വമ്പോടെ റിയാന്‍ പരാഗ്; രാജസ്ഥാനെതിരെ ഡല്‍ഹിക്ക് 186 റണ്‍സ് വിജയലക്ഷ്യം
|45 പന്തിൽ ഏഴ് ബൗണ്ടറിയും ആറു സിക്‌സറും സഹിതം 84 റൺസുമായി പരാഗ് പുറത്താകാതെ നിന്നു.
ജയ്പൂർ: റിയാൻ പരാഗിന്റെ വിസ്‌ഫോടന ഇന്നിങ്‌സ് കരുത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് പടുത്തുയർത്തി രാജസ്ഥാൻ റോയൽസ്. സ്വന്തം തട്ടകമായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഒരുഘട്ടത്തിൽ 36-3 എന്ന നിലയിൽ തകർച്ച നേരിട്ട ടീം, ഡെത്ത് ഓവറിൽ വെടിക്കെട്ട് പ്രകടനം നടത്തിയാണ് മികച്ച ടോട്ടലിലേക്ക് മുന്നേറിയത്.
45 പന്തിൽ ഏഴ് ബൗണ്ടറിയും ആറു സിക്‌സറും സഹിതം 84 റൺസുമായി പരാഗ് പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കൻ അതിവേഗപേസർ ആന്റിച്ച് നോർക്യ എറിഞ്ഞ 20ാം ഓവറിൽ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 25 റൺസാണ് അടിച്ചെടുത്തത്. ഏഴ് പന്തിൽ 14 റൺസുമായി ഷിമ്രോൻ ഹെയ്റ്റ്‌മെയറും 12 പന്തിൽ 20 റൺസുമായി ധ്രുവ് ജേറേലും 19 പന്തിൽ 29 റൺസുമായി രവിചന്ദ്രൻ അശ്വിനും ഇന്നിങ്‌സിന് കരുത്തേകി. അഞ്ച് റൺസെടുത്ത യശസ്വി ജയ്‌സ്വാളിനെയാണ് ആദ്യം നഷ്ടമായത്. 15 റൺസെടുത്താണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഖലീൽ അഹമ്മദിന്റെ ഓവറിൽ ഋഷഭ് പന്തിന് ക്യാച്ച് നൽകി പുറത്തായി.
11 റൺസെടുത്ത ജോസ് ഭട്‌ലറും കൂടാരം കയറിയതോടെ ഒരുഘട്ടത്തിൽ ടീം വലിയ പ്രതിസന്ധിയാണ് നേരിട്ടത്. എന്നാൽ സർപ്രൈസ് നീക്കമായി രവിചന്ദ്രൻ അശ്വിന് സ്ഥാനകയറ്റം നൽകി അഞ്ചാം നമ്പറിൽ ഇറക്കി. 19 പന്തിൽ 29 റൺസ് നേടി താരം അവസരത്തിനൊത്തുയർന്നു. പിന്നീടെത്തിയ താരങ്ങളെല്ലാം മികച്ചുനിന്നതോടെ ആദ്യഘട്ടത്തിലെ റൺവരൾച്ചക്ക് പ്രായശ്ചിത്വം ചെയ്യാനുമായി.