറി നേടി. ജോണി ബെയിസ്റ്റോ(29 പന്തിൽ 42) മികച്ചുനിന്നു. ലക്നൗ നിരയിൽ യുവതാരം മയങ്ക് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. നാല് ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്താണ് വിജയശിൽപിയായത്. ഇംഗ്ലീഷ് താരം ലിയാൻ ലിവിങ്സ്റ്റൺ ക്രീസിലുണ്ടായിട്ടും ഡെത്ത് ഓവറുകളിൽ റൺ്സ് നേടുന്നതിൽ പഞ്ചാബ് പരാജയപ്പെട്ടു. 17 പന്തിൽ 28 റൺസാണ് ലിവിങ്സ്റ്റൺ നേടിയത്. സീസണിലെ ലക്നൗവിന്റെ ആദ്യജയമാണിത്.