പടിക്കൽ കലമുടച്ച് പഞ്ചാബ്; മുംബൈ ഇന്ത്യൻസിന് ഒൻപത് റൺസ് ജയം
|28 പന്തിൽ 61 റൺസെടുത്ത അഷുതോഷ് ശർമ്മയുടെ വെടിക്കെട്ട് ആതിഥേയർക്ക് പ്രതീക്ഷ നൽകിയെങ്കിലും ക്വാർട്ട്സി എറിഞ്ഞ 18ാം ഓവറിൽ യുവതാരം മടങ്ങിയതോടെ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു.
മുല്ലാൻപൂർ: അവസാന ഓവറുകളിൽ കളികൈവിടുന്ന പതിവ് മുംബൈ ഇന്ത്യൻസിനെതിരെയും തുടർന്ന് പഞ്ചാബ് കിങ്സ്. അവസാന ഓവർവരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തിൽ ഒൻപത് റൺസ് ജയമാണ് ഹാർദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്. മുംബൈ വിജയലക്ഷ്യമായ 193 റൺസ് പിന്തുടർന്നിറങ്ങിയ പഞ്ചാബ് 183 റൺസിൽ ഓൾഔട്ടായി. 28 പന്തിൽ 61 റൺസെടുത്ത അഷുതോഷ് ശർമ്മയുടെ വെടിക്കെട്ട് ആതിഥേയർക്ക് പ്രതീക്ഷ നൽകിയെങ്കിലും ജെറാഡ് ക്വാർട്ട്സി എറിഞ്ഞ 18ാം ഓവറിൽ യുവതാരം മടങ്ങിയതോടെ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു. മുംബൈ നിരയിൽ ജസ്പ്രീത് ബുംറയും ക്വാർട്ട്സിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ പോയന്റ് ടേബിളിൽ മുംബൈ ഏഴാം സ്ഥാനത്തേക്കുയർന്നു. പഞ്ചാബ് ഒൻപതിലേക്ക് വീണു.
വമ്പൻ ടോട്ടൽ ലക്ഷ്യമാക്കി ഇറങ്ങിയ പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നില്ല. സ്കോർ പത്ത് റൺസിൽ നിൽക്കെ പ്രഭ്സിമ്രാൻ പൂജ്യത്തിന് പുറത്തായി. ഓപ്പണിങ് റോളിൽ ഇറങ്ങിയ ക്യാപ്റ്റൻ സാം കറൺ(6), ദക്ഷിണാഫ്രിക്കൻ താരം റിലി റൂസെ(1), ഇംഗ്ലീഷ് താരം ലിയാൻ ലിവിങ്സ്റ്റൺ (1) എന്നിവർ പവർപ്ലെയിൽതന്നെ മടങ്ങി. ഇംപാക്ട് പ്ലെയർ ഹർപ്രീത് സിങ്(13), ജിതേഷ് ശർമ്മ(9) എന്നിവരും തുടരെ വീണതോടെ തോൽവിനേരിട്ടു. എന്നാൽ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ശശാങ്ക് സിങ്-അഷുതോഷ് ശർമ്മ കൂട്ടുകെട്ട് പ്രതീക്ഷ നൽകുന്നതായി. മുൻ മത്സരങ്ങളിലെ ഡെഡ്ലി കോംബോ വീണ്ടുമൊരു ജയം ടീമിന് സമ്മാനിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ 25 പന്തിൽ 41ൽ നിൽക്കെ ശശാങ്ക് സിങിനെ ബുംറ പുറത്താക്കി. എന്നാൽ ഒറ്റക്ക് റൺസ് സ്കോറിങ് ഉയർത്തിയ അഷുതോഷ് മുംബൈ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. എന്നാൽ സ്കോർ 168ൽ നിൽക്കെ യുവതാരത്തെ ക്വാർട്ട്സി പുറത്താക്കിയതോടെ മത്സരം പഞ്ചാബ് കൈവിട്ടു.
നേരത്തെ സൂര്യകുമാർ യാദവിന്റെ അർധ സെഞ്ച്വറി കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസിന്റെ വമ്പൻ ടോട്ടലാണ് മുംബൈ ഇന്ത്യൻസ് പടുത്തിയർത്തിയത്. 53 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം സൂര്യ 78 റൺസുമായി തിളങ്ങി. തിലക് വർമ്മ 18 പന്തിൽ 34 റൺസ്, രോഹിത് ശർമ്മ 25 പന്തിൽ 36 റൺസ് മികച്ച പിന്തുണ നൽകി. പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും ക്യാപ്റ്റൻ സാം കറൺ രണ്ട് വിക്കറ്റും നേടി.