Cricket
Dhoni said he would pay for the surgery; A fan with a claim

എം.എസ് ധോണി ആരാധകനൊപ്പം

Cricket

'സർജറിക്കുള്ള ചെലവ് വഹിക്കാമെന്ന് ധോണി പറഞ്ഞു';അവകാശവാദവുമായി ആരാധകൻ

Sports Desk
|
29 May 2024 4:29 PM GMT

മോദി സ്‌റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ മത്സരത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകൻ ധോണിക്കരികിലേക്കെത്തിയത്.

ചെന്നൈ: ഐ.പി.എൽ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലിറങ്ങി മഹേന്ദ്രസിങ് ധോണിക്കരികിലേക്കെത്തിയ ആരാധകന്റെ വീഡിയോ വൈറലായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ചെന്നൈയുടെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് സംഭവം. പിച്ചിലേക്കോടിയെത്തിയ ആരാധകൻ മുൻ ചെന്നൈ നായകനെ ആശ്ലേഷിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ധോണിയുടെ കാലിൽവീണ് ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ ബലം പ്രയോഗിച്ചാണ് പുറത്തേക്ക് കൊണ്ടുപോയത്. ഐ.പി.എൽ സീസൺ അവസാനിച്ച ശേഷം അന്ന് ധോണിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകൻ. തന്റെ അസുഖ വിവരം തിരിച്ചറിഞ്ഞ മഹി ബായ്, ആവശ്യമായ ചെലവ് താൻ വഹിക്കാമെന്ന് വാഗ്ദാനം ചെയ്തതായി യുവാവ് അവകാശപ്പെട്ടു.

ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ തന്നോട് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളുണ്ടോയെന്ന് എം.എസ്.ഡി ചോദിക്കുകയായിരുന്നു. 'ഹൃദയത്തിൽ കൊണ്ടുനടക്കുന്ന താരത്തെ അടുത്തുകണ്ടതോടെ ഞാൻ എന്നെതന്നെ മറന്നു. ഇതിഹാസ താരത്തെ കാൽതൊട്ടു വണങ്ങി. ആ നിമിഷം ഞാൻ ഈറനണിഞ്ഞു'. എന്തുകൊണ്ടാണ് ഇങ്ങനെ ശ്വാസതടസമുണ്ടാകുന്നതെന്ന് ധോണി ചോദിച്ചു. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയതുകൊണ്ടാണെന്ന് മറുപടി പറഞ്ഞു. എന്റെ മൂക്കിന്റെ പ്രശ്‌നത്തെ കുറിച്ച് അദ്ദേഹം മനസിലാക്കി. 'നിങ്ങളുടെ ശസ്ത്രക്രിയയുടെ ചെലവ് ഞാൻ വഹിക്കാം. നിങ്ങൾക്കൊന്നും സംഭവിക്കാൻ പാടില്ല'-ഇതായിരുന്നു ധോണിയുടെ വാക്കുകളെന്ന് ആരാധകൻ വ്യക്തമാക്കി. മെയ് 10ന് നടന്ന മത്സരത്തിലെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇരുവരും എന്താണ് സംസാരിച്ചതെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല.

17ാം സീസണിലും ശ്രദ്ധേയ പ്രകടനമാണ് മുൻ ഇന്ത്യൻ നായകൻ പുറത്തെടുത്തത്. ധോണിയുടെ കളികാണാനായി ചെന്നൈക്ക് പുറത്തും വലിയ ആരാധക കൂട്ടമാണെത്തിയത്. അവരെ നിരാശരാക്കാതെ അവസാന ഓവറുകളിൽ ക്രീസിലിറങ്ങി സിക്‌സറുമായി പലമത്സരങ്ങളും താരം ഫിനിഷ് ചെയ്തു. അവസാന ഗ്രൂപ്പ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റാണ് ധോണിയും സംഘവും മടങ്ങിയത്.

Similar Posts