മുംബൈക്ക് ഏഴാം തോൽവി; സ്റ്റോയിനിസിന് അർധ സെഞ്ച്വറി, ലഖ്നൗവിന് നാല് വിക്കറ്റ് ജയം
|45 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം സ്റ്റോയിനിസ് 62 റൺസ് നേടി
ലഖ്നൗ: ചെറിയ സ്കോർ പിറന്ന മത്സരത്തിലും ജയം നേടാനാവാതെ മുംബൈ ഇന്ത്യൻസ്. മുംബൈ വിജയലക്ഷ്യമായ 145 റൺസ് നാല് പന്തുകൾ ബാക്കിനിൽക്കെ ലഖ്നൗ സൂപ്പർ ജയന്റ്സ് മറികടന്നു. ഓസീസ് താരം മാർക്കസ് സ്റ്റോയിനിസിന്റെ അർധ സെഞ്ച്വറിയാണ് വിജയമൊരുക്കിയത്. മുംബൈക്കായി നായകൻ ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്കോർ: മുംബൈ 20 ഓവറിൽ ഏഴിന് 144. ലഖ്നൗ 19.2 ഓവറിൽ 145
സ്വന്തം തട്ടകമായ എകാന സ്റ്റേഡിയത്തിൽ പേരുകേട്ട മുംബൈ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയ ലഖ്നൗവിന് ചേസിങ് എളുപ്പമായിരുന്നില്ല. സ്കോർബോർഡിൽ ഒരു റൺതെളിയുമ്പോഴേക്ക് ഇംപാക്ട് പ്ലെയറായെത്തിയ അർഷിൻ കുൽകർണി(0) മടങ്ങി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കെഎൽ രാഹുൽ-മാർക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് ടീമിനെ രക്ഷിച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 58 റൺസ് കൂട്ടിചേർത്തു. 22 പന്തിൽ 28 റൺസെടുത്ത ലഖ്നൗ നായകൻ രാഹുലിനെ ഹാർദിക് പാണ്ഡ്യ മുഹമ്മദ് നബിയുടെ കൈകളിലെത്തിച്ചു. തുടർന്ന് ദീപക് ഹൂഡയും മികച്ചരീതിയിൽ ബാറ്റുവീശി. 18 റൺസെടുത്ത് ഹൂഡയേയും ഹാർദിക് മടക്കി. എന്നാൽ ഒരുഭാഗത്ത് മികച്ച ഫോമിൽ കളിച്ച സ്റ്റോയിനിസ് സ്കോറിംഗ് ഉയർത്തി. 45 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം 62 റൺസ് നേടിയ ഓസീസ് താരത്തെ മുഹമ്മദ് നബി മടക്കിയെങ്കിൽ അപ്പോഴേക്ക് ആതിഥേയർ വിജയവഴിയിലെത്തിയിരുന്നു. നിക്കോളാസ് പുരാൻ(14) പുറത്താകാതെനിന്നു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമാണ് നേടാനായത്. 46 റൺസ് നേടിയ നേഹൽ വധേരയാണ് ടോപ് സ്കോറർ. ലഖ്നൗവിനായി മൊഹസിൻ ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. 37ാം ജൻമദിനത്തിൽ ഇറങ്ങിയ രോഹിത് ശർമക്ക് ഫോമിലേക്കുയരാനായില്ല. 4 റൺസ് നേടിയ ഹിറ്റ്മാനെ മൊഹസിൻ ഖാൻ മാർക്കസ് സ്റ്റോയിനിസിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ സൂര്യകുമാർ യാദവിനെ(7) സ്റ്റോയിനിസ് ഇരട്ടപ്രഹരം നൽകി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പൂജ്യത്തിനും തിലക് വർമ(7) റൺസിലും ഔട്ടായതോടെ പവർപ്ലെയിൽ 27 റൺസിൽ നാല് വിക്കറ്റ് നഷ്ടത്തിയാണ് സന്ദർശകർ. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒട്ടുചേർന്ന ഇഷാൻ കിഷൻ-നേഹൽ വധേര കൂട്ടുകെട്ട് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചു. 32 റൺസെടുത്ത കിഷനെ രവി ബിഷ്ണോയി പുറത്താക്കി ലഖ്നൗവിന് ബ്രേക്ക് ത്രൂ നൽകി. മുഹമ്മദ് നബിയെ(1) മയങ്ക് യാദവ് ബൗൾഡാക്കി. അവസാന ഓവറിൽ ആഞ്ഞടിച്ച ടിം ഡേവിഡിന്റെ പ്രകടനമാണ് ടീമിന് 144 ലേക്കെത്തിച്ചത്. 18 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 35 റൺസാണ് ഡേവിഡ് നേടിയത്.