ജഡേജയുടെ തന്ത്രം കൊള്ളാം, ത്രോ സഞ്ജുവിന്റേത് ആയിപോയി; ചെന്നൈ താരത്തിന്റെ നാടകീയ പുറത്താകൽ-വീഡിയോ
|ഔട്ട് വിധിച്ചതോടെ ഫീൽഡ് അമ്പയറോട് കയർത്താണ് ജഡ്ഡു കളം വിട്ടത്. ഈ ഐപിഎൽ സീസണിൽ ആദ്യമായാണ് ഒരുതാരം ഈവിധത്തിൽ പുറത്താകുന്നത്.
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ്- രാജസ്ഥാൻ റോയൽ മത്സരം. ആവേശ് ഖാൻ എറിഞ്ഞ നിർണായകമായ 16ാം ഓവർ. അഞ്ചാം പന്ത് രവീന്ദ്ര ജഡേജ ഓഫ്‌സൈഡിലേക്ക് കളിച്ചു. ഡബിളിനായി ഓടിയെങ്കിലും മറുവശത്തുള്ള ഋതുരാജ് ഗെയിക്‌വാദ് നോ പറഞ്ഞു. പിച്ചിന്റെ മധ്യത്തിൽ നിന്ന് തിരിഞ്ഞോടിയ ജഡേജയെ റണ്ണൗട്ടാക്കാനായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാൽ ജഡേജയുടെ ദേഹത്ത് തട്ടി റണ്ണൗട്ട് അവസരം നഷ്ടമായി. സഞ്ജു അപ്പീൽ ചെയ്തതോടെ തേർഡ് അമ്പയർ വിശദമായി പരിശോധിച്ചു. ജഡേജ ക്രീസിന് പുറത്താണെന്നും ഫീൽഡിങ് തടസപ്പെടുത്തിയാണ് ഓടിയതെന്നും വ്യക്തമായി. അഞ്ചു റൺസുമായി നാടകീയ പുറത്താകൽ. ഔട്ട് വിധിച്ചതോടെ ഫീൽഡ് അമ്പയറോട് കയർത്താണ് ജഡ്ഡു കളംവിട്ടത്. ഈ ഐപിഎൽ സീസണിൽ ആദ്യമായാണ് ഒരുതാരം ഈവിധത്തിൽ പുറത്താകുന്നത്. നേരത്തെ സൺറൈസേഴ്‌സ് ഹൈദരാബാദ്-ചെന്നൈ മത്സരത്തിലും ജഡേജ സമാനമായ രീതിയിൽ പിച്ചിലൂടെ ഓടിയിരുന്നു. അന്ന് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് അപ്പീൽ പിൻവലിക്കുകയാണെന്ന് അറിയിച്ചതിനാൽ ജഡേജ രക്ഷപ്പെടുകയായിരുന്നു.
Ravindra Jadeja given out obstructing the field.
— Mufaddal Vohra (@mufaddal_vohra) May 12, 2024
- 3rd time happened in IPL history. pic.twitter.com/lJNolzBc1L
രാജസ്ഥാനെതിരായ മത്സരത്തിൽ ചെന്നൈ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം ചെന്നൈ 18.2 ഓവറിൽ മറികടന്നു. ഗെയിക്‌വാദ് 41 പന്തിൽ 42 റൺസുമായി പുറത്താകാതെനിന്നു. ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രയും(18 പന്തിൽ 27), ഡാരൽ മിച്ചൽ(13 പന്തിൽ 22) എന്നിവരും മികച്ച പിന്തുണ നൽകി. രാജസ്ഥാനായി ആർ അശ്വിൻ രണ്ട് വിക്കറ്റുമായി തിളങ്ങി.
സ്വന്തംതട്ടകമായ ചെപ്പോക്കിൽ രാജസ്ഥാനെ ചെറിയ ടോട്ടലിൽ ചുരുട്ടികൂട്ടിയ ചെന്നൈക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. പവർപ്ലെയിൽ രചിനും ഗെയിക്‌വാദും ചേർന്ന് തകർത്തടിച്ചു. എന്നാൽ സ്‌കോർ 32ൽ നിൽക്കെ രചിൻ രവീന്ദ്ര ഔട്ടായെങ്കിലും പിന്നാലെയെത്തിയ ഡാരൻ മിച്ചലും സ്‌കോറിം ഉയർത്തി. അവസാന ഓവറുകളിൽ ഇംപാക്ട് പ്ലെയറായെത്തിയ സമീർ റസ്വി തുടരെ ബൗണ്ടറികൾ നേടി(8 പന്തിൽ 15) ചെന്നെയ്ക്ക് നിർണായക ജയമൊരുക്കി. ജയത്തോടെ 14 പോയന്റുമായി ചെന്നൈ മൂന്നാംസ്ഥാനത്തേക്കുയർന്നു. 16 പോയന്റുള്ള രാജസ്ഥാൻ രണ്ടാമത് തുടരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന് ഇനിയും കാത്തിരിക്കണം.