ധോണിയുടെ വിരമിക്കൽ പ്രഖ്യാപനമോ?; ആരാധകരോട് സ്‌റ്റേഡിയത്തിൽ തുടരാൻ ആവശ്യപ്പെട്ട് ചെന്നൈ അറിയിപ്പ്
|ഈ സീസണിൽ 10 മത്സരങ്ങളിൽ ക്രീസിലെത്തിയ മുൻ ഇന്ത്യൻ നായകൻ എട്ടിലും പുറത്താകാതെനിന്നു
ചെന്നൈ: ഐപിഎൽ 17ാം സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് രാജസ്ഥാനെതിരെ ഇറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിൽ അസാധാരണ പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ മാനേജ്‌മെന്റ്. മത്സരശേഷം ഗ്യാലറിയിൽ തുടരണമെന്നും പ്രത്യേകമായൊരു സംഭവമുണ്ടെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. ഇതോടെ എം.എസ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനമുണ്ടാകുമെന്ന തരത്തിൽ അഭ്യൂഹവും പ്രചരിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇത് ചെന്നൈ ഹോംഗ്രൗണ്ടായ ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തിലെ ധോണിയുടെ അവസാന മത്സരമാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്. പ്ലേഓഫിൽ ഒരു മത്സരം ചെപ്പോക്കിലുണ്ടെങ്കിലും നിലവിലെ ഫോമിൽ ചെന്നൈ എത്തുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. പ്ലേഓഫ് സാധ്യത നിലനിർത്താൻ ചെന്നൈക്ക് രാജസ്ഥാനെതിരായ മത്സരം നിർണായകമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ശേഷം പ്ലേഓഫിലെത്തുന്ന രണ്ടാം ടീമാകാൻ രാജസ്ഥാനും ജയം വേണം. ഈ സീസണിൽ 13 മാച്ചിൽ 10 കളിയിലാണ് മുൻ ഇന്ത്യൻ നായകൻ ക്രീസിലെത്തിയത്. അതിൽ 8 മാച്ചിലും നോട്ടൗട്ടായി. 68 ശരാശരിയിൽ ബാറ്റുവീശിയ താരത്തിന്റെ ഉയർന്ന സ്‌കോർ 37 ആണ്. അവസാന ഓവറുകളിൽ ക്രീസിലെത്തി സിക്‌സറും ഫോറും പറത്തി കാണികൾക്ക് വിസ്മയം തീർത്ത് 17ാം സീസണും എംഎസ്ഡി അവിസ്മരണീയമാക്കിയിരുന്നു. 11 ഫോറും 12 സിക്‌സറുമാണ് അടിച്ചെടുത്തത്.